ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാമെര്‍ (Keir Starmer) ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനെതിരെ വിമര്‍ശനമുന്നയിച്ചത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒക്ടോബര്‍ അവസാനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു.
‘ഇംഗ്ലണ്ടിന്റെ ടീം ഫൈനലില്‍ എത്തിയാല്‍ പോലും ഞാന്‍ കളി കാണാന്‍ പോകില്ല, അത് തന്നെയായായിരിക്കും ലേബര്‍ പാര്‍ട്ടിയുടെയും നിലപാട്. കാരണം അവിടെ മനുഷ്യാവകാശ ലംഘനം അതിഭീകരമാണ്’.
താമസിയാതെ, ലേബര്‍ പാര്‍ട്ടിയുടെ കള്‍ച്ചര്‍ സെക്രട്ടറി ലൂസി പവല്‍ പ്രഖ്യാപിച്ചത്, ഒരു ലേബര്‍ പ്രതിനിധികളും ഖത്തറിലേക്ക് പോകുന്നില്ലെന്നാണ്. ‘തങ്ങളുടെ ലൈംഗികത ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു രാജ്യത്ത് ടൂര്‍ണമെന്റ് നടക്കുന്നത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്‍.ജി.ബി.ടി ആരാധകര്‍ക്ക് സഹിക്കേണ്ടിവരുന്നു.’ അവര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു ധാര്‍മിക നിലപാട് ലേബര്‍ പാര്‍ട്ടിക്ക് പൊതുവെ അന്യമാണ്. ഈയിടെ ഈജിപ്തില്‍ നടക്കുന്ന COP 27ല്‍ പങ്കെടുക്കേണ്ടതില്ല എന്ന പ്രധാനമന്ത്രി റിഷി സുനകിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച സ്റ്റാമര്‍ പറഞ്ഞത് ‘നേതൃത്വത്തിന്റെ സമ്പൂര്‍ണ പരാജയം’ എന്നായിരുന്നു.
പക്ഷേ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഖത്തറിനേക്കാള്‍ എത്രയോ മോശമാണ് ഈജിപ്തിലെ അവസ്ഥ.
ഈജിപ്തില്‍ ബ്രിട്ടീഷ് – ഈജിപ്ഷ്യന്‍ ഇരട്ട പൗരത്വമുള്ള, ആക്ടിവിസ്റ്റ് അലാ അബ്ദുല്‍ ഫത്താഹ് (Alaa Abd El- Fattah) ഉള്‍പ്പെടെ 60,000 രാഷ്ട്രീയത്തടവുകാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജയിലില്‍ വെച്ച് ഈയടുത്താണ് അദ്ദേഹത്തിന്റെ നിരാഹാരസമരം പിന്‍വലിച്ചത്. അദ്ദേഹത്തെപ്പോലെ നൂറുകണക്കിന് രാഷ്ട്രീയത്തടവുകാര്‍ വേറെയുമുണ്ട്.
ഈ അമ്പരപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തേക്കാള്‍ വലുതാണ് കാലാവസ്ഥാ വ്യതിയാനമെന്ന് സ്റ്റാമര്‍ കരുതുന്നുണ്ടോ? ഈജിപ്തിന്റെ കാര്യത്തില്‍ അദ്ദേഹം കാണിക്കുന്ന പ്രായോഗികത ഖത്തറിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ല. ഒരു കായിക മത്സരത്തിന്റെ കാര്യത്തില്‍ സ്റ്റാമര്‍ ഇത്ര കര്‍ശനമായി ഇടപെട്ടത് വളരെയികം കൗതുകകരമാണ്.
ഒരുപക്ഷേ അടുത്തതായി, അബുദാബിയില്‍ നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സിനെ കുറിച്ച്, ഈ ലേബര്‍ നേതാവ് പരാമര്‍ശിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ എണ്ണമറ്റ വിമതരെ തടവിലാക്കുകയും വ്യാപകമായി കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഖത്തറിനെ പോലെത്തന്നെ യു.എ.ഇയും സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമാക്കിയിട്ടുണ്ട്. പക്ഷേ സ്റ്റാമര്‍ ഇതുവരെ ഗ്രാന്റ് പ്രിക്‌സിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.
ഇനി ക്രിക്കറ്റിലേക്ക് വരാം, കഴിഞ്ഞ വാരാന്ത്യത്തില്‍ ആസ്‌ട്രേലിയയില്‍ നടന്ന 2022 ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് കപ്പടിച്ചപ്പോള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പ് ‘ലേബര്‍ പാര്‍ട്ടി ബഹിഷ്‌കരിക്കു’മെന്ന് പ്രഖ്യാപിക്കാന്‍ പറ്റിയ അവസരമായിരുന്നു സ്റ്റാമറിന്. കാരണം, ഇവിടെ നടന്ന മുസ്ലിം വംശഹത്യയെക്കുറിച്ച് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ത്യയിലെ ന്യൂനപക്ഷ പൗരന്‍മാരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണ് ഖത്തറിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ ജീവന്‍ എന്നാണോ സ്റ്റാമര്‍ കരുതുന്നത്? ഒരുപക്ഷേ, 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പ് ബഹിഷ്‌കരണം എന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാമോ ?
അപലപന കോലാഹലങ്ങള്‍
സെലക്ടീവായ ധാര്‍മിക രോഷപ്രകടനങ്ങള്‍ വരുന്നത് ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് മാത്രമൊന്നുമല്ല. മുഖ്യധാരാ മാധ്യമങ്ങളിലും സ്‌പോര്‍ട്‌സ് ലോകത്തും ഖത്തര്‍ ശക്തമായി ആക്രമിക്കപ്പെടുകയാണ്.
ലോകകപ്പിനായി ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള belN സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ കോച്ച് ഗാരി നെവില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായി. പഴയ ഇംഗ്ലീഷ് താരം ഗാരി ലിനേക്കര്‍ പറഞ്ഞത് ‘എനിക്കറിയാവുന്ന, രഹസ്യമായി സ്വവര്‍ഗാനുരാഗം പുലര്‍ത്തുന്ന ഏതെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ ലോകകപ്പ് സമയത്ത് പരസ്യ പ്രഖ്യാപനം നടത്തി ഖത്തറിന് ഒരു സന്ദേശം നല്‍കുന്നത് മഹത്തരമാവും” എന്നായിരുന്നു.
ഇംഗ്ലീഷ് ടീം ക്യാപ്റ്റനായ ഹാരി കെയ്ന്‍ പറഞ്ഞത് എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിനുള്ള പിന്തുണയുടെ ഭാഗമായി താന്‍ ‘OneLove’ മഴവില്‍ കളറോട് കൂടിയ ആം ബാന്‍ഡ് കയ്യില്‍ കെട്ടി കളത്തിലിറങ്ങുമെന്നാണ്.
ഈ ലോകകപ്പിന്റെ കവറേജുമായി ബന്ധപ്പെട്ട് വിചിത്രമായ ചില കാര്യങ്ങളുണ്ട്. ഖത്തറിനെതിരായി ഉന്നയിക്കപ്പെടാവുന്ന ഗൗരവപരമായ പല വിമര്‍ശനങ്ങളുമുണ്ട്. പക്ഷേ രാജ്യം നേരിടേണ്ടി വരുന്നത് അഭൂതപൂര്‍വമായ ഒരു ക്യാമ്പയിന്‍ ആണ്. അതാവട്ടെ കൂടുതലും അജ്ഞതയില്‍ നിന്നും വംശീയ ഭ്രാന്തില്‍ നിന്നും ഉടലെടുക്കുന്നതുമാണ്.
2018ല്‍ റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങിയപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വളരെ ചുരുക്കം വാര്‍ത്തകള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഇപ്പോള്‍ പക്ഷേ പകുതിയോളം വാര്‍ത്തകളെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ടതാണ്.
റഷ്യയുടെ ക്രിമിയന്‍ അധിനിവേശം, സിറിയയിലെ ബോംബിങ്, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെല്ലാം അന്ന് ലോകകപ്പുമായി ഒട്ടും ബന്ധപ്പെടുത്താതെ നല്‍കിയ വാര്‍ത്തകളായിരുന്നു. പക്ഷേ ഖത്തറുമായി ബന്ധപ്പെട്ട ഏകപക്ഷീയമായ വാര്‍ത്തകളില്‍ എല്ലാം ലോകകപ്പുമായി ബന്ധപ്പെടുത്തിയാണ്, രണ്ടും പരസ്പര ബന്ധമില്ലാത്തതാണെങ്കില്‍ കൂടി. തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളില്‍ നിലകൊള്ളുന്ന രണ്ട് തലങ്ങളിലേക്ക് ഈ സ്‌പോര്‍ട്‌സ് മേള ചുരുങ്ങിപ്പോയി എന്നതാണ് ഇതിന്റെ ഫലം.
ഒരു പൊതുബോധം പെട്ടെന്ന് തട്ടിക്കൂട്ടാനുള്ള മാര്‍ഗമാണ് എളുപ്പത്തില്‍ ഖത്തറിനെ ഒരു പരിഹാസ വര്‍ണനയിലൂടെ ചിത്രീകരിക്കുക എന്നത്. അമേരിക്കയിലും യൂറോപ്പിലുമുള്ള ഭൂരിപക്ഷം ആളുകള്‍ക്കും ഖത്തറിനെ കുറിച്ച് ഒന്നുമറിയില്ല. ലോകകപ്പുമായി ബന്ധപ്പെട്ട കവറേജുകള്‍ക്കപ്പുറം ആ രാജ്യത്തിന്റെ സംസ്‌കാരം, രാഷ്ട്രീയ സാഹചര്യം, ചരിത്രം, ജനങ്ങള്‍ എന്നിവയെ പറ്റിയൊന്നും അവര്‍ക്ക് വലിയ പിടിപാടില്ല.
ഓറിയന്റല്‍ സ്വേച്ചാധിപത്യ കഥകള്‍
ഖത്തര്‍ ആതിഥേയത്വത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ നിരവധി മുനിസിപ്പാലിറ്റികളാണ് വലിയ സ്‌ക്രീനില്‍ കളി പ്രദര്‍ശിപ്പിക്കുന്ന പതിവ് രീതിയില്‍ നിന്ന് പിന്തിരിയുന്നത്.
ഇതേ ഫ്രാന്‍സിലെ ‘ലേ കനാ’ ഈയടുത്താണ് ഖത്തര്‍ ഫുട്ബാള്‍ താരങ്ങളെ ഭീകരരായി ചിത്രീകരിക്കുന്ന വംശീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ‘ഭീകരമായ ബാര്‍ബേറിയന്‍ ചെയ്തികള്‍ നോക്കിക്കാണുന്ന ഖത്തറിനെ’ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ‘oriental despotism’ എന്ന പഴയ നോവലിനെ ഓര്‍മപ്പെടുത്തി.
2021ല്‍ ബ്രിട്ടീഷ് പത്രമായ ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തത് ലോകകപ്പ് ഖത്തറിന് നല്‍കിയ തീരുമാനത്തിന് ശേഷം ആകെ 6500 കുടിയേറ്റ തൊഴിലാളികള്‍ അവിടെ മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഈ മരണനിരക്കിന് ലോകകപ്പുമായി ബന്ധമുണ്ടെന്നതായിരുന്നു വാര്‍ത്തയുടെ ധ്വനി.
ഹമദ് ബിന്‍ ഖലീഫാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ മാര്‍ക് ഓവന്‍ ജോണ്‍സ് ഇതിന് പിന്നിലെ വസ്തുത വിശദീകരിക്കുന്നു,
‘ഈ 6500 എന്ന മരണസംഖ്യ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആകെ മരണപ്പെട്ട തൊഴിലാളികളുടെ കണക്കായിരുന്നു. കാരണം പറയാതെ തന്നെ. അതൊരു അമിത മരണനിരക്ക് അല്ല’.
ലോകകപ്പുമായി ബന്ധപ്പെട്ട മരണനിരക്ക് തര്‍ക്ക വിഷയമാണ്. സംഘാടകര്‍ പറയുന്നത് ജോലിയുമായി ബന്ധപ്പെട്ട് മൂന്ന് അപകടകങ്ങളും 37 മരണങ്ങളും മൊത്തമായി ഉണ്ടായെന്നാണ്. യു.എന്നിന്റെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) പറയുന്നത് 2020ല്‍ നിര്‍മാണ മേഖലയില്‍ 50 മരണങ്ങള്‍ ഉണ്ടായെന്നാണ്. മരണങ്ങള്‍ തരം തിരിച്ചതിന്റെ റിപ്പോര്‍ട്ട് ചില ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
‘ഗാര്‍ഡിയന്‍’ വാര്‍ത്ത ഇതിനകം ആയിരക്കണക്കിന് പേര്‍ ട്വീറ്റ് ചെയ്യുകയും 6500 എന്ന കണക്ക് യൂറോപ്പിലുടനീളമുള്ള പത്ര പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും ഫ്രാന്‍സില്‍, ഏറ്റുപിടിക്കുകയും ചെയ്തു. ഈ 6500 മരണങ്ങളും ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ എന്ന് ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. ബ്രിട്ടനിലെ ‘സ്‌കൈ ന്യൂസ്’ ഖത്തര്‍ വിദേശകാര്യ മന്ത്രിയോട് ഈ സംഖ്യയെ പറ്റി ചോദിച്ചു. സംഖ്യ തെറ്റാണെന്ന് അദ്ദേഹം മറുപടി നല്‍കി.
ഈയടുത്ത് ബയേണ്‍ മ്യൂണികും ബൊറൂസ്യാ ഡോട്മന്റും തമ്മിലുള്ള ഒരു മല്‍സരത്തിനിടയില്‍ ആരാധകര്‍ വീശിയ ഒരു കൊടിയിലെ വാചകം ഇതായിരുന്നു; ‘5760 മിനിട്ട് ഫുട്ബാളിനായി 15,000 മരണങ്ങള്‍ – നാണക്കേട്!’. ഇതിലെ 15,000 എന്ന സംഖ്യ ആംനസ്റ്റി റിപ്പോര്‍ട്ടില്‍ നിന്നാണ്. പക്ഷേ അത് 2010നും 2019നുമിടയില്‍ രാജ്യത്ത് മരിച്ച ഖത്തര്‍ സ്വദേശികളല്ലാത്ത മൊത്തം ആളുകളുടെ എണ്ണമാണ്. ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ലെന്ന് മാത്രമല്ല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗം പോലുമല്ല!
പരിഷ്‌കരണങ്ങള്‍
ഈ വിഷയം വളരെ ആഴത്തില്‍ പഠിച്ച വ്യക്തിയാണ് പൊളിറ്റിക്കല്‍ ജിയോഗ്രാഫര്‍ ആയ നാതലി കോക്. ‘ഖത്തര്‍ ഭരണകൂടം നേരിട്ട് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അപൂര്‍വമാണ്, പക്ഷേ ഖത്തറിലും അവരുടെ വീട്ടിലും തൊഴിലാളികളെ കരാറിലൂടെ നിയന്ത്രിക്കുന്ന ഇടനിലക്കാരായ നാട്ടിലെ പൗരന്‍മാര്‍ അങ്ങനെ ചെയ്യുന്നു,’ എന്നാണ് അവര്‍ പറയുന്നത്.
ഈയടുത്തായി പരിഷ്‌കരണ നടപടികള്‍ കാരണം കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ‘കഫാലാ’ എന്ന പേരിലറിയപ്പെടുന്ന സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥിതി പൊളിച്ചെഴുതുകയും തൊഴിലുടമയുടെ സമ്മതത്തിന്റെ ആവശ്യമില്ലാതെ തന്നെ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറാനുള്ള അവകാശം നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്. ഗവേഷകനായ കൃസ്റ്റല്‍ എന്നിസ് ‘മിഡില്‍ ഈസ്റ്റ് ഐ’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് ‘നിയമ വ്യവസ്ഥിതിയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സ്ഥിതിഗതികള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്’ എന്നാണ്.
പ്രധാന വിഷയങ്ങളില്‍ ഖത്തര്‍ ഇന്ന് അയല്‍ രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 2021ല്‍ വിവേചനം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു മിനിമം കൂലി വ്യവസ്ഥ നിലവില്‍ വന്നു. ആ വര്‍ഷം അവസാനത്തോടെ 165 മില്യണ്‍ ഡോളര്‍ 36,000 തൊഴിലാളികള്‍ക്കായി കിട്ടിയതായി വാര്‍ത്ത വന്നു.
ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഖത്തര്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പരിഷ്‌കരണ നടപടികള്‍ കാരണം തൊഴിലാളികളുടെ തൊഴിലിടങ്ങളും താമസ സൗകര്യങ്ങളും മെച്ചപ്പെട്ടത് എടുത്ത് പറയുന്നുണ്ട്. പക്ഷേ അതേ റിപ്പോര്‍ട്ട് തന്നെ ഈ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കുന്നതിന് ഇനിയും കനത്ത വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് പറയുന്നുണ്ട്. ദയനീയ ജീവിത സാഹചര്യവും കൊടിയ പീഡനവും ഒരുപാട് തൊഴിലാളികളുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യമായി തുടരുന്നു എന്നതാണ് സത്യം.
എന്നിസ് ചൂണ്ടിക്കാണിക്കുന്ന കൂടുതല്‍ ഗൗരവതരമായ പ്രശ്‌നം ആഗോള തൊഴില്‍ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണമാണ്.
ഗള്‍ഫ് മേഖലയില്‍ മാത്രമല്ല, ചില യൂറോപ്യന്‍ രാജ്യങ്ങളിലും വളരെ ഗൗരവമായ രീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ മുഖ്യധാരാ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഈ വാര്‍ത്തകള്‍ ഇടം പിടിക്കുന്നില്ലെന്ന് മാത്രം.
സുരക്ഷിതവും വ്യവസ്ഥാപിതവുമായ ഒരു കുടിയേറ്റത്തിനായി ആഗോള തലത്തില്‍ തന്നെ ശ്രമങ്ങള്‍ അനിവാര്യമാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര തലത്തില്‍ ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളെ തള്ളിക്കളയുകയാണ്. അങ്ങനെ ചെയ്യുന്നത് ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാവില്ലെന്ന കാരണം കൊണ്ട്.
ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായൊരു കാര്യം കൂടിയുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കായി 440 മില്യന്‍ ഡോളറിന്റെ ഫണ്ട് വകയിരുത്താനുള്ള കൂടുതല്‍ പ്രായോഗികവും എന്നാല്‍ അത്രതന്നെ വൈകാരികം അല്ലാത്തതുമായ നീക്കത്തെ വെറും ഏഴ് ഫുട്‌ബോള്‍ ഫെഡറേഷനുകളാണ് പിന്തുണച്ചത്.
എല്‍.ജി.ബി.ടി.ക്യു പ്ലസ് അവകാശങ്ങള്‍
തീര്‍ച്ചയായും ബ്രിട്ടീഷ്, ഖത്തര്‍ പൊതുബോധങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള വ്യത്യാസങ്ങളുണ്ട്. അതിലേറ്റവും പ്രാധാന്യമുള്ളത് എല്‍.ജി.ബി.ടി.ക്യു പ്ലസ് അവകാശങ്ങള്‍ തന്നെയായിരിക്കും.
ഒരു സര്‍വേ പ്രകാരം ബ്രിട്ടനിലെ 62 ശതമാനം ആളുകളും പറയുന്നത് ഈയൊരൊറ്റ കാര്യം കൊണ്ട് തന്നെ ഖത്തറിന് ലോകകപ്പ് നല്‍കാന്‍ പാടില്ലായിരുന്നു എന്നാണ്.
ഖത്തറില്‍ സ്വവര്‍ഗാനുരാഗികളെ അകാരണമായി തടവിലിട്ട് പീഡിപ്പിക്കുന്ന ഭീകര സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും വലിയ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്. ഈയടുത്ത് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘നിഷ്ഠൂരവും ആവര്‍ത്തിക്കപ്പെട്ടതുമായ മര്‍ദനമുള്‍പ്പെടുന്ന ആറ് കേസുകളും ലൈംഗിക പീഡനത്തിന്റെ അഞ്ച് കേസുകളും’ 2019- 22 കാലയളവില്‍ നടന്നതായി പറയുന്നുണ്ട്, ഖത്തര്‍ അധികൃതര്‍ പിന്നീടത് നിഷേധിച്ചെങ്കിലും.
പക്ഷേ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കപ്പെട്ട ഖത്തര്‍ നിലപാട് അത്ര അസാധാരണമായതൊന്നും അല്ല. ഭൂരിപക്ഷം കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാണ്. ആ രാജ്യങ്ങളില്‍ പലതും ഇസ്‌ലാമിക രാജ്യങ്ങള്‍ പോലുമല്ല, ക്രിസ്ത്യന്‍ രാജ്യങ്ങളാണ്.
ഇതൊരു സുപ്രധാന ചോദ്യം ഉയര്‍ത്തുന്നുണ്ട്. സെന്റ് ലൂസിയ, സിംഗപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തുന്നതും അവിടേക്ക് യാത്ര ചെയ്യുന്നതുമെല്ലാം സ്വീകാര്യമാണോ? എന്തുകൊണ്ട് (ഇതില്‍) ഖത്തര്‍ മാത്രം പ്രശ്‌നമാവുന്നു ?
ഇതൊരു യൂറോപ്പ് v/s മറ്റുള്ളവര്‍ എന്ന രീതിയില്‍ കാണുന്നതും ശരിയല്ല. പോളണ്ടില്‍ ഏകദേശം നൂറോളം നഗരങ്ങളും മേഖലകളും ‘എല്‍.ജി.ബി.ടി ആശയ വിമുക്ത’ മേഖലകളായി സ്വയം പ്രഖ്യാപിച്ചവയാണ്. ഇറ്റലിയില്‍ ഈയടുത്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ ശക്തമായി തന്നെ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നു. മാത്രമല്ല അവരുടെ പ്രസിഡന്റ് തന്നെ ‘എല്‍.ജി.ബി.ടി ലോബിക്ക്’ എതിരായി നിരന്തരം പറയുന്ന ആളാണ്.
ഖത്തറില്‍ ലൈംഗികത വിലയിരുത്തപ്പെടുന്നത് സ്വത്വത്തിലുപരിയായി പ്രവര്‍ത്തികളിലൂടെയാണ്. ഖത്തര്‍ നിയമമനുസരിച്ച് വിവാഹേതര ലൈംഗിക ബന്ധങ്ങളും ഗുദഭോഗവും കുറ്റകൃത്യങ്ങളാണ്, അത് ആണും പെണ്ണും തമ്മിലായാലും ഒരേ ലിംഗത്തില്‍ പെട്ടവരായാലും അങ്ങനെ തന്നെ. കൃത്യമായി നിര്‍വചിക്കപ്പെടാത്ത ‘അധാര്‍മിക പ്രവര്‍ത്തികളും’ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്.
അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പതിവായി പുറത്തിറക്കാറുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ഈയവസരത്തില്‍ പ്രസക്തമാണ്. 2021ലെ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളിലൊന്നും സ്വവര്‍ഗ ലൈംഗികതയുടെ പേരില്‍ കൃത്യമായി ശിക്ഷിക്കപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കുന്നില്ല. പക്ഷേ ഖത്തറിലെ എല്‍.ജി.ബി.ടി.ക്യു പ്ലസ് സമൂഹത്തിന് തങ്ങളുടെ സ്വത്വം പരസ്യമായി വെളുപ്പെടുത്താന്‍ പറ്റിയ സാഹചര്യമില്ലാത്തതിനാല്‍ ഈ റിപ്പോര്‍ട്ടുകളുടെ പരിമിതികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഖത്തറിന്റെ ഈ വിഷയത്തിലെ നിലപാടുകള്‍ ഒരു യാഥാസ്ഥിക സമൂഹത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രമാണ്. പൊതുഇടങ്ങളില്‍ സ്വവര്‍ഗാനുരാഗം പ്രകടമാക്കുന്നത് വിലക്കപ്പെട്ടതാണ്. പൊതുഇടങ്ങളിലെ അനുരാഗ പ്രകടനങ്ങള്‍, അത് ആണും പെണ്ണും തമ്മിലായാല്‍ പോലും, അറസ്റ്റിന് കാരണമായേക്കാം. പക്ഷേ കൈകള്‍ ചേര്‍ത്ത് പിടിക്കുന്നതില്‍ ആര്‍ക്കും വിലക്കില്ല.
എല്‍.ജി.ബി.ടി.ക്യു പ്ലസ് സമൂഹത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അവര്‍ തങ്ങളുടെ സംസ്‌കാരം ബഹുമാനിക്കേണ്ടതുണ്ടെന്നും ഖത്തര്‍ അമീര്‍ പറഞ്ഞത് ഈയടുത്താണ്.
സങ്കീര്‍ണ തലങ്ങള്‍
ഈ ചര്‍ച്ചകളില്‍ ഒരു കാര്യം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. എല്‍.ജി.ബി.ടി.ക്യു പ്ലസ് സ്വത്വങ്ങളെ അംഗീകരിക്കുന്നതില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ സമീപനം ഒരിക്കലും മാതൃകാപരമായിരുന്നില്ല. ഈ വര്‍ഷം മെയ് മാസത്തിലാണ് ബ്രിട്ടീഷ് ഫുട്ബാളര്‍ ജാക് ഡാനിയല്‍സ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ആദ്യ സംഭവമായിരുന്നു അത്.
ഒരു രാജ്യവും വിമര്‍ശനത്തിന് അതീതരല്ല എന്നത് സത്യം. ഒരു വമ്പന്‍ സ്‌പോര്‍ട്‌സ് മാമാങ്കത്തിന് അരങ്ങൊരുക്കുന്ന രാജ്യത്തെ മനുഷ്യാവകാശ നിലവാരം കൂലങ്കഷമായി വിലയിരുത്തപ്പെടുന്നത് തീര്‍ത്തും സ്വാഭാവികവുമാണ്.
പക്ഷേ പാശ്ചാത്യരുടെ ഓറിയന്റല്‍ കണ്ണടവെച്ച് ഖത്തറിനെ പ്രാകൃത ബാര്‍ബേറിയന്‍ ചെയ്തികളുടെ ഈറ്റില്ലമായി വിലയിരുത്തുന്ന സാരോപദേശങ്ങളും ധാര്‍മിക വമ്പത്തരങ്ങളും അസംബന്ധമാണ്.
ഖത്തര്‍ അതിന്റെ ബാല്യം പിന്നിടാത്ത ഒരു പുതിയ രാജ്യമാണ്, 1971ല്‍ മാത്രം സ്ഥാപിതമായ രാജ്യം. പക്ഷേ അല്‍ഭുതകരമായ വളര്‍ച്ചക്ക് സാക്ഷിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തിലാദ്യമായി രാജ്യത്തെ ‘ശൂറാ’ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
ഖത്തര്‍ വളരെ വേഗം മാറുകയാണ്, ആ മാറ്റത്തിന് പിന്നിലെ വലിയൊരു കാരണം കൂടിയാണ് ഈ ഫുട്‌ബോള്‍ മാമാങ്കം.
ലോകത്തിന് ഖത്തറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനുള്ള ഒരവസരം ആവേണ്ടതായിരുന്നു ഈ ലോകകപ്പ്. നിര്‍ഭാഗ്യവശാല്‍ നേര്‍ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഒരു ധാര്‍മിക നിലപാട് എല്ലാ കാര്യത്തിലും പ്രസക്തമാണ്. പക്ഷേ എപ്പോഴും അത് ഇരു ദിശയിലേക്കും ആയിരിക്കണം. അതിലപ്പുറം, മറുപക്ഷത്തെ കാര്യങ്ങള്‍ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി ഉള്‍ക്കൊള്ളാനുള്ള ആത്മാര്‍ത്ഥ ശ്രമത്തോട് കൂടിയായിരിക്കുകയും വേണം.
Content Highlight: Article about baseless and racist criticism against Qatar simply because it hosts world cup