| Saturday, 14th April 2018, 5:13 pm

അംബേദ്കര്‍ തിരിച്ചുവരുന്നു

റെജി ദേവ്

മറ്റൊരു അംബേദ്കര്‍ ജയന്തി കൂടെ ഇന്ന് “പുനരവതരിക്കുകയാണ്”. ഇത്രയും നാള്‍ ഇടതുപക്ഷവും വലതുപക്ഷവും നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് പക്ഷവും സ്ഥിരമായി നടത്തി വന്ന ഭരണകൂട-രാഷ്ട്രീയ സ്‌പോണ്‍സേര്‍ഡ് നിവേദ്യമര്‍പ്പിക്കല്‍, ഹാരം ചാര്‍ത്തല്‍, പാര്‍ക്കിനു പേരിടല്‍, ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ക്കുമപ്പുറം ഈ സമൂഹത്തില്‍ അംബേദ്കര്‍ എന്ന ബുദ്ധിരാക്ഷസന്റെ, നിയമജ്ഞന്റെ, രാഷ്ട്രീയ നേതാവിന്റെ, സാമൂഹിക ചിന്തകന്റെ സ്ഥാനം നാം ഏവരും തിരിച്ചറിഞ്ഞു തുടങ്ങിയത് കൊണ്ട് തന്നെയാണ് “പുനരവതരണം “എന്ന് പറയേണ്ടി വരുന്നത്.

ഹൈന്ദവ ഫാഷിസത്തിന്റെ പേടിസ്വപ്നം എന്ന് പ്രസംഗിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങളും സമൂഹങ്ങളും പിടിവള്ളിയില്ലാതെ വട്ടം കറങ്ങുമ്പോള്‍, മരണത്തെപോലും ഭയക്കാതെ അതിനെ പ്രത്യയശാസ്ത്രപരമായി തന്നെ നേരിടാന്‍ ഒരു ജനതയ്ക്കു മുഴുവന്‍ കരുത്തേകുന്ന വ്യക്തിയെ ഇത്രയും നാള്‍ നമ്മുടെ വായനയുടെയും അറിവിന്റെയും സാമൂഹിക -രാഷ്ട്രീയ ചര്‍ച്ചകളുടെയും പിന്നാമ്പുറത്തേക്കു മാറ്റി നിര്‍ത്തിയതില്‍ കവിഞ്ഞ ശിക്ഷയൊന്നും നാം സ്വയം നല്കാനില്ല.

ഞങ്ങളുടെ അംബേദ്കറിനെ ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് പലവശത്തു നിന്ന് ഇതുവരെ കേള്‍ക്കാത്ത കൂട്ട കരച്ചിലുകള്‍ ഉയരുമ്പോള്‍, ലാല്‍സലാമിനോടൊപ്പം അപ്രതീക്ഷിതമായ ഉള്‍വിളികളാല്‍ നീല്‍സലാം ചേര്‍ക്കപെടുമ്പോള്‍ ഇത്രയും നാള്‍ ആ വ്യക്തിയെ സ്വന്തം കുടുംബങ്ങളിലും സമൂഹത്തിലും, എഴുത്തിലൂടെയും പാട്ടുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും, എല്ലാ അവഗണനകളും ആക്ഷേപങ്ങളും ഹിംസകളും സഹിച്ചു നിലനിര്‍ത്തിയ ഒരു ജനവിഭാഗത്തേയും അവരുടെ സാമൂഹിക വീക്ഷണങ്ങളെയും ഉള്‍കൊള്ളിച്ചു കൊണ്ട് മാത്രമേ ഒരു സമൂഹമായി നമുക്ക് മുന്നേറാന്‍ കഴിയൂ.

ഹൈന്ദവ തീവ്രവാദവും ഹിന്ദുത്വ അജണ്ടയും അതിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ചു നമ്മെ വളഞ്ഞിട്ടാക്രമിക്കുമ്പോഴെങ്കിലും “ദളിതന്റെ ” ദൈവം എന്ന് മുദ്രകുത്തി അകറ്റി നിര്‍ത്തിയ വ്യക്തിയുടെ മാഹാത്മ്യം നിങ്ങള്‍ തിരിച്ചറിയണം. വളരെയേറെ വായനാശീലമുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ വലിയൊരു ശതമാനം പോലും അംബേദ്കര്‍ എന്ന സാമൂഹിക ചിന്തകനെ വായിച്ചിട്ടില്ല എന്നത് തന്നെ നമ്മുടെ അറിവിന്റെ നിര്‍മിതിയിലും വ്യാപനത്തിലും ബ്രാഹ്മണ്യം എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന് തെളിവാണ്. ഭാരതീയന്റെ ശീലങ്ങളിലൊളിച്ചിരിക്കുന്ന ജാതി എത്രമാത്രം ഹിംസാത്മകം ആകാമെന്നുള്ളതിന്റെ മറ്റൊരു ഉദാഹരണമാണ്.

കുഞ്ഞുനാളില്‍ സാമൂഹ്യപാഠത്തിലെ അധ്യായങ്ങളില്‍ ഭരണഘടനാശില്പി എന്ന ഒറ്റ വാക്യത്തില്‍ ഒതുങ്ങി കൂടിയതിനു പിന്നില്‍, ഇന്നും അങ്ങനെ തന്നെ തുടരുന്നതിനു പിന്നില്‍, രാജ്യം കണ്ട ഏറ്റവും വലിയ ബൗദ്ധിക വഞ്ചനയും അറിവിന്റെ നിര്‍മിതിയിലെ കുടിലത നിറഞ്ഞ കൈ കടത്തലുമാണ്. വേദങ്ങളില്‍ സോഷ്യലിസം ഉണ്ടെന്നു പറഞ്ഞ ഡാങ്കെയും സാമൂഹിക നീതിക്കെതിരെ പൗരുഷമായ നിലപാടെടുത്ത ബാല ഗംഗാധര തിലകനും ബിര്‍ളയുടെ വസതിയില്‍ താമസിച്ചു, മലം വാരുന്ന ജാതിക്കാര്‍ പലതരം മലത്തെ കുറിച്ച് അറിയണമെന്ന് പറഞ്ഞ ഗാന്ധിയും നമുക്ക് മഹാത്മാക്കളും ആദര്‍ശ ധീരരുമാകുമ്പോഴാണ് ഈ അനീതി അറിവിന്റെ ലോകത്തു നടപ്പിലാക്കപ്പെട്ടത്. ഇത്രയും നാള്‍ തുടര്‍ന്നു വന്നത്.

ഒരിക്കലും പുഞ്ചിരിക്കാത്ത വിദ്യാര്‍ത്ഥിയെ ചിരിപ്പിക്കാനായി തന്റെ കഷണ്ടി ചീകിയ നെഹ്രുവിന്റെ നര്‍മവും സിഗരറ്റ്‌വലി നിര്‍ത്താനായി ഒരു കെട്ടു സിഗരറ്റോടു കൂടെ മുറിയിലടയ്ക്കപ്പെട്ട ഗാന്ധിയും കുഞ്ഞുനാള്‍ മുതലേ നമ്മുടെ തലച്ചോറിലെ ഓര്‍മ്മകളാകുമ്പോള്‍ ഭാരതം കണ്ട ഏറ്റവും വലിയ സാമൂഹിക ചിന്തകന്റെ ജീവിതവും പ്രസിദ്ധീകരണങ്ങളും എന്തുകൊണ്ട് നമ്മുടെ പുസ്തകങ്ങളിലോ ഗ്രന്ഥശാലകളിലോ എത്തിയില്ല എന്നതിന്റെ ഉത്തരം ചെന്നെത്തുന്നതും ഒരു മതത്തില്‍ നിന്നുത്ഭവിച്ചു അന്യനാടുകളില്‍ നിന്നെത്തിയ മതങ്ങളില്‍പോലും അലിഞ്ഞു ചേര്‍ന്ന, ഈ രാജ്യത്തെ മുഴുവന്‍ ഇന്ന് ഇരുട്ടിലും ഭീതിയിലുമാഴ്ത്തുന്ന ബ്രഹ്മണ്യത്തിലാണ്.

അംബേദ്കര്‍ കോണ്‍സ്റ്റിട്യുന്റ്റ് അസംബ്ലിയില്‍ എത്തിയ ഒരു ഉദാഹരണം മാത്രം മതി എന്തുകൊണ്ട് ഇന്ത്യന്‍ ബ്രാഹ്മണിസവും അതുത്പാദിച്ച അറിവുകളും, പ്രത്യയശാസ്ത്രങ്ങളും അംബേദ്കറെ എത്രകണ്ട് ഭയക്കുന്നു എന്ന് മനസ്സിലാക്കാന്‍. മുംബൈയില്‍ കോണ്‍ഗ്രസ് സര്‍വ്വശക്തിയുമുപയോഗിച്ചു പരാജയപ്പെടുത്തിയ അംബേദ്കറിനെ അസംബ്ലിയിലെത്താന്‍ സഹായിച്ചത് ബംഗാളിലെ തന്റെ സീറ്റ് ദാനമായി നല്‍കിയ ജോഗിന്ദ്രനാഥ് മണ്ഡലാണ്. അങ്ങനെ നിയമപരമായി അസംബ്ലിയിലെത്തിയ അംബേദ്കറിന് നേരിടേണ്ടി വന്ന ദുരനുഭവം മഹാത്മാക്കളുടേതെന്നു നാം കരുതുന്നവരുടെ മുഖം മൂടി വലിച്ചു കീറുന്നതാണ്.

ബംഗാള്‍ വിഭജന സമയത് 50 ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള പ്രദേശങ്ങള്‍ പാകിസ്താനോട് ചേര്‍ക്കപ്പെടണം എന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ അല്ലാതിരുന്നിട്ടും, കൃത്യമായി പറഞ്ഞാല്‍ 52 ശതമാനം ഹിന്ദു ജനസംഖ്യയുണ്ടായിരുന്നിട്ടും പാകിസ്ഥാന് നല്‍കപ്പെട്ട ഒരേയൊരു പ്രവിശ്യ അംബേദ്കര്‍ പ്രതിനിധീകരിച്ച ആ പ്രദേശമായിരുന്നു. അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഈ ചെയ്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹാത്മാക്കളുടെയും രാഷ്ട്രീയ നയതന്ത്രജ്ഞരുടെയും കോണ്‍ഗ്രസ് ആണെന്ന് അറിയുമ്പോഴാണ് ആ മനുഷ്യനെ ബ്രാഹ്മണ്യ ശക്തികള്‍ എത്രമാത്രം ഭയന്നിരുന്നു എന്ന് മനസ്സിലാവുക.

ഏപ്രില്‍ 14 നു ഫോട്ടോകളിലും പ്രതിമകളിലും പുഷ്പാര്‍ച്ചന നടത്തിയതുകൊണ്ടോ അംബേദ്കറിന്റെ പേരില്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യപിക്കുന്നത് കൊണ്ടോ അദ്ദേഹം മുന്നോട്ടു വെച്ച പ്രത്യയ ശാസ്ത്രത്തിനോ, ഈ സമൂഹത്തിനു അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനോ ഒരു ഗുണവും തങ്ങള്‍ ചെയ്യുന്നില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇടതും വലതും ഖദറും അവ ചെയ്തു കൊണ്ടിരുന്നത്.

വ്യക്തികേന്ദ്രീകൃത യൂറോപ്യന്‍ സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി സമുദായകേന്ദ്രീകൃതമായ ഭാരത സമൂഹത്തില്‍ വ്യത്യസ്ത സമൂഹങ്ങളുടെ പ്രതിനിധാനമാകണം ജനാധിപത്യത്തിന്റെ കാതലെന്നു പറഞ്ഞ, ഗ്രാമങ്ങളിലാണ് ഇന്ത്യ വസിക്കുന്നതെന്ന് പറഞ്ഞ ഗാന്ധിയെ, അജ്ഞതയുടെയും ജാതീയതയുടെയും ചെളിക്കുണ്ടുകളാണ് ഇന്ത്യന്‍ ഗ്രാമങ്ങളെന്നും അവയെ പരിഷ്‌കരിക്കാതെ, അതിലൂടെയുള്ള സാമൂഹികമായ പുരോഗമനം സാധ്യമാകാതെ ഇന്ത്യക്കു ഉയരാന്‍ കഴിയില്ലെന്നും ദശകങ്ങള്‍ക്ക് മുന്നേ പറഞ്ഞ, ഖണ്ഡിച്ച ദീര്‍ഘദര്‍ശിയാണ് അംബേദ്കര്‍.

സതിക്കെതിരെ പൊരുതിയ രാജാ റാം മോഹന്‍ റോയ് നമുക്ക് മഹാത്മാവായപ്പോള്‍, സതി, ബാലവിവാഹം, വൈധവ്യം തുടങ്ങിയവയ്ക്ക് ജാതികളുടെ ഉത്ഭവവുമായുള്ള ബന്ധവും ജാതികളുടെ നിലനില്‍പ്പ് സ്ത്രീകളുടെ ചുമലിലേറിയാണെന്നുമുള്ള അംബേദ്കറുടെ പ്രബന്ധം ഇന്നും ഇന്നാട്ടിലെ ഭൂരിപക്ഷത്തിനു അജ്ഞമാണ്. സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ക്കിടയ്ക്കാണ് പാര്‍ക്കുകളും സ്റ്റേഡിയങ്ങളും ഉള്ളത് കൊണ്ട് മാത്രം ഓര്‍മിക്കപ്പെടുന്ന ഒരു നേതാവാണ് അംബേദ്കര്‍ എന്ന പൊള്ളുന്ന യാഥാര്‍ഥ്യം എനിക്ക് മനസ്സിലാകുന്നത്.

ഹൈന്ദവ ഫാസിസത്തിനെതിരെ ഒരു ജനത രണ്ടും കല്പിച്ചു പോരാട്ടത്തിനിറങ്ങുമ്പോള്‍, ആ പോരാട്ടം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ജനാതിപത്യ രാജ്യത്തിലെ സകല ജനാതിപത്യ വിശ്വാസികളുടേതു കൂടിയാകുമ്പോള്‍ അവര്‍ക്കു കരുത്തു പകരുന്ന അംബേദ്കറുടെ നിരീക്ഷണങ്ങള്‍ നാമേവരുടേതുമാണെന്നും, അതിനാല്‍ തന്നെ ഹൈന്ദവ തീവ്രവാദത്തിനെതിരെ അംബേദ്കര്‍ നമ്മുടെയെല്ലാം ആയുധമാണെന്നും നാം തിരിച്ചറിയണം. സംവരണ വിരുദ്ധതയും ഹിന്ദി വാദവും ഗോമാതാപൂജയും സസ്യാഹാരശൈലി വ്യാപനവുമെല്ലാം ഒരേ വൃക്ഷത്തിന്റെ വിവിധ ശാഖകളാണെന്നും, ഇടതിലും വലതിലും ഖദറിലുമെല്ലാം ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവരുണ്ടെന്നുമുള്ള യാഥാര്‍ഥ്യവും ഈ രാജ്യത്തെ എല്ലാ ജനാതിപത്യ വിശ്വാസികളും തിരിച്ചറിയേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.

രാഷ്ട്രീയ പ്രബുദ്ധതയില്‍ ഊറ്റം കൊണ്ടിരുന്ന കേരളത്തിലെ ഇടതു പ്രത്യയശാസ്ത്രങ്ങളില്‍ പോലും അലിഞ്ഞു ചേരാന്‍ കഴിവുള്ള ഒരു കാന്‍സറാണ് ബ്രാഹ്മണ്യം. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ പോലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലും സാമ്പത്തിക സംവരണ വാദങ്ങളിലും രക്ഷ കണ്ടെത്തുന്നത് നാം എങ്ങോട്ടേക്കാണെന്നു തുറന്നു കാണിക്കുന്നുണ്ട്. അംബേദ്കര്‍ എന്നത് ഒരു ജനതയുടെ മാത്രം നേതാവല്ല. നാമെല്ലാവരുടെയും നേതാവും, പ്രത്യയ ശാസ്ത്രഗുരുവുമാകാന്‍ നെഹ്രുവിനേക്കാളും ഗാന്ധിയെക്കാളും എന്തുകൊണ്ടും യോഗ്യതയുമുള്ള വ്യക്തിത്വമാണ് അംബേദ്കറെന്നും ഹൈന്ദവ ഫാഷിസത്തിനെതിരെ മറ്റെല്ലാ പ്രത്യയ ശാസ്ത്രങ്ങളും നോക്കുകുത്തികളാകുമ്പോള്‍ നിവര്‍ന്നു നിന്ന് പോരാടുന്ന ഒരു ജനത നമ്മെ പഠിപ്പിക്കുകയാണ്.

ഇന്നിന്റെ അംബ്ദേക്കര്‍ രാഷ്ട്രീയവും, രോഹിത് വെമുല മുതല്‍ പോളിറ്റ് ബ്യുറോയിലെ ദളിത് അസാന്നിധ്യം വരെ ഒരുപാടു കാര്യങ്ങള്‍ അംബേദ്കറോട് കൂടെ ചേര്‍ത്ത് വായിക്കേണ്ടവയാണ്. പക്ഷെ, ഇത് എഴുതുന്നത്‌
, അവയ്‌ക്കെല്ലാം മുന്നേ അംബേദ്കര്‍ എന്ന മഹദ് വ്യക്തിത്വം ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക ചിന്തകരില്‍ ഒരാളായിരുന്നുവെന്നും ശ്രേണീകൃത അസമത്വം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് അദ്ദേഹം നിര്‍ദ്ദേശിച്ച ശുദ്ധീകരണ നടപടികള്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നുമുള്ള ബോധ്യമാണ് നാമോരോരുത്തര്‍ക്കും വേണ്ടതെന്നും, അതിലേക്കുള്ള ഏറ്റവും മികച്ച തുടക്കം അംബേദ്കര്‍ വായനയാണെന്നുമുള്ള വ്യക്തിപരമായ നിര്‍ദേശം വിശദീകരിക്കുവാനാണ്.

നമ്മുടെ സഹകരണ സ്വകാര്യ ഗ്രന്ഥശാലകളിലും, വീടുകളിലും അംബേദ്കറുടെ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും തന്നെയാണ് നമ്മുടെ നാടിന്റെ സാമൂഹിക പുരോഗതിയ്ക്കും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും കൈത്താങ്ങാവുക. അതിലേക്കു വേണ്ടിയുള്ള അതിന്റെ പ്രാധാന്യമറിഞ്ഞുള്ള ശ്രമങ്ങളാകട്ടെ നമ്മുടെ രാജ്യത്തെ ഈ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും രക്ഷിച്ചെടുക്കുവാനുള്ള തിരിച്ചറിവുകളില്‍ നീക്കുപോക്കുകളില്‍ ആദ്യത്തേത്. അംബേദ്കറുടെ ദര്‍ശനങ്ങളിലൂന്നിയുള്ള സാമൂഹിക വിപ്ലവമാകട്ടെ നമ്മുടെ പുരോഗതിയുടെ ഏറ്റവും പ്രാധാന്യമേറിയ ഏട്.

ജയ് ഭീം

റെജി ദേവ്

We use cookies to give you the best possible experience. Learn more