| Friday, 25th August 2017, 11:15 am

മതവിവേചനത്തിന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് ആര്‍.എസ്.എസിന്റെ ഭീഷണിക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: മതവിവേചനങ്ങള്‍ക്ക് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസിന് ഇന്ത്യയിലെ ആര്‍.എസ്.എസ് അനുകൂല സംഘടനയുടെ കത്ത്.

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതവിവേചനം കാണിക്കുന്നെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നെന്നും ആരോപിച്ചാണ് ആര്‍.എസ്.എസിന്റെ അനുകൂല നിയമ സംഘടനയുടെ കത്ത്.

ക്രിസ്ത്യന്‍ സമുദായം ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചില്ലെങ്കില്‍ ഇന്ത്യ നിയമനടപടിയെടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഇന്ത്യന്‍ നേതൃത്വത്തിനെതിരെ നിയമനടപടിയെടുക്കുമെന്നാണ് കത്തിലെ ഭീഷണി.

മേഘാലയയിലെ ആര്‍.എസ്.എസ് പ്രചാരകായ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍ റൈറ്റ്‌സ് ഒപ്‌സര്‍വേറ്ററിയാണ് പോപ്പിന് കത്തയച്ചിരിക്കുന്നത്.


Also Read:റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നതിനു മുമ്പേ പുതിയ 50 രൂപ നോട്ട് മുംബൈക്കാരന്റെ കയ്യില്‍


“മേഘാലയിലെ കത്തോലിക്കരുടെ ജനാധിപത്യപരവും ഹിംസാത്മകവുമായ സമീപനങ്ങളെ അപലപിക്കുകയും ഇതില്‍ എത്രയും പെട്ടെന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് പോപ്പിനോട് ഈ കത്തിലൂടെ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി ആവശ്യപ്പെടുന്നു.” എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

“കത്തോലിക്കാ സമൂഹത്തിന്റെ തലവനായ പോപ്പ് ഇത് ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ കത്തോലിക്കാ നേതൃത്വത്തിനെതിരെ എല്‍.ആര്‍.ഒ നടപടിയെടുക്കും.” എന്ന് കത്തിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

മേഘാലയയിലും സമീപ പ്രദേശങ്ങളിലും കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവര്‍ നടത്തുന്ന ബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളും ശ്രദ്ധയില്‍പ്പെടുത്തി പോപ്പിന് മറ്റൊരു കത്തയക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ജോഷി പറഞ്ഞതായി മെയില്‍ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more