| Thursday, 3rd October 2019, 11:22 am

കശ്മീരിലേത് കേന്ദ്രത്തിന്റെ തെറ്റുതിരുത്തല്‍; പാക്കിസ്ഥാന്റെ പ്രതികരണം പാപ്പരത്തമെന്നും ഹരീഷ് സാല്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ.
ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച തീരുമാനം ഒരു തെറ്റു തിരുത്തല്‍ നടപടിയായിരുന്നുവെന്നാണ് ഹരീഷ് സാല്‍വെ പറഞ്ഞത്.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ നടപടിയോടുള്ള പാക്കിസ്ഥാന്റെ പ്രതികരണം പൂര്‍ണമായും പാപ്പരത്വത്തിന്റെ അടയാളമാണെന്നും സാല്‍വേ പറഞ്ഞു.

ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. എന്നാല്‍ കശ്മീരില്‍ 370 എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണ്. അവര്‍ (പാകിസ്ഥാന്‍) അവിടെ അന്യായമായി കുടിയേറിയതാണ്. അവിടെ ഏതെങ്കിലും തര്‍ക്കപ്രദേശങ്ങള്‍ (പ്രദേശത്ത്) ഉണ്ടെങ്കില്‍ അത് പാക് അധീന കശ്മീര്‍ മാത്രമാണ്.

ഇന്ത്യന്‍ ഭരണഘടന മാത്രമല്ല, കശ്മീര്‍ ഭരണഘടനയും പറയുന്നത് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നാണ്. ചില പാക്കിസ്ഥാനികളുടെ മനസിലൊഴികെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് ഇനിയും അനുവദിക്കുന്നത് തെറ്റാണ്. ഇനിയും ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 വുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം തന്നെ വിഡ്ഡിത്തമാണ്. കാരണം 370 നെക്കുറിച്ചുള്ള ചെറിയ പരാമര്‍ശം പോലും കടുത്തതും തീവ്രവുമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാകും. കേന്ദ്രം അത് ശരിയായി കൈകാര്യം ചെയ്തു- ഹരീഷ് സാല്‍വേ പറഞ്ഞു.

370 റദ്ദാക്കിയതില്‍ എന്തെങ്കിലും ശരികേട് ഉണ്ടോയെന്ന് സുപ്രീം കോടതി തീരുമാനിക്കും. എന്നാല്‍ പാകിസ്ഥാന്‍ ഇതിനെ നേരിട്ട രീതി അവരുടെ മനസ്സിന്റെ മുഴുവന്‍ പാപ്പരത്തവും കാണിക്കുന്നതാണെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more