ആർട്ടിക്കിൾ 370 രാജ്യത്തിന്റെ ഐക്യത്തിന് തടസമായിരുന്നുവെന്നും പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ തുടരുന്ന ഭരണഘടന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
1950ല്‍ രാജ്യത്ത് ജനാധിപത്യം പിറന്നുവെന്ന് ഭരണഘടന നിര്‍മാതാക്കള്‍ വിശ്വസിച്ചിരുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിലാണ് അവര്‍ വിശ്വസിച്ചിരുന്നതെന്നും പ്രധാനമന്ത്രി സംസാരിച്ചു.
ഇന്ത്യന്‍ ഭരണഘടന വനിതാ ശാക്തീകരണത്തിന് അടിത്തറയായെന്നും മോദി ചൂണ്ടിക്കാട്ടി. ആദ്യം ഘട്ടം മുതല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ രാജ്യമാണ് ഇന്ത്യ. നാരീ ശക്തിയാണ് ഭരണഘടനയുടെ ശക്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനാ നിര്‍മാണ സഭയില്‍ 15 സജീവ വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ഏകത്വമാണ് ഭരണഘടനയുടെ മുദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ വൈകൃത മനോഭാവമുള്ളവര്‍ ഇന്ത്യയെ തകര്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഒരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത് സന്തോഷകരവും യാദൃശ്ചികവുമാണെന്നും പ്രധാനമന്ത്രി സംസാരിച്ചു.
ഇന്ത്യ ഉടന്‍ തന്നെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ഒരു രാജ്യം ഒരു നികുതി നടപ്പിലാക്കിയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 രാജ്യത്തെ ഐക്യത്തിന് എതിരായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐക്യത്തിന് തുല്യതയ്ക്കും വേണ്ടിയാണ് ആയുഷ് ഭാരത് പദ്ധതി നടപ്പിലാക്കിയത്. ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിയിലൂടെ വൈദ്യുതി പ്രതിസന്ധിയില്‍ പരിഹാരം കാണും. മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ പാപത്തില്‍ നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും അടിയന്തരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്നും പ്രധാനമന്ത്രി സംസാരിച്ചു.
കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും സ്വന്തം നിലനിൽപ്പിനായി നെഹ്‌റു ഭരണഘടന അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടന അട്ടിമറിച്ചത്. ആദ്യം ഭരണഘടന ദുരുപയോഗം ചെയ്തത് നെഹ്റുവാണെന്നും പിന്നീട് മകള്‍ ഇന്ദിര ഗാന്ധി അത് തുടര്‍ന്നുവെന്നും മോദി പറഞ്ഞു.
ഭരണഘടന ചര്‍ച്ചയില്‍ സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞ വ്യക്തിയാണ് സവര്‍ക്കറെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഭരണഘടനയില്‍ ഉടനീളം ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മനുസ്മൃതിയാണ് ഇന്ത്യയുടെ ഔദ്യോഗിക രേഖയെന്നാണ് സവര്‍ക്കര്‍ വാദിച്ചിരുന്നതെന്നും ഇപ്പോഴും ബി.ജെ.പിയുടെ നിയമസംഹിത എന്നത് മനുസ്മൃതിയാണെന്നും രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുല്‍ സംസാരിച്ചിരുന്നു.