ആർട്ടിക്കിൾ 370 ഇപ്പോൾ ചരിത്രമാണ്, ഒരിക്കലും തിരിച്ചുവരില്ല: അമിത് ഷാ
national news
ആർട്ടിക്കിൾ 370 ഇപ്പോൾ ചരിത്രമാണ്, ഒരിക്കലും തിരിച്ചുവരില്ല: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2024, 6:50 pm

ന്യൂദൽഹി: വരാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ആർട്ടിക്കിൾ 370 ഒരു ചരിത്രമായെന്നും ഇനി ഒരിക്കലും തിരിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തെ കാലഘട്ടം രാജ്യത്തിൻ്റെയും ജമ്മു കശ്മീരിൻ്റെയും ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം നല്ല ഭരണം തുടരാൻ തൻ്റെ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ജമ്മു കാശ്മീരിൽ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

‘ഈ ആർട്ടിക്കിൾ യുവാക്കളുടെ കൈകളിൽ ആയുധങ്ങളും കല്ലുകളും നൽകുകയും തീവ്രവാദത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ഗുജ്ജറുകൾക്കും ബക്കർവാളുകൾക്കും പഹാഡികൾക്കും അനുവദിച്ച സംവരണം തൊടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ലെന്ന് ഒമർ അബ്ദുള്ളയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ജമ്മു കശ്മീരിൽ നിന്ന് ‘ഭീകരവാദം’ പൂർണമായും ഞങ്ങൾ തുടച്ച് നീക്കും. ജമ്മു കശ്മീരിലെ ‘തീവ്രവാദത്തിൻ്റെ’ ആവിർഭാവത്തിൽ ഉൾപ്പെട്ടവരുടെ ഉത്തരവാദിത്തം നിർണ്ണയിക്കാൻ ഒരു ധവളപത്രം പുറത്തിറക്കും. ജമ്മു കശ്മീരിന്റെ വികസനം ഉറപ്പാക്കാൻ ഞങ്ങൾക്ക് അഞ്ച് വർഷത്തെ ഭരണം തരൂ,’ അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിൽ സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് തീയതികളിൽ പോളിംഗ് നടക്കും, വോട്ടുകൾ ഒക്ടോബർ എട്ടിന് എണ്ണും. 87.09 ലക്ഷം വോട്ടർമാരുള്ള ജമ്മു കശ്മീർ അസംബ്ലിയിൽ 90 സീറ്റുകളാണുള്ളത്. 2014, 2008, 2002, 1996 തെരഞ്ഞെടുപ്പുകൾ യഥാക്രമം അഞ്ച്, ഏഴ്, നാല്, നാല് ഘട്ടങ്ങളിലായി നടന്നതിനാൽ 28 വർഷത്തിനിടയിലെ ഏറ്റവും ചെറിയ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2019-ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സുരക്ഷാ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.

 

Content Highlight: Article 370 now history, will never come back: Amit Shah at BJP manifesto launch for J&K polls