ന്യൂദല്‍ഹി: അയോധ്യാ വിധി വന്നദിവസം തന്നെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ആര്‍ട്ടിക്കിള്‍ 370-ന്റെ ഭരണഘടനാ സാധുതയാണു ഭീകരവാദവും വിഘടനവാദവും അടക്കമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രധാനവാദം. രാഷ്ട്രപതിയുടെ ഉത്തരവില്‍ ജുഡീഷ്യല്‍ പുനഃപരിശോധന സാധിക്കില്ലെന്നും കോടതിക്ക് അതില്‍ ഇടപെടാനാവില്ലെന്നും കേന്ദ്രം പറഞ്ഞു. ഇന്നലെ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ‘ദ പ്രിന്റാ’ണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
‘ആര്‍ട്ടിക്കിള്‍ 370 ഉണ്ടായിരുന്ന സമയത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തിയില്‍ നിന്ന് അപകടകാരികളായ ശക്തികള്‍ എത്തിയിരുന്നു. ഇതു സംസ്ഥാനത്തിനു ഹാനികരമായി മാറി. ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നീ പ്രശ്‌നങ്ങളിലേക്കാണ് അതു നയിച്ചത്.’- കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ നല്‍കിയ 10 ഹര്‍ജികളാണ് ഇപ്പോള്‍ കോടതി പരിശോധിക്കുന്നത്. റദ്ദാക്കലിന്റെ ഭരണഘടനാ സാധുതയാണ് ഹര്‍ജികള്‍ ചോദ്യം ചെയ്യുന്ന്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിനോടും കശ്മീര്‍ ഭരണകൂടത്തോടും ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്രം മാത്രമാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്.
‘ജൂഡീഷ്യല്‍ പുനഃപരിശോധന കോടതിയുടെ ഭരണഘടനാ അധികാരമാണ്. എന്നാല്‍ പാര്‍ലമെന്റിലോ രാഷ്ട്രപതിയോ എടുക്കുന്ന തീരുമാനങ്ങള്‍ അതിനു കീഴില്‍ വരില്ല. ഓഗസ്റ്റ് അഞ്ചിലെ ഉത്തരവ് ആദ്യത്തേതല്ല. ആര്‍ട്ടിക്കിള്‍ 370(1)(ഡി)നു കീഴിലുള്ള 54 ഉത്തരവുകളാണു പലപ്രാവശ്യമായി പുറത്തിറക്കിയത്. ‘- സത്യവാങ്മൂലത്തില്‍ പറഞ്ഞു.’
പരിധികള്‍ക്കപ്പുറത്തുള്ള തീരുമാനമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ എടുത്തതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 35എ പിന്‍വലിച്ച തീരുമാനം മണ്ണിന്റെ മക്കളുടെ താത്പര്യത്തിന് അനുസരിച്ചാണെന്നായിരുന്നു കേന്ദ്രം നല്‍കിയ മറുപടിയില്‍ പറയുന്നത്. ജമ്മു കശ്മീരിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തിനു തടസ്സം നില്‍ക്കുന്ന ഒന്നായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
‘ഇത് സംസ്ഥാനത്തെ നിക്ഷേപത്തിനു തടയിട്ടു. യുവാക്കള്‍ക്കുള്ള തൊഴിലവസരത്തെയും വികസന സൂചികകളെയും അതു ബാധിച്ചു. കശ്മീരിയല്ലാത്ത ഒരാളെ വിവാഹം ചെയ്യേണ്ട സാഹചര്യത്തില്‍ അവിടുത്തെ സ്ത്രീകള്‍ ഭാഗമായി വിവേചനം അനുഭവിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ഭരണഘടന മുഴുവനായി നടപ്പാക്കിയില്ലെങ്കില്‍ പൗരന്മാര്‍ക്കു മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനകളിലും പൊലീസിലുയും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെക്കൂടി ബാധിക്കും.’- കേന്ദ്രം പറഞ്ഞു. ഇനി നവംബര്‍ 14-നാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.