നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകം: നിലപാട് മാറ്റി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ സഭയില്‍ എതിര്‍ത്ത ജെ.ഡി.യു
Kashmir Turmoil
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകം: നിലപാട് മാറ്റി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ സഭയില്‍ എതിര്‍ത്ത ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 2:10 pm

 

പാട്‌ന: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ബില്ലിനെ സഭയില്‍ എതിര്‍ത്ത ജനതാദള്‍ യുനൈറ്റഡ് നിലപാട് മാറ്റി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് പറഞ്ഞാണ് പുതിയ നിലപാടിനെ ജെ.ഡി.യു ന്യായീകരിക്കുന്നത്.

കൂടുതല്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും ജെ.ഡി.യു നാഷണല്‍ ജനറല്‍ സെക്രട്ടറി രാം ചന്ദ്ര പ്രസാദ് സിങ് പറഞ്ഞു.

‘ പാര്‍ലമെന്റ് ബില്‍ പാക്കിയശേഷം വരുന്ന നിയമം രാജ്യത്തിന്റെ നിയമമാണ്. അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ഈ വിഷയത്തില്‍ ബി.ജെ.പിയുമായുള്ള ഞങ്ങളുടെ അഭിപ്രായ ഭിന്നത വെളിവാക്കുകയും എതിര്‍ത്തു വോട്ടു ചെയ്തുകൊണ്ട് അത് രേഖപ്പെടുത്തുകയും ചെയ്തതാണ്.’ അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം ജെ.ഡി.യു പാര്‍ലമെന്റിന്റെ ഇരുസഭകളിലും എതിര്‍ത്തിരുന്നു. ‘ഞങ്ങള്‍ക്ക് ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയുമായിരുന്നില്ല. ബില്‍ കൊണ്ടുവരുന്നതിനു മുമ്പ് കേന്ദ്രം ഞങ്ങളുമായി ആലോചിച്ചിരുന്നില്ല. ഞങ്ങളുടെ സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ഫെര്‍ണാണ്ടസും ജയപ്രകാശ് നാരായണിനെപ്പോലുള്ളവരും എടുത്ത നയത്തിന്റെ അടിസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ നിലപാടുണ്ട്.’ സിങ് വിശദീകരിക്കുന്നു.

ബി.ജെ.പിയുമായുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ ബീഹാറിലെ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു പ്രസിഡന്റ് നിതീഷ് കുമാറിന്റെ അടുത്ത അനുയായിയാണ് സിങ്.