ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, പുറത്തുനിന്നുള്ള ഇടപെടലുകള്‍ അനുവദിക്കില്ല; കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടലുകള്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഏകപക്ഷീയവും ലജ്ജാകരവുമാണെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി.
ജമ്മു കശ്മീര്‍ പ്രമേയവും പുനസംഘടന ബില്ലും ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനു തൊട്ട് മുമ്പാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്.
ജനാധിപത്യം, ഭരണഘടന, നിയമസഭ അവകാശങ്ങള്‍, പാര്‍ലമെന്ററി നടപടിക്രമം എന്നിങ്ങനെ എല്ലാം അട്ടിമറിച്ചായിരുന്നു സര്‍ക്കാര്‍ നീക്കമെന്നും യോഗം കുറ്റപ്പെടുത്തി.
ജമ്മുകശ്മീര്‍, ലഡാക്ക് ജനതയോടൊപ്പം നില്‍ക്കാനും ബി.ജെ.പിയുടെ അധാര്‍മ്മിക അജണ്ടകള്‍ക്കെതിരെ പോരാടാനും യോഗം തീരുമാനിച്ചു. സമാധാനവും നിലനിര്‍ത്താന്‍ ജമ്മു കശ്മീര്‍ ജനതയോട് യോഗം അഭ്യര്‍ഥിച്ചു.
അതേസമയം, ജമ്മുകശ്മീര്‍ പുനസംഘടനാ ബില്‍ ലോക്സഭയില്‍ പാസായി. 367 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 67 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുന്നതാണ് ബില്‍.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരില്‍ ഇ.ഡബ്ല്യു.എസ് റിസര്‍വേഷന്‍ ബില്‍ സ്വപ്രേരിതമായി നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ പറഞ്ഞിരുന്നു.
ബില്‍ പാസായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു. എന്റെ ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരുന്നതെന്നായിരുന്നു സുഷമ ട്വിറ്ററില്‍ കുറിച്ചത്.
ജമ്മുകശ്മീരിന്റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ ഭിന്നത ഉടലെടുത്തിരുന്നു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത ഇന്നലെത്തന്നെ ബില്ലിനോടുള്ള പാര്‍ട്ടി നിലപാടില്‍ എതിര്‍ത്ത് രാജിവെച്ചിരുന്നു.