| Tuesday, 29th August 2023, 8:52 am

ആര്‍ട്ടിക്കിള്‍ 35 എ ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ എടുത്തുകളഞ്ഞു: ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എ ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആര്‍ട്ടിക്കിള്‍ 35 എ മൂന്ന് മൗലികാവകാശങ്ങള്‍ എടുത്തുകളഞ്ഞെന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയുള്ള ഹരജി പരിഗണിക്കവേയാണ് ചന്ദ്രചൂഡ് വാക്കാല്‍ ഇക്കാര്യം അറിയിച്ചത്.

‘സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തൊഴില്‍ ആര്‍ട്ടിക്കിള്‍ 16 (1)പ്രകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഒരു വശത്ത് ആര്‍ട്ടിക്കിള്‍ 16 (1) സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെ 35 എ ആ മൗലികാവകാശം എടുത്തുകളയുകയാണ്.

ആര്‍ട്ടിക്കിള്‍ 35 എ പരിചയപ്പെടുത്തുമ്പോള്‍ മൂന്ന് മൗലികാവകാശങ്ങള്‍ എടുത്തുകളയുകയാണ്. ആര്‍ട്ടിക്കിള്‍ 16 (1)ഉം ആര്‍ട്ടിക്കിള്‍ 19 (1)എഫ്, ആര്‍ട്ടിക്കിള്‍ 31 എന്നിവ പ്രകാരമുള്ള മൗലികാവകാശമായ സ്ഥാവര സ്വത്തുക്കള്‍ സമ്പാദിക്കാനുള്ള അവകാശവും, ആര്‍ട്ടിക്കിള്‍ 19 (1)(ഇ) പ്രകാരമുള്ള സംസ്ഥാനവുമായുള്ള ഉടമ്പടികളുമാണ് ഈ മൗലികാവകാശങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തൊഴില്‍, സ്ഥാവര സ്വത്തുക്കള്‍ ഏറ്റെടുക്കല്‍, സംസ്ഥാനവുമായുള്ള ഉടമ്പടികള്‍ എന്നിവ ഒഴിവാക്കിയാണ് ആര്‍ട്ടിക്കിള്‍ 35 എ സൃഷ്ടിച്ചിരിക്കുന്നത്,’ ചന്ദ്രചൂഡ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജമ്മു കശ്മീരിന്റെ പുരോഗതിക്ക് ആര്‍ട്ടിക്കിള്‍ തടസം സൃഷ്ടിച്ചുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചു. ടൂറിസവും കുടില്‍ വ്യവസായവും മാത്രം വരുമാന മാര്‍ഗമായ സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതെന്നും മേത്ത വാദിച്ചു.

‘ആര്‍ട്ടിക്കിള്‍ 370 തങ്ങളുടെ പുരോഗതിക്ക് തടസമല്ലെന്നും അത് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും ആളുകള്‍ക്ക് ഇതുവരെ ബോധ്യമുണ്ടായിരുന്നു. അത് വളരെ സങ്കടകരമായ കാര്യമാണ്.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 റദ്ദാക്കിയതോടെ നിക്ഷേപങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ടൂറിസവും ആരംഭിച്ചു. ഇതുവരെ 16 ലക്ഷത്തോളം ടൂറിസ്റ്റുകളാണ് ജമ്മു കശ്മീരിലേക്ക് എത്തിച്ചേര്‍ന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് തൊഴില്‍ അവസരവും കിട്ടുന്നു,’ മേത്ത പറഞ്ഞു.

ഇതുവരെ ജമ്മു കശ്മീരില്‍ എട്ട് തവണ ഗവര്‍ണര്‍ ഭരണവും മൂന്ന് തവണ രാഷ്ട്രപതി ഭരണവും ഏര്‍പ്പെടുത്തിയതായി മേത്ത പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരം മൂന്ന് വര്‍ഷം മാത്രമാണ് രാഷ്ട്രപതി ഭരണത്തിനുള്ള കാലാവധിയെന്നും ജമ്മുവില്‍ അത് മൂന്ന് വര്‍ഷം കഴിഞ്ഞുവെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അതുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും ഖന്ന ആവശ്യപ്പെട്ടു.

ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിശന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കുന്നത്. ഇന്നും വാദം കേള്‍ക്കല്‍ തുടരും.

content highlights: Article 35 took away fundamental rights of people of Jammu Centre: Chandrachud

We use cookies to give you the best possible experience. Learn more