കഴിച്ച് കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളുടെ പാത്രത്തില്‍ നോക്കി ചിരിക്കും; റൊണാള്‍ഡോയെ കുറിച്ച് മുന്‍ സഹതാരം
Football
കഴിച്ച് കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളുടെ പാത്രത്തില്‍ നോക്കി ചിരിക്കും; റൊണാള്‍ഡോയെ കുറിച്ച് മുന്‍ സഹതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th July 2023, 3:15 pm

യുവന്റസില്‍ കളിക്കുമ്പോഴുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മെന്റാലിറ്റിയെയും പ്രൊഫഷണലിസത്തെയും കുറിച്ച് ആര്‍ഥര്‍ മെലോ. 2020-21 സീസണിലാണ് മെലോ റോണോക്കൊപ്പം യുവന്റസില്‍ ബൂട്ടുകെട്ടിയത്. റോണോ ഇന്ന് കാണുന്ന നിലയിലെത്താന്‍ കാരണം അദ്ദേത്തിന്റെ കഠിനാധ്വാനവും കൃത്യമായി പിന്തുടര്‍ന്ന് പോരുന്ന ഡയറ്റും പരിശീലനവുമാണെന്നാണ് മെലോ പറഞ്ഞത്.

റൊണാള്‍ഡോ വളരെ പ്രൊഫഷണല്‍ ആണെന്നും. അങ്ങനെയുള്ളൊരു താരത്തെ മുമ്പൊരിക്കലും തങ്ങള്‍ കണ്ടിട്ടില്ലെന്നും മെലോ പറഞ്ഞു. മുണ്ടോ ഡീപോര്‍ട്ടിവോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെലോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഒരു അത്‌ലെറ്റ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും പ്രത്യേകതയുള്ളയാളാണ് റൊണാള്‍ഡോ. ഓരോ ദിവസവും അദ്ദേഹം ഇംപ്രൂവ് ചെയ്തുകൊണ്ടേയിരിക്കും. യുവന്റസില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളുടെ പാത്രത്തില്‍ നോക്കി ചിരിക്കും. കാലങ്ങളായി പാലിച്ചുപോരുന്ന ഡയറ്റായിരുന്നു റോണോ പിന്തുടര്‍ന്ന് പോന്നിരുന്നത്.

അദ്ദേഹം വളരെ പ്രൊഫഷണലാണ്. അങ്ങനെയൊരു താരത്തെ ഞങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. ഒരു കളിക്കാരനെന്ന നിലയില്‍ അതിനൊക്കെയുള്ള റിസള്‍ട്ടും കാണാനുണ്ട്,’ മെലോ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

Content Highlights: Arthur Melo shares experiences about Cristiano Ronaldo