മനുഷ്യനിലെ പുനരുല്പാദനവുമായി ബന്ധപ്പെട്ട ഒരു ജൈവിക പ്രകിയയായ ആര്‍ത്തവത്തെപ്പറ്റി നിരവധി കപടശാസ്ത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ആര്‍ത്തവുമായി ബന്ധപ്പെട്ട് ശാസ്ത്രബോധം വളര്‍ത്തുക എന്നത് ഇന്നത്തെ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഡോ. എ കെ ജയശ്രീ അഭിപ്രായപ്പെട്ടു. ആര്‍ത്തവവുമായി ബന്ധപ്പെട്ട്, വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ ലേഖനങ്ങളും സംഭാഷണങ്ങളും അടങ്ങിയ ‘ ആര്‍ത്തവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പുസ്തകത്തിന്റെ ആദ്യ പ്രതി യുവനടി അനാര്‍ക്കലി ഡോ. ജയശ്രീയില്‍ നിന്ന് ഏറ്റുവാങ്ങി. സുജ ഭാരതി എഡിറ്റ് ചെയ്ത പുസ്തകം കബനി ബുക്‌സാണ് വിപണിയിലെത്തിക്കുന്നത്. സ്ത്രീകളനുഭവിക്കുന്ന ഒട്ടേറെ വിലക്കുകളില്‍ ഒന്നായ ആര്‍ത്തവ വിലക്കുകള്‍ക്കെതിരെയുള്ള പ്രതിരോധമായ ഇത്തരമൊരു പുസ്തകം വിഷയത്തെ അതിന്റെ സമഗ്രതയില്‍ കാണുന്നു എന്ന് പുസ്തക പരിചയം നടത്തിയ വി.എം. ഗിരിജ അഭിപ്രായപ്പെട്ടു.
പുതു തലമുറയില്‍പ്പോലും പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ഇടയില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള അജ്ഞത പ്രകടമാണെന്ന് അനാര്‍ക്കലി പറഞ്ഞു. മെന്‍സ്ട്രല്‍കപ്പു പ്രചാരത്തിലായതു പോലെ ആര്‍ത്തവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ശാസ്ത്ര ബോധത്തിന്റെ അഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് തുടര്‍ന്ന് സംസാരിച്ച ഡോ.പി.ഗീത അഭിപ്രായപ്പെട്ടു.
ലോകത്തെമ്പാടും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ തന്നെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് ആര്‍ത്തവ വിലക്കുകള്‍ക്കെതിരെയുള്ള പോരാട്ടമെ ന്ന് അഡ്വ. കെ. നന്ദിനി നിരീക്ഷിച്ചു. സ്ത്രീകളുടെയും മറ്റ് പാര്‍ശ്വവത്കൃത സമൂഹത്തിന്റെയും നേതൃത്വത്തിലുള്ള ഒരു പുതു നവോത്ഥാനം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് പി.എ ഷൈന അഭിപ്രായപ്പെട്ടു. ആശ ആച്ചി ജോസഫ്, ഫൈസല്‍ ഫൈസു, ശാരദ വയനാട്, ദിവ്യ കെ.എം. , സജ്‌ന മോള്‍ ആമ്യന്‍, തങ്കമ്മ വയനാട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
അഡ്വ. കെ. വി. ഭദ്രകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തസ്‌നി ബാനു സ്വാഗതവും സുജ ഭാരതി നന്ദിയും പ്രകാശിപ്പിച്ചു.