[]കോഴിക്കോട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കണ്ണൂര്‍ , എം.ജി , കുസാറ്റ് , ആരോഗ്യ സര്‍വ്വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിയതായി അറിയിച്ചിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി. ചൊവ്വാഴ്ചയിലേക്കാണ് മാറ്റിയത്. എന്നാല്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു മാറ്റമില്ല.
കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ഫൈനല്‍ ബി.ബി.എ, ബി.ബി.എടിടിഎം, ബിബിഎം, ബിസിഎ പരീക്ഷകള്‍ 27 ലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷകളും രണ്ടാം വര്‍ഷ എം.ബി.ബി.എസ് സപ്ലിമെന്ററിയും 26 ലേക്കും മാറ്റിയിട്ടുണ്ട്.
പയ്യന്നൂര്‍ കോളജില്‍ 18 നു നടത്താനിരുന്ന ഒന്നും രണ്ടും വര്‍ഷ എം.എസ്.സി മാത്തമാറ്റിക്‌സ് (വിദൂര വിദ്യാഭ്യാസം) പ്രായോഗികവൈവാവോസി പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
എം.ജി സര്‍വകാലശാല തിങ്കളാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍, പ്രോജക്ട് മൂല്യനിര്‍ണ്ണയം, വൈവാ വോസി ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചു.
മാറ്റി വെച്ച തിയറി പരീക്ഷകള്‍ നവംബര്‍ 23 ന് നടത്തും. പ്രാക്ടിക്കല്‍, പ്രോജക്ട് മൂല്യനിര്‍ണ്ണയം, വൈവാ വോസി എന്നിവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കുസാറ്റ് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും.