| Tuesday, 28th August 2018, 7:07 pm

പ്രളയക്കെടുതിയില്‍ കലാലോകത്തിന്റെ കൈത്താങ്ങ്; ക്യാംപെയ്‌നുകള്‍ മുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ വരെ

അന്ന കീർത്തി ജോർജ്

തിരുവനന്തപുരം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരിതത്തിലൂടെ കേരളം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഭയപ്പെടുത്തും വിധം വെള്ളം ഇരച്ചുകയറാന്‍ തുടങ്ങിയതോടെ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരാണ് കേരളത്തെ പ്രളയജലത്തില്‍ നിന്നും കര കയറ്റാന്‍ കൂട്ട് വന്നത്. സോഷ്യല്‍ മീഡിയ വഴി രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ യുവാക്കളുടെ സംഘം മുന്നിട്ടിറങ്ങിയപ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിയവരെ തുഴയെറിഞ്ഞു കരക്കേറ്റാന്‍ കടലിന്റെ മക്കളെത്തി. കക്ഷി രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഭരണ-പ്രതിപക്ഷങ്ങളും രാപ്പകല്‍ ഭേദമന്യേ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥവൃന്ദവും സൈന്യവും ചേര്‍ന്ന് രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളാണ്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമെന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടുമായിരുന്ന പ്രളയത്തെ കേരളചരിത്രത്തിലെ ഏറ്റവും മികച്ച അതിജീവനമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ കലാകാരന്മാര്‍ കൂടിയാണ്. #keralafloods #keralafloodrescue #sos#നമ്മള്‍ അതിജീവിക്കും എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം തുടക്കം മുതലേ ഉയര്‍ന്നുവന്ന മറ്റൊരു ഹാഷ് ടാഗായിരുന്നു #artforrescue. കലയിലൂടെ അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു കലാകാരന്മാര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ സമാഹരിക്കുന്നതിനു വേണ്ടിയായിരുന്നു ആദ്യം #artforrescue രംഗത്തുവരുന്നത്. കോഴിക്കോട് സ്വദേശിയായ പോണ്ടിച്ചേരി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ഇലക് മീഡിയ വിദ്യാര്‍ത്ഥി ജസീലാണ് ക്യാംപെയ്‌നിലൂടെ് പ്രളയക്കെടുതിയിലേക്ക്#artforrescue എത്തിച്ച തുടക്കക്കാരിലൊരാള്‍. “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിങ്ങള്‍ 2000 രൂപ നല്‍കൂ. ഞാന്‍ നിങ്ങളുടെ ഛായാചിത്രം വരച്ചുനല്‍കാം.” എന്നായിരുന്നു ജസീല്‍ സോഷ്യല്‍ മീഡിയ വഴി പറഞ്ഞത്. മൂന്ന് ലക്ഷത്തിലേറെ രൂപയാണ് ഇത് വഴി ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാനായതെന്ന് ജസീല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജസീലിന്റെ പാത പിന്തുടര്‍ന്ന നിരവധി ചിത്രകാരന്മാര്‍ തങ്ങളുടെ കഴിവ് ധനസമാഹരണത്തിനുവേണ്ടി ഉപയോഗിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു. പതിനായിരക്കണക്കിന് രൂപ വില വരുന്ന ചിത്രങ്ങളാണ് പലരും അഞ്ഞൂറിനും ആയിരത്തിനും വരച്ചുനല്‍കിക്കൊണ്ട് നിരവധി പേരെ സംഭാവന നല്‍കാന്‍ പ്രചോദിപ്പിച്ചത്. ശങ്കരന്‍, അലക്‌സ് എബ്രഹാം, വിഷ്ണു സത്യന്‍, അഞ്ജു ബി.കെ, വാണ്ടര്‍ലസ്റ്റ്, സാന്റാ സ്‌റ്റോറീസ് എന്നീ പേജുകള്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. ഛായാചിത്രങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ വളരെ വേഗത്തിലാണ് ധനസമാഹരണ ക്യാംപെയ്ന്‍ വളര്‍ന്നത്. ഇലസ്‌ട്രേഷനുകളും ഇഷ്ടമുള്ള ഐഡിയകള്‍ ചിത്രരൂപത്തില്‍ ആക്കാനും പ്രൊഫൈല്‍ വീഡിയോകളും ഡിജിറ്റല്‍ ചിത്രങ്ങളും ഒരുക്കി നല്‍കാനും തയ്യാറായി വ്യത്യസ്തരായ പരസ്പരം യാതൊരു പരിചയം പോലും ഇല്ലാത്ത നിരവധി പേര്‍ ഈ ക്യാംപെയ്‌നിന്റെ കീഴില്‍ രംഗത്തുവന്നു.

ബാംഗ്ലൂരിലെ ചില മലയാളി യുവാക്കള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സംഗീതപരിപാടിയിലൂടെ ഒന്നര മണിക്കൂര്‍ക്കൊണ്ട് സമ്പാദിച്ചത് 20,000 രൂപയോളമായിരുന്നു. മലയാളിയായ സുധിനും സുഹൃത്തുക്കളുമായിരുന്നു #artforrescue ക്യാംപെയ്‌നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തെരുവുകളെ സംഗീതസാന്ദ്രമാക്കിക്കൊണ്ട് ധനസമാഹരണം നടത്തിയത്. “കാഴ്ചക്കാരായി വന്ന പലരും അവരുടെ സംഗീതോപകരണങ്ങളുമായി ഞങ്ങളോടൊപ്പം ചേര്‍ന്നു. മലയാളികള്‍ പോലുമല്ലാത്ത ഒട്ടേറെപ്പേര്‍. സംഭാവനക്ക് നന്ദിയറിയിക്കാന്‍ ചെന്നപ്പോള്‍ പലരും ഇത്തരത്തിലൊരു initiative നടത്തിയതിന് ഞങ്ങളോട് നന്ദി പറയുകയായിരുന്നു.” പരിപാടിക്ക് ചുക്കാന്‍ പിടിച്ചവരിലൊരാളായ അശ്വത്ത് മധു ഡൂള്‍ന്യൂസിനോട് പറഞ്ഞു. തെരുവ് നാടകവും കലാരൂപങ്ങളുടെ അവതരണവുമൊക്കെയായി കേരളക്കരയില്‍ ആഞ്ഞടിച്ച ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനു വേണ്ടി പല നാടുകളില്‍ നിന്നും മുന്നോട്ട് വന്നവര്‍ അനവധിയാണ്. രാജ്യാതിര്‍ത്തികളില്ലാത്ത കലാലോകം കേരളത്തിന് വേണ്ടി കൈകോര്‍ക്കുകയായിരുന്നു.

ബാംഗ്ലൂരില് നിന്നും

ധനശേഖരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലായിരുന്നു കലാലോകത്തിന്റെ കരുത്താര്‍ന്ന സംഭാവനകള്‍. പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ മുറിവുണക്കാന്‍ പാട്ടും ആട്ടവും കഥയും ചിത്രംവരയുമൊക്കെയായി പിന്നെയും ഓടിയെത്തി നിരവധി പേര്‍. ഉള്ളുലഞ്ഞുപോയവരെ തിരിച്ചുപിടിക്കുന്നതില്‍, പുതിയ ഒരു ജീവിതത്തിന് സജ്ജമാക്കുന്നവരില്‍ ഇവര്‍ വഹിച്ച പങ്ക് ചെറുതല്ല. പല നാള്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ, ചുറ്റും വെള്ളം മാത്രം കണ്ട് പകച്ചുനിന്ന കുട്ടികളെ ബാല്യത്തിന്റെ കളിച്ചിരിയിലേക്ക് നടത്തിയത് യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവര്‍ത്തിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണല്‍ കലാകാരന്മാരടക്കം അടങ്ങുന്ന സംഘങ്ങളാണ്.

വളരെ കുറച്ച് സ്ഥലങ്ങളില്‍ നിന്നും “ഇത് പാട്ടിനും കൂത്തിനുമുള്ള സമയമല്ലെന്ന” ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിനുള്ള വ്യക്തമായ മറുപടിയായിരുന്നു ആസിയാ ബീവിയുടേതു പോലെ നിരവധി പേരുടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നുള്ള ഉള്ളുതുറന്നു ഡാന്‍സ് ചെയ്യുന്ന നിരവധി വീഡിയോകള്‍. കേരളത്തിനു മുഴുവനുമുള്ള ഉണര്‍ത്തുപാട്ടായിരുന്നു അത്തരം അതിജീവനത്തിന്റെ മനോഹരമായ നേര്‍ക്കാഴ്ചകള്‍.

“കലക്ക് എല്ലായിടത്തും ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ട്. ധനശേഖരണം നടത്താനായാലും ദുരിതാശ്വാസക്യാംപുകളില്‍ ആശ്വാസം പകരാനായാലും പ്രതിഷേധിക്കാനായാലും, എവിടെയും.” ജസീല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്‍ഡിടിവിയുടെ ഇന്ത്യാ ഫോര്‍ കേരള പരിപാടിയില്‍ പങ്കെടുത്ത പരിപാടികള്‍ അവതരിപ്പിച്ചവര്‍, സംഭാവന നല്‍കുകയും ആരാധകരോട് സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്ത വിവിധ ഭാഷകളിലെ സിനിമാ താരങ്ങള്‍, കേരള ഡോണ്ട് വറി എന്ന് പാടി ആശ്വസിപ്പിച്ച എ.ആര്‍ റഹ്മാന്‍ എന്നു തുടങ്ങി കേരളത്തിന് കൂട്ടായി കലാകാരന്മാരുടെ ഒരു വന്‍ നിര തന്നെയുണ്ടായിരുന്നു.

കേന്ദ്രവും സംഘപരിവാര്‍ അനുകൂലികളും ചേര്‍ന്ന് കേരളത്തിന്റെ ദുരിതത്തിന് നേരെ കണ്ണടച്ചപ്പോള്‍ അതിന് മറുപടി നല്‍കാനും കലാലോകം മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് കേരളം ഇന്ത്യയിലെ സംസ്ഥാനമാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് ഊരാളി എന്ന ട്രൂപ്പ് ഇറക്കിയ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും രാജ്യമൊട്ടാകെ പ്രളയസമയത്ത് കേരളത്തിന് നേരെ വിഷം തുപ്പിയവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടികളുമായെത്തിയവരും അത്രത്തോളം തന്നെ വരും.

തകര്‍ന്നുപോകില്ലെന്ന് ഉറപ്പ് നല്‍കുന്ന വരകളും പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദിയറിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച എണ്ണമറ്റ ചിത്രങ്ങളും തളരാത്ത കേരളം കലയിലൂടെ കാണിച്ചുകൊടുത്ത അതിജീവനത്തിന്റെ മുഖങ്ങളായിരുന്നു.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more