| Thursday, 27th April 2023, 6:43 pm

'ഇതുകൊണ്ടൊന്നും ഞങ്ങള്‍ തളരാന്‍ പോകുന്നില്ല'; തോല്‍വിക്ക് പിന്നാലെ ആഴ്‌സണല്‍ കോച്ചിന്റെ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ തോല്‍വി വഴങ്ങിയിരുന്നു. നാലിനെതിരെ ഒരുഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആഴ്‌സണലിനെ തോല്‍പ്പിച്ചത്. സിറ്റിക്കായി കെവിന്‍ ഡി ബ്രൂയിന്‍ ഇരട്ട ഗോളുകളും ജോണ്‍ സ്‌റ്റോണ്‍സ്, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ ഓരോ ഗോളുകളുമാണ് നേടിയത്.

മത്സരത്തിന് ശേഷം ആഴ്‌സണല്‍ കോച്ച് മൈക്കല്‍ ആര്‍ട്ടേറ്റ പറഞ്ഞ വാചകങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഈ തോല്‍വിക്കൊണ്ട് തങ്ങള്‍ പിന്‍വാങ്ങാന്‍ പോകുന്നില്ലെന്നും ഒഴിച്ചുകൂടാനാകാത്ത ടീമിനോടാണ് തോല്‍വി വഴങ്ങിയതെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ് വീറ്റ്‌ലിയോടാണ് ആര്‍ട്ടേറ്റ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടാണ് പോരാടുന്നത് എന്നത് അവിശ്വസീനയമായകാര്യമാണ്. അതുകൊണ്ട് ഞങ്ങള്‍ പിന്‍വാങ്ങാന്‍ പോകുന്നില്ല. ടൂര്‍ണമെന്റിലെ നിര്‍ണായകമായ ടീമിനോടാണ് തോല്‍വി വഴങ്ങിയതെന്നത് അവിശ്വസനീയമായ കാര്യമാണ്,’ ആര്‍ട്ടേറ്റ പറഞ്ഞു.

മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്‌സണലിനായി. 33 മത്സരങ്ങളില്‍ നിന്ന് 23 ജയവുമായി 75 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ആഴ്‌സണല്‍. 31 മത്സരങ്ങളില്‍ നിന്ന് 23 ജയവുമായി 73 പോയിന്റോടെ തൊട്ടുപുറകിലാണ് മാഞ്ചസ്റ്റര്‍ സിറ്റി.

ഈ സീസണില്‍ മികച്ച ഫോമില്‍ തുടരുകയാണ് ആഴ്‌സണല്‍. അതേസമയം, മുമ്പ് നടന്ന മത്സരങ്ങളില്‍ ആഴ്‌സണല്‍ മൂന്ന് സമനില വഴങ്ങിയിരുന്നു. ലിവര്‍പൂള്‍, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കെതിരെ രണ്ട് ഗോളിനും സൗതാംപ്ടണിനെതിരെ മൂന്ന് ഗോളുകളുടെയും സമനിലയാണ് ആഴ്‌സണല്‍ വഴങ്ങിയത്.

മെയ് രണ്ടിന് ചെല്‍സിക്കെതിരെ എമിറേറ്റ്‌സില്‍ വെച്ചാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. തന്റെ താരങ്ങള്‍ക്ക് വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ടൈറ്റില്‍ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍ട്ടേറ്റ.

Content Highlights: Arteta reacts after the loss against Manchester city

We use cookies to give you the best possible experience. Learn more