| Thursday, 30th May 2024, 1:46 pm

രോമാഞ്ചിഫിക്കേഷന്‍ മൊമന്റ്; അയാള്‍ക്ക് നാലഞ്ച് ടേക്കില്‍ ശരിയാവാത്തത് മമ്മൂക്ക രണ്ട് കറക്കലില്‍ ഓക്കെയാക്കി: ആര്‍ട്ട് ഡയറക്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി വണ്ടി കൈകാര്യം ചെയ്യുന്നത് കാണാന്‍ നല്ല രസമാണെന്ന് പറയുകയാണ് ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍. അത് കണ്ടാല്‍ നോക്കി നിന്നു പോകുമെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയോടൊപ്പം റോഷാക്കില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ ഒരു അനുഭവവും ഷാജി നടുവില്‍ പങ്കുവെച്ചു.

സിനിമയില്‍ വണ്ടി ഡ്രിഫ്റ്റ് ചെയ്യുന്ന സീക്വന്‍സിനായി ചെന്നൈയില്‍ നിന്ന് ഒരാളെ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ ആ സീന്‍ വര്‍ക്കായില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മമ്മൂട്ടി നാലാേ അഞ്ചോ ടേക്ക് പോയ സീന്‍ ഒറ്റ ടേക്കില്‍ തന്നെ ഓക്കെയാക്കിയെന്നും ഷാജി നടുവില്‍ കൂട്ടിച്ചേര്‍ത്തു. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക വണ്ടി ഹാന്‍ഡില് ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. നമ്മള്‍ ഇങ്ങനെ നോക്കി നിന്ന് പോവും. റോഷാക്കില്‍ വണ്ടി കൊണ്ടുവന്ന് ഡ്രിഫ്റ്റ് ചെയ്യുന്ന ഒരു സീക്വന്‍സ് ഉണ്ടായിരുന്നു. അത് വൈറല്‍ വീഡിയോ ആയിട്ട് വന്നിരുന്നു.

ആ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മറ്റൊരാളെ വെച്ച് അത് ചെയ്യിച്ചു. അതിനായി സ്‌പെഷലായുള്ള ആള്‍ ചെന്നൈയില്‍ നിന്ന് വരികയായിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ആ സീന്‍ വര്‍ക്കായില്ല. അവസാനം ഒരു സീക്വന്‍സ് ഫിക്‌സ് ചെയ്തു.

ഇതൊക്കെ കഴിഞ്ഞ് വന്ന മമ്മൂക്ക ‘ഞാന്‍ അവിടുന്നേ വണ്ടിയുമായി വരാം. നിങ്ങളെടുത്തോളൂ’വെന്ന് പറഞ്ഞു. നാലഞ്ച് ടേക്ക് പോയ സീന്‍ ആ ഒറ്റ ടേക്കില്‍ തന്നെ മമ്മൂക്ക ഓക്കെയാക്കി. ഇക്ക ഒരു വരവങ്ങ് വന്ന് ഒറ്റ ചവിട്ട് ചവിട്ടി രണ്ട് കറക്കലില്‍ നിര്‍ത്തിയതും അത് ഓക്കെയായി. അന്ന് ഫുള്‍ ക്രൂ രോമാഞ്ചിഫിക്കേഷനില്‍ കൈയ്യടിച്ചു. ടര്‍ബോയിലും അങ്ങനെ തന്നെയാണ് മമ്മൂക്ക ചെയ്തിരിക്കുന്നത്,’ ഷാജി നടുവില്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോയിലും അദ്ദേഹം തന്നെയാണ് ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്തത്. ചിത്രത്തിലെ വിന്റേജ് കാറുകള്‍ മമ്മൂട്ടിയുടെ കളക്ഷനല്ലെന്നും ഷാജി നടുവില്‍ അഭിമുഖത്തില്‍ പറയുന്നു.

‘ടര്‍ബോയിലെ വിന്റേജ് കാറുകള്‍ മമ്മൂക്കയുടെ കളക്ഷനല്ല. ഇക്കയുടെ കളക്ഷനൊന്നും തൊടാന്‍ സമ്മതിക്കില്ല. സ്വന്തം പ്രൊഡക്ഷനായാലും അതൊക്കെ അവിടെ നില്‍ക്കട്ടെ നിങ്ങള് വേറെ അന്വേഷിച്ചോ എന്നാണ് മമ്മൂക്ക പറയാറുള്ളത്.

ആ വിന്റേജ് കാറുകള്‍ക്ക് നമുക്ക് ഏജന്റുകള്‍ ഉണ്ടായിരുന്നു. ഔസേപ്പ് എന്നാണ് പേര്. അദ്ദേഹമാണ് ഓരോന്നും തപ്പിപിടിച്ച് കൊണ്ടുവന്നു തരുന്നത്. ഔസേപ്പ് മാത്രമല്ല, പലരും അവരുടെ സൗഹൃദത്തില്‍ നിന്ന് കൊണ്ടുവന്നിട്ടുണ്ട്.

പിന്നെ അതിലെ ടാറ്റാ സുമോക്ക് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്. കാരണം ഒരേ മോഡലിലുള്ള രണ്ടെണ്ണം വേണമായിരുന്നു. അതിന് വേണ്ടി കുറേ തപ്പിയിരുന്നു. പക്ഷെ കിട്ടിയില്ല. അവസാനം, എല്ലാം അഴിച്ച് മാറ്റിയിട്ട് രണ്ടാമത് സെറ്റ് ചെയ്യുകായിരുന്നു,’ ഷാജി നടുവില്‍ പറഞ്ഞു.


Content Highlight: Art Director Shajie Naduvil Talks About Mammootty’s Driving Skill

We use cookies to give you the best possible experience. Learn more