മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം തിയേറ്ററിൽ കൈയടി നേടുമ്പോൾ പ്രേക്ഷകർ ഒരുപോലെ ശ്രദ്ധിച്ച ഒന്നായിരുന്നു സിനിമയിലെ ആർട്ട് ഡിപ്പാർട്മെന്റും. ഷാജി നടുവിൽ ആയിരുന്നു ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചത്.
വലിയ രീതിയിലുള്ള അപ്ഡേറ്റുകളൊന്നും പുറത്ത് വിടാത്ത കാതലെന്ന സിനിമയെ കുറിച്ചും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് ഷാജി. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഷാജി നടുവിൽ.
‘കാതൽ എന്ന ചിത്രത്തെ കുറിച്ച് ഒന്നും പറയാൻ എനിക്ക് കഴിയില്ല. എന്തായാലും അധികം വൈകാതെ തന്നെ അത് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. അത് എല്ലാവരെയും അത്ഭുതപെടുത്തുന്ന, മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് ഇനിയും ഒരുപാട് എഴുതാനും പറയാനും നമുക്ക് അവസരമൊരുക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ സിനിമയിൽ ഐശ്വര്യറായിയോടൊപ്പം മമ്മൂക്ക അഭിനയിക്കുന്നത് കണ്ടാൽ ഇപ്പോഴും നമ്മുടെ കണ്ണ് നിറയില്ലേ. എന്ത് രസമായിട്ടാണ് അദ്ദേഹം അത് അവതരിപ്പിച്ചിട്ടുള്ളത്.
കാതലും അങ്ങനെയൊരു സിനിമയാണ്. പക്ഷെ ആ വൈകാരിക തലം പ്രേക്ഷകർ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല. പക്ഷെ മമ്മൂക്കയുടെ പ്രകടനം നമ്മളെ ഞെട്ടിക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ആ ഞെട്ടലോടെ തന്നെ സിനിമ കാണാനാണ് ഞാനും കാത്തിരിക്കുന്നത്.
കാതലിന്റെ കഥയെ കുറിച്ച് ആരാധകർ പലതരത്തിൽ സംസാരിക്കുന്നുണ്ട്. പക്ഷെ അതിനെ കുറിച്ച് ഞാൻ ഒന്നും പറയില്ല.
ഞാൻ വർക്ക് ചെയ്ത സിനിമയാണെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഒരു വലിയ സ്‌ക്രീനിൽ കാണാനാണ് ഞാൻ കാത്തിരിക്കുന്നത്,’ഷാജി പറയുന്നു.
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ഉടനെ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Art Director Shajie Naduvil Talk About Mammooty’s Kaathal Movie