'ഇന്നസെന്റ് ചേട്ടന്റെ മരണത്തെ കുറിച്ച് ഒരു ദിവസം മുമ്പേ അറിയാമായിരുന്നു, ഉണ്ണികൃഷ്ണൻ സാർ വിളിച്ച് സംസാരിച്ചു'
Malayalam Cinema
'ഇന്നസെന്റ് ചേട്ടന്റെ മരണത്തെ കുറിച്ച് ഒരു ദിവസം മുമ്പേ അറിയാമായിരുന്നു, ഉണ്ണികൃഷ്ണൻ സാർ വിളിച്ച് സംസാരിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th October 2023, 6:00 pm

കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ ആർട്ട്‌ ഡിപ്പാർട്മെന്റും പ്രേക്ഷരുടെ കൈയടി നേടുന്നുണ്ട്. കാലങ്ങളായി മലയാള സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഷാജി നടുവിൽ ആണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിട്ടുള്ളത്.

ഒരുപാട് വിജയ ചിത്രങ്ങളുടെ ഭാഗമായ ഷാജി, വിട പറഞ്ഞ നടൻ ഇന്നസെന്റിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ്. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഷാജി.

ഇന്നസെന്റ് ചേട്ടന്റെ കൂടെ വർക്ക്‌ ചെയ്യാൻ നല്ല രസമാണ്. ട്വന്റി ട്വന്റി എന്ന സിനിമയിൽ ഇന്നസെന്റ് ചേട്ടൻ കൃഷ്ണന്റെ വേഷത്തിൽ സെറ്റിൽ എത്തി ഒരുപാട് തമാശ പറഞ്ഞതെല്ലാം നല്ല ഓർമ്മകളാണ്. ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള എല്ലാവർക്കും അറിയാം ചേട്ടന്റെ ആ രീതികളും സംസാരങ്ങളുമെല്ലാം. ഭയങ്കര രസമായിരുന്നു.

എന്റെ ജീവിതത്തിൽ മറക്കാനാവാത്ത കാര്യം എന്താണെന്ന് വെച്ചാൽ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ ഇൻഡോർ സ്റ്റേഡിയത്തിൽ മുഴുവനായി സെറ്റ് ചെയ്തത് ഞാനായിരുന്നു.

അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ഒരു ദിവസം മുമ്പ് തന്നെ ഞങ്ങൾക്ക് ഏകദേശം അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ സാർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. നല്ല ഗ്രാൻഡായി അത് ചെയ്യണമെന്ന്. പൈസയെ കുറിച്ചൊന്നും ആലോചിക്കണ്ട. ഒന്നും നോക്കാണ്ടയെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഞായറാഴ്ചയായിരുന്നു അന്ന്. ഞാനന്ന് കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിൽ ആയിരുന്നു. അന്ന് തന്നെ ഞങ്ങൾ ടെക്നിഷ്യൻമാരുമായി അങ്ങോട്ട്‌ പോയി.
അദ്ദേഹം എന്നും വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയായിരുന്നു. ഒരിക്കലും ഒരു നെഗറ്റീവ് കാര്യങ്ങൾ ഇന്നസെന്റ് ചേട്ടന്റെ അടുത്ത് നിന്ന് ഉണ്ടായിട്ടില്ല.

എന്നും സന്തോഷത്തോടെ കൂടെയുള്ളവരെ ഏറ്റവും കംഫർട്ടബിൾ ആയിട്ട് നിർത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഒരുപാട് കഷ്ടപ്പാടുകളും യാതനകളും താണ്ടിയാണ് ജീവിതത്തിൽ അദ്ദേഹം അത്രയും ഉയരത്തിൽ എത്തിയത്. അതുകൊണ്ട് തന്നെ അത്രയൊന്നും ബുദ്ധിമുട്ടിയിലെങ്കിലും എനിക്കും വളരെ റിലേറ്റഡായിരുന്നു ഇന്നസെന്റ് ചേട്ടന്റെ ജീവിതം.

അതൊന്നും ആരെയും അറിയിക്കാതെ അദ്ദേഹം ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വലിയൊരു കാര്യമാണ്. നമുക്കൊന്നും അതിന് കഴിയില്ല. ഇന്നസെന്റ് ചേട്ടനൊപ്പം വർക്ക്‌ ചെയ്തതെല്ലാം എന്നും നല്ല ഓർമ്മകളാണ്,’ഷാജി പറയുന്നു.

Content Highlight: Art Director Shajie Naduvil Talk About Innocent