| Wednesday, 27th October 2021, 5:34 pm

റോഡ് റോളര്‍ ഉരുണ്ട് വന്ന് മതില്‍ തകര്‍ത്തത് വെറും ഷൂട്ടിങ് മാത്രമായിരുന്നില്ല; വെള്ളാനകളുടെ നാട് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് കലാ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ 1988 ല്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു വെള്ളാനകളുടെ നാട്.

സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ചില സംഭവങ്ങള്‍ പറയുകയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടറായ കെ. കൃഷ്ണന്‍കുട്ടി. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയിലാണ് ചിത്രത്തില്‍ റോഡ് റോളര്‍ ഉരുണ്ട് വന്ന് മതില്‍ തകര്‍ക്കുന്ന രംഗം ചിത്രീകരിച്ചതിനെ കുറിച്ച് അദ്ദേഹം പറയുന്നത്.

റോഡ് റോളര്‍ ആന കെട്ടി വലിച്ചുകൊണ്ടുവരികയും പിന്നീട് കയര്‍ പൊട്ടി ശോഭനയുടെ വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് കയറുന്നതുമായ രംഗമാണ് ചിത്രീകരിക്കേണ്ടത്. ഗിയറില്‍ മാത്രം സഞ്ചരിക്കുന്ന വാഹനമാണ് റോളര്‍. ബ്രേക്ക് എന്ന് പറയുന്ന സാധനം ഇല്ല. ഗിയറിലാണ് ഇതിന്റെ ബ്രേക്ക്. അതുപോലെ നല്ല വേഗതയില്‍ റോളര്‍ ഉരുട്ടാന്‍ സാധിക്കില്ല.

അതുകൊണ്ട് തന്നെ നല്ല സ്പീഡില്‍ റോളര്‍ ഉരുട്ടിയെടുക്കാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച ഞങ്ങള്‍ ഇതിന്റെ ഡ്രൈവറുമായി സംസാരിച്ചു. ഗിയറുമായുള്ള എഞ്ചിന്റെ കണക്ഷന്‍ ഇല്ലാതാക്കി കഴിഞ്ഞാല്‍ അത് അതിന്റെ മാക്‌സിമം സ്പീഡില്‍ പോകുമെന്നും അത് മാത്രമേ ഒരു മാര്‍ഗമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ സംവിധായകന്റെ സമ്മതത്തോടെ ഞങ്ങള്‍ റോളറിന്റെ എഞ്ചിനും ഗിയറുമായിട്ടുള്ള കണക്ഷന്‍ വിടീച്ചു. അങ്ങനെ ആനയെ കൊണ്ട് കെട്ടിവലിക്കുന്ന സീന്‍ പ്ലാന്‍ ചെയ്തു. ആന കെട്ടി വലിക്കുമ്പോള്‍ പെട്ടെന്ന് ആനയെ മാറ്റുകയും അതോടെ റോളര്‍ അതിവേഗത്തില്‍ മുന്നോട്ട് ഉരുളുകയും ചെയ്തു.

റോളറിന്റെ വരവ് കണ്ടിട്ട് സംവിധായകനും ഞങ്ങളുമെല്ലാം യഥാര്‍ത്ഥത്തില്‍ പേടിച്ചുപോയി. ബ്രേക്ക് ഇല്ലാത്തതുകൊണ്ട് ഇത് നിര്‍ത്താന്‍ കഴിയുകയുമില്ലല്ലോ. അങ്ങനെ ഇത് വീടിന് നേരെ നീങ്ങി വരികയാണ്. ഷൂട്ടിങ്ങിന് ആവശ്യമായ പരിധി കഴിഞ്ഞാല്‍ ഇത് എങ്ങനെ നിര്‍ത്തുമെന്ന ആലോചന എല്ലാവരിലുമുണ്ടായി.

സിനിമയില്‍ കാണുന്നതുപോലെ തന്നെ പലരും റോളര്‍ നിര്‍ത്താന്‍ വേണ്ടി കല്ലെടുത്തിടുന്നതും കുടയെടുത്തിടുന്നതും സത്യമായി നടന്ന കാര്യമാണ്. അങ്ങനെ ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് ഈ റോളര്‍ അതി വേഗത്തില്‍ വന്ന് ഞങ്ങള്‍ പൊളിക്കാനായി കെട്ടിയ മതിലും കടന്ന് ആരുടെയോക്കെയോ ഭാഗ്യത്തിന് ഈ വീട് തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വന്ന് നിന്നു.

ഒരുപക്ഷേ ഈ മതിലിടിഞ്ഞ കല്ലിലൊക്കെ തട്ടിയതുകൊണ്ട് റോളര്‍ അവിടെ നിന്നതാവാം. അതൊരു ഭാഗ്യമായിരുന്നു. അല്ലെങ്കില്‍ ആ വീടിന്റെ ഒരു ഭാഗം കൂടി പോയേനെ. എക്കാലവും ആളുകള്‍ക്ക് ഓര്‍ത്തുചിരിക്കാന്‍ പറ്റിയ ഒരു സീനായി അത് മാറി. എന്നാല്‍ ചിത്രീകരണ സമയത്ത് ഞങ്ങള്‍ എല്ലാവരും വലിയ ടെന്‍ഷനിലായിപ്പോയിരുന്നു. വേഗത നിയന്ത്രിക്കാന്‍ കഴിയാതെ റോളറിന്റെ ഗിയര്‍ ബോക്‌സൊക്കെ കരിഞ്ഞുപോയിരുന്നു, അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:art Director Reveals  Vellanakaludenadu Shooting Incidents

We use cookies to give you the best possible experience. Learn more