ശരീരം മെലിഞ്ഞ സമയത്ത് പൃഥ്വി പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നു; സെറ്റില്‍ വെച്ച് അത് നേരിട്ട് കണ്ടിട്ടുണ്ട്: പ്രശാന്ത് മാധവ്
Entertainment
ശരീരം മെലിഞ്ഞ സമയത്ത് പൃഥ്വി പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നു; സെറ്റില്‍ വെച്ച് അത് നേരിട്ട് കണ്ടിട്ടുണ്ട്: പ്രശാന്ത് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st March 2024, 3:54 pm

ആടുജീവിതം എന്ന സിനിമക്കായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നജീബ് എന്ന കഥാപാത്രമാകാന്‍ 30 കിലോയോളം താരം കുറച്ചിരുന്നു. ശരീരഭാരം കുറച്ച പൃഥ്വിയുടെ ഫോട്ടോകള്‍ ഞെട്ടിക്കുന്നതായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറിലും പൃഥ്വിയുടെ പ്രകടനം കൈയടി നേടുന്നതായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ സമയത്താണ് താരം ഭാരം കുറച്ചത്. മെലിഞ്ഞതിന് ശേഷം പൃഥ്വിക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നുവെന്നും, സെറ്റില്‍ വച്ച് അത് അുഭവിച്ചിട്ടുണ്ടെന്നും സിനിമയുടെ ആര്‍ട്ട് ഡയറക്ടറായ പ്രശാന്ത് മാധവ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജിനെ മെലിഞ്ഞ രൂപത്തില്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രശാന്ത്.

ജോര്‍ദാനിലെ സെക്കന്‍ഡ് ഷെഡ്യൂളിനാണ് പൃഥ്വി മെലിയുന്നത്. അപ്പോഴാണ് പുള്ളി എത്രത്തോളം മെലിഞ്ഞിട്ടുണ്ടെന്ന് മനസിലായത്. ആ സമയത്ത് പൃഥ്വിയുടെ ഫുഡ് എന്ന് പറയുന്നത് കുറേ ഗുളികകള്‍ മാത്രമാണ്. വെള്ളമൊക്കെ ഒരു സ്പൂണൊക്കെയേ കുടിക്കാറുള്ളൂ. നമ്മളൊക്കെ ഫുഡ് കഴിക്കുമ്പോള്‍ പുള്ളി മാത്രം മാറിയിരിക്കും.

ഫുഡ് കഴിക്കാതെ മെലിഞ്ഞതുകൊണ്ട് പുള്ളിക്ക് പെട്ടെന്ന് ദേഷ്യം വരും. പലപ്പോഴും അത് കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഞങ്ങളോടും ദേഷ്യപ്പെട്ടിട്ടുണ്ട്. അടി കൊണ്ട് നിലത്ത് വീണ് കിടക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു അത്. പുള്ളി വീണതിന് ശേഷം മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തേക്ക് പോകും. കൂടെ കുടയുമായി അസിസ്റ്റന്റും പോകും. അവര്‍ എല്ലാം റെഡിയാക്കി പോയ ശേഷം ടേക്കിന് മുന്നേയാണ് ഞങ്ങള്‍ക്കുള്ള പണി.

ചുറ്റും നിന്നവരുടെ കാല്‍പ്പാടുകള്‍ മായ്ച്ച് നീളമുള്ള ഒരു സ്റ്റിക്കില്‍ ആടുകളുടെ കാല്പാടുകള്‍ പൃഥ്വി കിടക്കുന്നതിന് ചുറ്റും കുത്തി പാടാക്കും. മരുഭൂമിയില്‍ എപ്പോഴും കാറ്റായിരിക്കും. കാറ്റില്‍ മേലെയുള്ള മണലൊക്കെ ഒരു ലെയറായിട്ട് പറന്നുകൊണ്ടിരിക്കും. ഞങ്ങള്‍ ഈ കാല്പാട് റെഡിയാക്കുന്ന സമയത്ത് മണലൊക്കെ പൃഥ്വിയുടെ ചെവിയില്‍ കേറിയിരുന്നു. അവിടെ തന്നെ കിടന്നുകൊണ്ട് ഞങ്ങളോട് ചൂടാവും. അത് കേട്ടിരിക്കാതെ വേറെ വഴിയില്ല. ഇല്ലെങ്കില്‍ ഡയറക്ടര്‍ ചൂടാവുന്നത് കേള്‍ക്കേണ്ടി വന്നേനെ,’ പ്രശാന്ത് പറഞ്ഞു.

Content Highlight: Art director Prashanth Madhav shares the experience of Aadujeevitham