| Sunday, 30th July 2023, 4:06 pm

മിന്നല്‍ മുരളിയേയും അവഗണിച്ചു, സ്വന്തക്കാര്‍ക്ക് പകുത്തുകൊടുക്കാന്‍ അവാര്‍ഡ് പൂര്‍വികസ്വത്തല്ല; വിനയനെ പിന്തുണച്ച് മനു ജഗദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ വിനയനെ പിന്തുണച്ച് ആര്‍ട്ട് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ മനു ജഗദ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ടു എന്ന വിനയന്റെ ആരോപണത്തിന് പിന്നാലെയാണ് പിന്തുണയുമായി മനു ജഗദ് എത്തിയത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു എന്ന കാരണം പറഞ്ഞു മിന്നല്‍ മുരളിക്കും പല അംഗീകാരങ്ങളും അവഗണിച്ചുവെന്ന് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ കൂടിയായിരുന്ന മനു ജഗദ് പറഞ്ഞു. അവാര്‍ഡ് എന്നത് അംഗീകാരമാണെന്നും പ്രോത്സാഹനമാണെന്നും അല്ലാതെ സ്വന്തക്കാര്‍ക്ക് പകുത്തുകൊടുക്കാന്‍ പൂര്‍വികസ്വത്തൊന്നുമല്ലെന്നും മനു ജഗദ പറഞ്ഞു.

മിന്നല്‍ മുരളിയ്ക്കു ബെസ്റ്റ് ഡയറക്ടര്‍ അവാര്‍ഡ് ഏഷ്യാ തലത്തില്‍ ‘ഏഷ്യല്‍ അക്കാഡമി ക്രിയേറ്റീവ് അവാര്‍ഡ്’ നല്‍കി ബേസില്‍ ജോസഫിനെ ആദരിച്ചപ്പോഴും ഇവിടെ സ്‌റ്റേറ്റ് അവാര്‍ഡ് നിഷേധിക്കപ്പെട്ടുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ മനു ജഗദ് പറഞ്ഞു.

‘വെല്‍ സെഡ് വിനയന്‍ സാര്‍. 2021ല്‍ മിന്നല്‍ മുരളി ഇറങ്ങിയപ്പോഴും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു എന്ന കാരണവും പറഞ്ഞു പല അംഗീകാരങ്ങളും അവഗണിച്ചു. രണ്ട് വര്‍ഷത്തോളം കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ നിശ്ചലമാക്കിയ വേളയില്‍ തിയേറ്റര്‍ പോലും എന്ന് പ്രവര്‍ത്തിക്കും എന്നറിയാത്ത സാഹചര്യത്തിലാണ് മിന്നല്‍ മുരളി ഒരു ഒ.ടി.ടി എന്ന രീതിയില്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതമായത് തന്നെ.

അവാര്‍ഡ് എന്നത് അംഗീകാരമാണ്, പ്രോത്സാഹനമാണ്. അല്ലാതെ സ്വന്തക്കാര്‍ക്ക് പകുത്തുകൊടുക്കാന്‍ പൂര്‍വികസ്വത്തൊന്നുമല്ലല്ലോ. അന്നും പ്രതികരിച്ചിരുന്നു. സത്യങ്ങള്‍ പറഞ്ഞാല്‍ അഹങ്കാരിയാകും. കൊള്ളരുതാത്തവനാകും. റാന്‍ മൂളി നില്കുന്നവര്‍ക്കാണ് ഇവിടെയെല്ലാം.

ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയ മിന്നല്‍ മുരളിയ്ക്കു ബെസ്റ്റ് ഡയറക്ടര്‍ അവാര്‍ഡ് ഏഷ്യാ തലത്തില്‍ ‘ഏഷ്യല്‍ അക്കാഡമി ക്രിയേറ്റീവ് അവാര്‍ഡ്’ നല്‍കി ബേസില്‍ ജോസഫിനെ ആദരിച്ചപ്പോഴും ഇവിടെ സ്‌റ്റേറ്റ് അവാര്‍ഡ് നിഷേധിക്കപ്പെട്ടു.

എന്തായാലും സത്യങ്ങള്‍ വെളിച്ചത്തു വരും എന്നായാലും. മലയാള സിനിമയ്ക്കു തന്നെ ലജ്ജാവഹമാണ് ഇത്തരം തരം താഴ്ച,’ വിനയന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മനു ജഗദ് കുറിച്ചു.

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയന്‍ ആരോപിച്ചിരിക്കുന്നത്. അക്കാദമി ചെയര്‍മാന്‍ നിരന്തരമായി ഇടപെടല്‍ നടത്തുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്‌കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്ത്രിയുടെ പി.എസിനെ തന്നെ വിളിച്ചു പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് വിനയന്‍ പറഞ്ഞു.

ഈ ജൂറി അംഗത്തോട് പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും അവാര്‍ഡ് നിര്‍ണയം നടക്കുന്ന വേളയില്‍ രഞ്ജിത്ത് പറഞ്ഞെന്നും
സംഗീതത്തിനും ഡബ്ബിങ്ങിനുമായി മൂന്ന് അവാര്‍ഡ് ചിത്രത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അറിഞ്ഞപ്പോള്‍ രഞ്ജിത്ത് കലിപൂണ്ടുവെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കൃത്യമായ തെളിവുകള്‍ കൈയ്യില്‍ വച്ചുകൊണ്ടാണ് താനിതെഴുതുന്നതെന്നും വേണ്ടി വന്നാല്‍ അത് എല്ലാ മീഡിയക്കും കൊടുക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Art director Manu JagadH supported director Vinayan in the allegation against ranjith

We use cookies to give you the best possible experience. Learn more