| Tuesday, 7th February 2023, 3:42 pm

'ഫാസില്‍ സിനിമക്ക് വേണ്ടി ലൊക്കേഷന്‍ തപ്പി ഇ.എം.സിന്റെ വീട്ടില്‍ വരെയെത്തി, പക്ഷെ അത് ശരിയായില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മണിച്ചിത്രത്താഴ്. സിനിമക്ക് അനിയോജ്യമായി ലൊക്കേഷന്‍ തെരഞ്ഞുപോയതിനെ കുറിച്ച് പറയുകയാണ് സിനിമയുടെ ആര്‍ട്ട് ഡയറക്ടറായ മണി സുചിത്ര. ഇത്തരമൊരു പ്രമേയമായതുകൊണ്ട് സിനിമ വിജയിക്കുമോ എന്നുതന്നെ സംശയമായിരുന്നുവെന്നും അതുകൊണ്ട് തന്നെ മികച്ച ലൊക്കേഷന്‍ കണ്ടുപിടിക്കുക വലിയ പണിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ലൊക്കേഷന്‍ അന്വേഷിച്ച് ഇ.എം.എസിന്റെ വീട്ടില്‍ വരെ പോയിരുന്നുവെന്നും അവസാനമാണ് തൃപ്പൂണിത്തുറ പാലസ് കണ്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലൊക്കേഷനുകളിലായാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മണി സുചിത്ര പറഞ്ഞു.

‘മണിച്ചിത്രത്താഴ് സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് ഇങ്ങനെയൊരു പ്രമേയം വിജയിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമായി. അങ്ങനെയാണ് സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ, മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു പ്രമേയം കൂടിയായിരുന്നതിനാല്‍ അതിനാവശ്യമായ മികച്ച ലൊക്കേഷന്‍ കണ്ടെത്തുന്നതായിരുന്നു അടുത്ത വെല്ലുവിളി.

സൈക്കോളജിക്കല്‍- ഹൊറല്‍ ത്രില്ലര്‍ ആയതുകൊണ്ടു തന്നെ ഭീകരാന്തരീക്ഷം തോന്നുന്ന പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്നിടത്ത് തന്നെ ചിത്രീകരിക്കേണ്ടത് അനിവാര്യമായിരുന്നു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിരുന്ന പി.എ. ലത്തീഫും ഞാനും ഒരു കാറുമെടുത്ത് ലൊക്കേഷന്‍ തേടി കേരളത്തിലെ ഒരുപാട് പഴയ വീടുകള്‍ കാണാന്‍ പോയി. മുന്‍മുഖ്യമന്ത്രി ഇ.എം.എസിന്റെ തറവാടും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ശരിയായില്ല.

ഒടുവില്‍ സംവിധായകന്‍ ഫാസിലാണ് തൃപ്പൂണിത്തുറ പാലസ് ഒന്നു പോയി കാണാന്‍ പറഞ്ഞത്. തൃപ്പൂണിത്തുറ പാലസ് സിനിമയുടെ കഥക്ക് ചേരുമെന്ന് തോന്നി. അതുമാത്രം മതിയായിരുന്നില്ല. നാഗര്‍കോവില്‍ പത്മനാഭപുരം പാലസ് കൂടി ചേര്‍ത്താണ് ലൊക്കേഷന്‍ ഒരുക്കിയത്. നാഗവല്ലിയുടെയും കാരണവരുടെയും തെക്കിനിക്ക് പറ്റിയ മുറികള്‍ അവിടെ എവിടെയും ഉണ്ടായിരുന്നില്ല.

അങ്ങനെയാണ് ജെമിനി സ്റ്റുഡിയോസിന്റെ ഉടമസ്ഥന്‍ എസ്.എസ്. വാസന്റെ ഉടമസ്ഥതയിലുള്ള വീട് തെരഞ്ഞെടുക്കുന്നത്. ഈ മൂന്ന് ലൊക്കേഷനുകളും ഒത്തുവന്നപ്പോഴാണ് മണിച്ചിത്രത്താഴിന് പൂര്‍ണത വന്നത്. തെക്കിനിയിലെ പ്രധാന ആകര്‍ഷണം നാഗവല്ലിയുടെയും കാരണവരുടെയും ചിത്രങ്ങളായിരുന്നു. ഒരുപാട് കാലങ്ങള്‍ പൂട്ടിയിട്ട ഒരു മുറിയാണ് സിനിമയില്‍ കാണിക്കുന്നത് മാറാലയും പൊടിയും നിറഞ്ഞിതായിരിക്കണമായിരുന്നു.

നാഗവല്ലിയുടെ കിടക്ക, ആഭരണപ്പെട്ടികള്‍, കാരണവരുടെ മുറി, ആട്ടുകട്ടില്‍ അങ്ങനെ ഓരോ വസ്തുവിനും സിനിമയില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. അതെല്ലാം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. നാഗവല്ലിയുടെ മനോഹരമായ ചിത്രവും കണ്ണാടിയും ജോണ്‍സണ്‍ മാഷുടെ പശ്ചാത്തല സംഗീതവും ഒത്തൊരുമിച്ച് വന്നതോടെയാണ് തെക്കിനി പ്രേക്ഷകരില്‍ ഭയം ജനിപ്പിച്ചത്. അതൊരിക്കലും ആര്‍ട്ട് ഡയറക്ടറുടെ മാത്രം കഴിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ മണി സുചിത്ര പറഞ്ഞു.

content highlight: art director mani suchithra about manichitrathazhu movie

We use cookies to give you the best possible experience. Learn more