1992ല്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് സദയം. മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ട് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് സദയം. ചിത്രത്തില്‍ തൂക്കിലേറ്റപ്പെട്ട ഒരു കുറ്റവാളി കിടന്ന സെല്ലില്‍ തന്നെയാണ് മോഹന്‍ലാലും കിടന്നതെന്ന് പറയുകയാണ് കലാസംവിധായകന്‍ കൃഷ്ണന്‍ കുട്ടി. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കൃഷ്ണന്‍ കുട്ടി സദയത്തിന്റെ ചിത്രീകരണ വിഷയങ്ങള്‍ പങ്കുവെച്ചത്.
‘മോഹന്‍ലാലിന്റെ കഥാപാത്രം ജയിലില്‍ കിടന്നത് കണ്ടംഡ് സെല്‍ എന്ന് പൊതുവേ പറയുന്ന ഒറ്റപ്പെട്ട സെല്ലിലാണ്. കുറ്റവാളികളില്‍ നിന്നും പ്രത്യേകമായി മാറിനില്‍ക്കുന്ന ഒരു സ്ഥലമാണ് കണ്ടംഡ് സെല്‍ എന്ന് പറയുന്നത്. തൂക്കിലിടാന്‍ വിധിക്കപ്പെട്ട കുറ്റവാളികളെ കിടത്തുന്ന സെല്ലാണ് അത്. ഏകദേശം 25 ദിവസത്തെ ഷൂട്ട് അവിടെ നടന്നിരുന്നു.
അവിടെയാണ് കേരളത്തെയാകെ ഭയപ്പെടുത്തിയിരുന്ന റിപ്പര്‍ എന്ന കൊലയാളി കിടന്നിരുന്നത്. അയാളെ തൂക്കിലേറ്റി ഒരാഴ്ചക്ക് ശേഷമാണ് മോഹന്‍ലാല്‍ ആ സെല്ലില്‍ കിടക്കുന്നത്. എല്ലാവര്‍ക്കും വളരെയധികം മാനസിക സംഘര്‍ഷവും പ്രയാസവുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും ലാല്‍ വളരെ മനസംയമനത്തോടെ അവിടെ വര്‍ക്ക് ചെയ്യാന്‍ സമ്മതിക്കുകയും അങ്ങനെ ഒരു മാസക്കാലം ആ സെല്ലില്‍ ഷൂട്ട് ചെയ്യുകയുമുണ്ടയായി.
പത്ത് പതിനാല് കുറ്റവാളികള്‍ ഒന്നിച്ചുകിടക്കുന്നതായി കാണിക്കുന്ന സെല്‍ പുറത്താണ് സെറ്റ് ചെയ്തത്. അതിനുള്ള മിനി ഹാള്‍ കണ്ടെത്തി കുറ്റവാളികള്‍ക്ക് കിടക്കാനുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കി ബെഡ്ഡായി ചിത്രീകരിച്ച് ആ ഒരു രൂപത്തിലേക്ക് ആക്കി തീര്‍ക്കുകയാണ് ചെയ്തത്. ഇതൊക്കെ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള സംഭവങ്ങളായികരിക്കുമല്ലോ ഉദ്ദേശിക്കുന്നത്. അതിനനുസരിച്ച് പി.വി.സി പൈപ്പ് കൊണ്ട് അനുയോജ്യമായ പെയിന്റടിച്ച് ജയിലിലെ അഴികള്‍ ഉണ്ടാക്കി.
കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അനാഥരായ കുട്ടികളെ സഹായിക്കുന്ന ഒരു പുരോഹിതനായിട്ടാണ് ചിത്രത്തില്‍ നെടുമുടി വേണുവെത്തുന്നത്. കടപ്പുറത്ത് കുട്ടികള്‍ കളിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. കുട്ടികള്‍ കളിക്കുന്ന ചിത്രങ്ങള്‍ നെടുമുടി വേണു ക്യാമറയിലാക്കുകയാണ്.
അത് കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ചിത്രീകരിച്ചത്. അന്നൊന്നും ഷൂട്ടിങ് നാട്ടുമ്പുറങ്ങളിലേക്ക് അങ്ങനെ ഇറങ്ങിച്ചെന്നിട്ടില്ല. അതുകൊണ്ടുതന്നെ വളരെയധികം ജനം ഷൂട്ടിങ് കാണാന്‍ അവിടെ തടിച്ചുകൂടി. അവരെ നിയന്ത്രിക്കാന്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. വളരെ ശ്രമകരമായിട്ടാണ് ഔട്ട്‌ഡോര്‍ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്,’ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
Content Highlight: art director krishnan kutty talks about sadayam movie