| Tuesday, 12th November 2024, 6:47 pm

മറ്റൊരു നടനും ആ ഷോട്ടിന് വഴങ്ങില്ല, പക്ഷെ ലാലേട്ടൻ ഞെട്ടിച്ചു: ആർട്ട്‌ ഡയറക്ടർ ജോസഫ് നെല്ലിക്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നരൻ. രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രം തിയേറ്ററിൽ വലിയ വിജയമാവുകയും മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

മോഹൻലാലിന്റെ നിരവധി സാഹസിക രംഗങ്ങൾ നിറഞ്ഞ് നിൽക്കുന്ന ചിത്രമായിരുന്നു നരൻ. നദിയിലൂടെ ഒഴുകി പോകുന്ന മരത്തടി പിടിച്ച് നിർത്തുന്ന ചിത്രത്തിലെ രംഗം സിനിമയുടെ ഒരു പ്രധാന ഹൈലൈറ്റിലൊന്നാണ്. ആ സീൻ ഷൂട്ട്‌ ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ ആർട്ട്‌ ഡയറക്ടർ ജോസഫ് നെല്ലിക്കൽ.

മരത്തടികൾ ഉണ്ടാക്കാനാണ് ഏറ്റവും പ്രയാസപ്പെട്ടതെന്നും കാരണം സിനിമയിൽ കാണുന്ന വെള്ളപൊക്കം ഒറിജിനലാണെന്നും ജോസഫ് പറയുന്നു. ചില രംഗങ്ങൾ ഒരു ഡാമിലാണ് ഷൂട്ട്‌ ചെയ്തതെന്നും എന്നാൽ ആ വെള്ളപൊക്കം ശരിക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അഭിനേതാവും ആ വെള്ളത്തിലേക്ക് ഇറങ്ങില്ലെന്നും എന്നാൽ മോഹൻലാൽ അതിന് തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നരൻ സിനിമയിലെ മരത്തടികളാണ് ഞങ്ങൾ ഫേക്ക് ആയിട്ട് ഉപയോഗിച്ചിരുന്നത്. ആ തടി പിടിക്കുന്ന സീൻ എനിക്ക് ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. കാരണം ഞാൻ കാണാത്ത ഒഴുക്കുകളും വെള്ളപൊക്കവുമാണ് നരനിൽ ഉള്ളത്.

അതിൽ കാണിക്കുന്ന പുഴ റിയലായിട്ടുള്ളതല്ല. അതൊരു ഡാമാണ്. അതിനെ ഞങ്ങൾ പുഴയാക്കി മാറ്റിയതാണ്. കാരണം കടത്ത് കടവ് ഇടുമ്പോൾ ലോജിക്കലി അതൊരു പുഴയായി മാറുമല്ലോ. രണ്ട് കടവും ഒരേ സ്ഥലത്ത് തന്നെയാണ്. പക്ഷെ അത് കുത്തിയൊഴുകുന്നത് കാണിക്കാനായി എടുത്തിരിക്കുന്നത് ഹൊഗനക്കലാണ്.

ഏകദേശം ഇതിനോട് സാമ്യമുള്ള സ്ഥലമാണ് ഹൊഗനക്കൽ. അവിടെ ചെല്ലുമ്പോൾ ഒറിജിനൽ വെള്ളപ്പൊക്കമായിരുന്നു. ആ ഒറിജിനൽ വെള്ളപ്പൊക്കത്തിൽ ഇറങ്ങിയാണ് ലാലേട്ടൻ അഭിനയിച്ചിട്ടുള്ളത്. എല്ലാ അഭിനേതാക്കളും അതിന് വേണ്ടി വഴങ്ങില്ല.

കബനി ഡാം തുറന്നിട്ട്‌ ആ സമയത്ത് ഒരു ഒന്നര കിലോമീറ്ററോളം കരയിലേക്ക് വെള്ളം കയറിയിട്ടുണ്ടായിരുന്നു. അവിടെയാണ് ആ സീനുകൾ ഷൂട്ട്‌ ചെയ്തത്. അതുകൊണ്ട് വെള്ളപ്പൊക്കം ഷൂട്ട്‌ ചെയ്യേണ്ട സമയത്ത് ഒറിജിനൽ വെള്ളപ്പൊക്കം തന്നെ വന്നു,’ ജോസഫ് നെല്ലിക്കൽ പറയുന്നു.

Content Highlight: Art Director Joseph Nellikkal About Naran Movie

We use cookies to give you the best possible experience. Learn more