അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബിയിലെ ഏറ്റവും പ്രശസ്തമായ രംഗങ്ങളിലൊന്നാണ് കാര്‍ ബ്ലാസ്റ്റ് സീന്‍. വണ്ടി കത്തിക്കുന്ന രംഗത്തിനിടയില്‍ ഒരു ഭാഗം മമ്മൂട്ടിക്ക് നേരെ തെറിച്ചുവന്നിരുന്നുവെന്നും മാറിയില്ലായിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമെന്നുമായിരുന്നു ഇത് സംബന്ധിച്ചുണ്ടായിരുന്ന ചര്‍ച്ചകള്‍.
എന്നാല്‍ വണ്ടിയുടെ ഭാഗമല്ല, അകത്തിരുന്ന ഡമ്മിയുടെ ഭാഗമാണ് മമ്മൂട്ടിക്ക് നേരെ തെറിച്ചുവന്നതെന്ന് പറയുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. സിനിമ വന്നപ്പോള്‍ അത് ഡോറായി മാറിയെന്നും അത് സംവിധായകന്റെ ഐഡിയ ആണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുണ്ടന്നൂര്‍ പാലത്തിനടത്തു വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. അന്ന് അവിടെ കാട് പിടിച്ച് കിടക്കുകയാണ്. ആദ്യം ജീപ്പിലെ സീന്‍ എടുത്തു. അതിന് ശേഷമാണ് വണ്ടി കത്തിക്കുന്ന സീന്‍. ഇതില്‍ ഡമ്മി വെച്ചിട്ടുണ്ട്.
വണ്ടി കത്തിയപ്പോള്‍ അകത്തിരുന്ന ഡമ്മിയുടെ പീസാണ് മമ്മൂട്ടിയുടെ അടുത്തേക്ക് തെറിച്ച് വന്നത്. ഇതൊക്കെ വെളിപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാണ്. ഇത്രയും വര്‍ഷങ്ങളായതുകൊണ്ട് വെളിപ്പെടുത്താം. പീസ് തെറിച്ചുവന്നപ്പോള്‍ മമ്മൂക്ക മാറിക്കളഞ്ഞു. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടേനെ.
അതിന് ശേഷം സ്റ്റുഡിയോയില്‍ വന്ന് ഈ ഷോട്ട് റീവൈന്‍ഡ് ചെയ്യുമ്പോഴാണ് ഇത് കാണുന്നത് തന്നെ. പിന്നെ ഒരു ഹൈപ്പ് കിട്ടാനായാണ് അങ്ങനെയൊരു സാധനം വന്ന് പ്രശ്‌നമുണ്ടായി എന്ന് പറഞ്ഞത്. അന്നത്തെ കാലത്ത് അത് വൈറലായി. സിനിമ വന്നപ്പോള്‍ അത് ഡോറായി മാറി.
ഡോറായി മാറിയത് സംവിധായകന്റെ ഐഡിയ ആണ്. ആ സീന്‍ കാണാനായി പ്രേക്ഷകന്‍ വെയ്റ്റ് ചെയ്ത സിനിമയായിരുന്നു അത്,’ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.
Content Highlight: Art Director Joseph Nellickal talks about accident in big b