ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വല്ല്യേട്ടന്‍. മമ്മൂട്ടി അറക്കല്‍ മാധവനുണ്ണിയായി എത്തിയ ചിത്രം വലിയ വിജയമായിരുന്നു. മമ്മൂട്ടിക്ക് പുറമെ സായി കുമാര്‍, സിദ്ദിഖ്, ശോഭന, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും അനില്‍ അമ്പലക്കരയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. രഞ്ജിത്ത് ആണ് വല്ല്യേട്ടന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരുന്നത്.
ബോബനായിരുന്നു ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായിരുന്നത്. സ്‌ക്രിപ്റ്റ് എഴുതി തീരാത്തത് കാരണം ഷൂട്ടിങ് മാറ്റേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് ബോബന്‍. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വല്യേട്ടന്റെ സ്‌ക്രിപ്റ്റ് എഴുതിയത് രഞ്ജിത്തായിരുന്നു. ഞാനും ഷാജിയും അവന്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ലൊക്കേഷന്‍ നോക്കാനായി പോകും. അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ ചേലൂര്‍ മന കണ്ടുപിടിച്ചു. അവിടെ പോയി സെറ്റ് വര്‍ക്കും കാര്യങ്ങളും ചെയ്തു തുടങ്ങി.
എന്നാല്‍ ആ സമയത്ത് രഞ്ജിത്ത് ഒരു വരി പോലും എഴുതിയിരുന്നില്ല. ഞങ്ങള്‍ ഒരിക്കല്‍ സെറ്റ് വര്‍ക്ക് ഉള്ള സ്ഥലത്ത് പോയി തിരിച്ചു വന്നപ്പോള്‍ രഞ്ജി ഞങ്ങളോട് എന്നും രാവിലെ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. ലൊക്കേഷന്‍ നോക്കാന്‍ പോകുന്നതാണെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു.
സ്‌ക്രിപ്റ്റ് എഴുതാതെ എങ്ങനെ ലൊക്കേഷന്‍ നോക്കുമെന്നായിരുന്നു രഞ്ജിത്ത് ചോദിച്ചത്. വല്ല്യേട്ടന്റെ വീട് സെറ്റിടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ വല്ല്യേട്ടന്റെ വീട് കുടിലാണെങ്കിലോ എന്ന് ചോദിച്ചു. സ്‌ക്രിപ്റ്റ് ഇല്ലാതെ ഒന്നും അറിയാന്‍ പറ്റില്ലല്ലോ. കഥയാണെങ്കില്‍ ഒരു വരി പോലും എഴുതിയിട്ടില്ല. അങ്ങനെ സെറ്റ് വര്‍ക്ക് നിര്‍ത്തേണ്ടി വന്നു.
മദ്രാസില്‍ നിന്ന് ആളുകളെ കൊണ്ടുവന്നാണ് അന്ന് സെറ്റ് വര്‍ക്ക് ചെയ്തത്. പടം ഒരു മാസത്തേക്ക് തള്ളാനാണ് തീരുമാനിച്ചത്. ഷാജി എന്നോട് സിനിമയുടെ ഷൂട്ടിങ് തള്ളിവെക്കുന്ന കാര്യം പറഞ്ഞു. മമ്മൂട്ടിയാണ് സിനിമയിലെ നായകന്‍.
സിനിമ തള്ളുമ്പോള്‍ ഒരു മാസം അദ്ദേഹം വെറുതെ വീട്ടില്‍ ഇരിക്കണം. വേറെ പടത്തിന് പോകാന്‍ പറ്റില്ലല്ലോ. പ്രൊഡ്യൂസറിനെ വിളിച്ച് സംസാരിച്ച് സെറ്റ് വര്‍ക്ക് നിര്‍ത്തി വെച്ചു. മമ്മൂട്ടി അതിന് മുമ്പ് ഗള്‍ഫില്‍ എന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞിരുന്നു. വേണമെങ്കില്‍ അതിന് പോയി വരാന്‍ മമ്മൂട്ടിയോട് പറഞ്ഞു.
അപ്പോള്‍ എനിക്ക് പടം ഷൂട്ട് ചെയ്യണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഗള്‍ഫിലെ പരിപാടിക്ക് പോയി വന്ന ശേഷം തുടങ്ങാമെന്ന് ഞങ്ങള്‍ പറഞ്ഞു. രഞ്ജിയെ കൊണ്ടാണ് മമ്മൂട്ടിയോട് സംസാരിപ്പിച്ചത്. കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കുകയായിരുന്നു. അങ്ങനെ പടം ഒരു മാസം തള്ളിവെച്ചു,’ ബോബന്‍ പറയുന്നു.
Content Highlight: Art Director Boban Talks About Ranjith