'സിനിമ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങളുടെ ഈ ചിരിയൊക്കെ മാറും' അവതാരകനോട് തഗ്ഗ് മറുപടിയുമായി മഞ്ഞുമ്മല്‍ ബോയ്സ് ആര്‍ട്ട് ഡയറക്ടര്‍
Film News
'സിനിമ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങളുടെ ഈ ചിരിയൊക്കെ മാറും' അവതാരകനോട് തഗ്ഗ് മറുപടിയുമായി മഞ്ഞുമ്മല്‍ ബോയ്സ് ആര്‍ട്ട് ഡയറക്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th February 2024, 1:29 pm

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണിത്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് പറയുകയാണ് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചു ചെയ്ത സീന്‍ ഏതായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അതൊക്കെ സിനിമ ഇറങ്ങിയിട്ട് പറയുന്നതാണ് നല്ലത്. അപ്പോള്‍ നിങ്ങളാണ് കാണുമ്പോള്‍ കൂടുതല്‍ ടെന്‍ഷനടിക്കുക. സിനിമ തിയേറ്ററിലെത്തിയ ശേഷം ചിലപ്പോള്‍ നിങ്ങളുടെ ഈ ചിരിയൊക്കെ മാറും.

നമ്മള്‍ ഷൂട്ടിന്റെ കൂടെ നില്‍ക്കുമെന്നേയുള്ളൂ. ട്രെയ്‌ലറിനെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. ട്രെയ്‌ലറില്‍ ഇത്രയും ഹെവി കൊടുക്കില്ല എന്നായിരുന്നു ഞാന്‍ കരുതിയത്. ട്രെയ്‌ലര്‍ കണ്ട് ഞാന്‍ ചിദുവിനെ (ചിദംബരം) വിളിച്ചു ചോദിച്ചു.

കുറച്ച് ഹെവിയായി പോയ്ക്കോട്ടേ എന്നായിരുന്നു അവന്‍ പറഞ്ഞത്. കാരണം കുറേ പടങ്ങള്‍ നമ്മളുടെ മുന്നിലുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു സാധാ ബോയ്‌സ് അല്ലെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ട്. ഇനി സിനിമ ഇറങ്ങിയ ശേഷം ബാക്കി കാണാം,’ അജയന്‍ ചാലിശ്ശേരി പറഞ്ഞു.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്സിലെ പ്രധാന കഥാപാത്രങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്സിനുണ്ട്.

ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി.ജി.എം – സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനര്‍ – മഹ്സര്‍ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യര്‍.


Content Highlight: Art Director Ajayan Chalissery Talks About Manjummel Boys