| Saturday, 7th January 2023, 3:23 pm

കപ്പില്‍ മുത്തമിട്ട് കോഴിക്കോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 61-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. ഇതോടെ ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടത്തില്‍ മുത്തമിടുന്നത്.

938 പോയിന്റോടെയാണ് കോഴിക്കോട് ജില്ലാ ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ 918 പോയിന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്താണ്. 916 പോയിന്റുമായി പാലക്കാടാണ് മൂന്നാമത്.

സ്‌കൂള്‍ തലത്തില്‍ പാലക്കാട് ആലത്തൂര്‍ ഗുരുകുലം സ്‌കൂളാണ് 156 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണയും ഗുരുകുലമായിരുന്നു സ്‌കൂള്‍ തലത്തിലെ ചാമ്പ്യന്‍.

തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസ്സാണ് 142 പോയിന്റുമായി രണ്ടാമത്. 103 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

അതേസമയം, ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഗായിക കെ.എസ്. ചിത്രയാണ് മുഖ്യാതിഥി.

അതേസമയം കഴിഞ്ഞ ദിവസം കലോത്സവത്തില്‍ കോടതി അപ്പീലുമായെത്തിയ 100 ഓളം വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞിരുന്നു. ഇതാദ്യമായാണ് കോടതി അപ്പീലുമായി വരുന്നവരുടെ മത്സരഫലം സംസ്ഥാന കലോത്സവത്തില്‍ തടയുന്നത്.

Content Highlight: Art crown for Kozhikode in State School Art Festival

We use cookies to give you the best possible experience. Learn more