എന്താണ് ഒരു ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്? എങ്ങനെയാവും അത് പ്രവർത്തിക്കുക? നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തിരുവനന്തപുരത്തുള്ള ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ നമുക്ക് ലഭിക്കുക.
കരകൗശലത്തൊഴിലാളികൾ, നെയ്ത്തുകാർ തുടങ്ങിയ നിരവധി തദ്ദേശീയ കലാകാരന്മാർ ഒരേ സ്ഥലത്ത് ജോലി ചെയ്യുകയും, കൂടാതെ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുകയാണിവിടെ. അതുവഴി ആഭ്യന്തര, കലാകാരന്മാർക്ക് ഉപജീവനമാർഗം ഉറപ്പാക്കുന്നു.
നിങ്ങൾ ഒരു കലാ പ്രേമിയാണെങ്കിൽ അല്ലെങ്കിൽ കേരളത്തിന്റെ കലയും സാംസ്കാരിക പൈതൃകവും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ തിരുവനന്തപുരം ജില്ലയിലെ വെള്ളാറിലെ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിലേക്ക് ധൈര്യമായി ചെല്ലാവുന്നതാണ്.
തദ്ദേശീയരായ കലാകാരന്മാരുടെയും മറ്റ് അവാർഡ് ജേതാക്കളായ കലാകാരന്മാരുടെയും അതിഗംഭീരമായ കലാ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം മാത്രമല്ല ആവശ്യക്കാർക്ക് കലാ സൃഷ്ടികൾ വാങ്ങാൻ സാധിക്കും. ഒപ്പം അവയുടെ നിർമാണം എങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ.
കോവളത്തിനടുത്തുള്ള വെള്ളാർ എന്ന മനോഹരമായ ഗ്രാമത്തിൽ 8.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് സംസ്ഥാനത്തെ കരകൗശല സാംസ്കാരിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന ഇടമാണ്. ആംഫി തിയേറ്റർ, മ്യൂസിയങ്ങൾ, കരകൗശല തൊഴിലാളികൾക്കുള്ള സ്റ്റുഡിയോകൾ, ഒരു ആർട്ട് ഗാലറി എന്നിവ ഉൾപ്പെടുന്നതാണ് ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്.
കേരളം ടൂറിസത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിൽ ആർ.ടി മിഷന്റെ റോൾ എന്താണെന്ന ചോദ്യം കുറച്ചായി മനസിൽ തോന്നിയിട്ട്. അതിനുള്ള ഉത്തരം ആർട്ട് ആൻഡ് ക്രഫ്റ്റ് വില്ലേജിന്റെ സി.ഇ.ഒ ആയ ശ്രീ പ്രസാദ് പറഞ്ഞ് തന്നു. ‘ആർ.ടി മിഷന് കീഴിൽ നിരവധി കലാകാരന്മാർ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരു മീഡിയം ആയി ഞങ്ങൾ പ്രവർത്തിക്കും. ആർ.ടി മിഷന്റെ നാലോളം കലാകാരന്മാർ ഇവിടെ ക്യാമ്പസിൽ ലൈവ് ആയി പ്രവർത്തിക്കുന്നുണ്ട്,’ ശ്രീ പ്രസാദ് പറഞ്ഞു.
തദ്ദേശീയരായ സ്ത്രീകൾക്കും മറ്റ് തൊഴിലാളികൾക്കും ആർ.ടി മിഷൻ വഴി ഒരു സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ഇവിടെ.
2011 ൽ കേരള ടൂറിസംവകുപ്പിന് കീഴിൽ ആരംഭിച്ച ആർട്ട് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ചില സാങ്കേതിക കാരണങ്ങളാൽ തൊട്ടടുത്ത വർഷം പൂട്ടേണ്ടി വന്നു. പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും ടൂറിസം വകുപ്പും തമ്മിൽ ഒരു ധാരണാപത്രം 2018 ജൂൺ 25ന് ഒപ്പുവച്ചു.
തുടർന്ന് പുനർനിർമാണം നടക്കുകയും 2021ൽ അന്നത്തെ ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.
100ലധികം വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധർ ഇവിടെയുണ്ട്. കൂടാതെ നിരവധി സ്റ്റുഡിയോകളുമുണ്ട്. കരകൗശല വിദഗ്ധരിൽ നിന്ന് നമുക്ക് പുതിയ കഴിവുകളും സാങ്കേതിക വിദ്യകളും പഠിക്കാനാകും.
മരം, മുള, ഈറ്റ, ഈന്തപ്പന, കയർ, പരുത്തി തുടങ്ങി വിവിധയിനം വസ്തുക്കളിൽ പണിയെടുക്കുന്ന കരകൗശല തൊഴിലാളികളെ നമുക്കിവിടെ കാണാൻ സാധിക്കും. 28 സ്റ്റുഡിയോകളിലായി 50ലധികം കരകൗശല വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആർട്ട് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിൽ എന്തൊക്കെ കാണാം
• ദേശീയ അന്തർദേശീയ കരകൗശല വസ്തുക്കൾ
• ടെറാക്കോട്ട, സെറാമിക് വെയർ
• ചൂരൽ ഉത്പന്നങ്ങൾ , ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ
• ഫർണിച്ചറുകൾ
• വസ്ത്രങ്ങളും തുണിത്തരങ്ങളും
• കൗതുകവസ്തുക്കൾ, സുവനീറുകൾ, വാദ്യോപകരണങ്ങൾ
• തടി, മുള, ഈറ്റ, ഈന്തപ്പന, കൈതോല , തെങ്ങിൻ തൊണ്ട്, ചിരട്ട എന്നിവ കൊണ്ട് നിർമ്മിച്ച വീട്ടുപകരണങ്ങൾ
3D ഹോളോഗ്രാമുകൾ, ബംഗാളിലെയും ഒഡീഷയിലെയും പട്ടചിത്ര പെയിൻ്റിങ്, കേരളത്തിലെ ചുവർച്ചിത്രങ്ങൾ, പുരാതന ഈജിപ്തിൽ നിന്നുള്ള നീണ്ട ചരിത്രമുള്ള വർണ്ണാഭമായ പേപ്പർ ക്വില്ലിംഗ് കരകൗശലങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്ഭുതകരമായ ഡിസൈനുകളിലൂടെ വലിയൊരു ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള നെട്ടൂർപെട്ടി, ഗ്ലാസും കല്ലും കൊണ്ട് നിർമിക്കുന്ന കരകൗശലവസ്തുക്കൾ, ഉണങ്ങിയ പൂവ്, കടലാസ് മുതൽ ലോഹം വരെ ഉപയോഗിച്ച് ഉണ്ടാകുന്ന വസ്തുക്കൾ, മൃഗങ്ങളുടെ കൊമ്പിൽ ചെയ്യുന്ന കൊത്തുപണി, ആഭരണങ്ങൾ, പൂരം ക്രാഫ്റ്റ്.
വുഡ് ക്രാഫ്റ്റുകളിൽ ഫർണിച്ചറുകൾ , ലാമിനേറ്റഡ് വുഡൻ ക്രാഫ്റ്റുകൾ, തേക്ക്, റോസ് വുഡ്, വൈറ്റ് വുഡ് എന്നിവയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ, ആറന്മുളക്കണ്ണാടി, പെരുവമ്പയിലെ താളവാദ്യങ്ങൾ, ബാലരാമപുരം കൈത്തറി, മുട്ടത്തറ മരപ്പണികൾ, ശിൽപങ്ങൾ, കൈതോല ഉത്പന്നങ്ങൾ വരെയുണ്ട് ഇവിടെ.
‘നമ്മുടെ നാട്ടിൽ തന്നെ അറവിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കൊമ്പാണ് കൊത്തുപണികൾക്കായി ഉപയോഗിക്കുന്നത്,’ ശ്രീ പ്രസാദ് പറഞ്ഞു.
Content Highlight: Art and Crafts Village: Where Tradition Thrives