Advertisement
Sports News
തോറ്റുപോയ നീയായിരിക്കും ഒരുപക്ഷേ ഇന്ത്യയുടെ ഭാവി; കുല്‍ക്കര്‍ണീ, നീ കയ്യടിയര്‍ഹിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 16, 05:00 pm
Thursday, 16th January 2025, 10:30 pm

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ വിദര്‍ഭയോട് പരാജയപ്പെട്ട് മഹാരാഷ്ട്ര തങ്ങളുടെ കിരീട മോഹങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ പരാജയമാണ് മഹാരാഷ്ട്രയ്ക്ക് നേരിടേണ്ടി വന്നത്.

വിദര്‍ഭ ഉയര്‍ത്തിയ 381 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മഹാരാഷ്ട്രയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

യുവതാരം അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ കരുത്തിലാണ് മഹാരാഷ്ട്ര പൊരുതിയത്. 101 പന്ത് നേരിട്ട താരം 90 റണ്‍സ് നേടി പുറത്തായി. എട്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഈ 19കാരന്റെ ഇന്നിങ്‌സ്.

ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ ഓപ്പണറും ക്യാപ്റ്റനുമായ ഋതുരാജ് ഗെയ്ക്വാദ് പുറത്താകുന്നതിന് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ സാക്ഷിയായ കുല്‍ക്കര്‍ണി പിന്നാലെയെത്തിയ ഓരോ താരങ്ങള്‍ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കി.

രാഹുല്‍ ത്രിപാഠിക്കൊപ്പം ചേര്‍ന്ന് ഇന്നിങ്‌സിന് അടിത്തറയിട്ട താരം സിദ്ധേഷ് വീറിനൊപ്പം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

നാലാം നമ്പറില്‍ അങ്കിത് ഭാവ്‌നെയ്‌ക്കൊപ്പം കുല്‍ക്കര്‍ണി 94 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. മഹാരാഷ്ട്ര ആരാധകര്‍ക്ക് വീണ്ടും വിജയപ്രതീക്ഷ നല്‍കിയത് ഈ കൂട്ടുകെട്ടാണ്.

എന്നാല്‍ ടീം സ്‌കോര്‍ 205ല്‍ നില്‍ക്കവെ ദര്‍ശന്‍ നല്‍ക്കണ്ഡേയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി കുല്‍ക്കര്‍ണി മടങ്ങി. അധികം വൈകാതെ ഭാവ്‌നെയെയും പുറത്താക്കി നല്‍ക്കണ്ഡേ വിദര്‍ഭയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി.

49 റണ്‍സുമായി നിഖില്‍ നായിക് പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 311ന് പോരാട്ടം അവസാനിപ്പിച്ചു.

നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിലും കുല്‍ക്കര്‍ണി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടീമിന് ആവശ്യമായ ഘട്ടത്തില്‍ തിളങ്ങിയ കുല്‍ക്കര്‍ണി സെഞ്ച്വറിയടിച്ചാണ് ആരാധകരുടെ കയ്യടി നേടിയത്.

പഞ്ചാബിനെതിരായ മത്സരത്തില്‍ 137 പന്ത് നേരിട്ട താരം 107 റണ്‍സ് അടിച്ചെടുത്തു. പന്തെറിഞ്ഞ് ഒരു വിക്കറ്റും താരം നേടി. കളിയിലെ താരമായി തെരഞ്ഞെടുത്തതും കുല്‍ക്കര്‍ണിയെ തന്നെയായിരുന്നു.

സീസണില്‍ ഈ രണ്ട് മത്സരത്തില്‍ മാത്രമാണ് കുല്‍ക്കര്‍ണി കളത്തിലിറങ്ങിയത്. 98.50 ശരാശരിയില്‍ 197 റണ്‍സാണ് താരം ആകെ നേടിയത്.

കരിയറിലെ ആദ്യ ലിസ്റ്റ് എ മത്സരമാണ് താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെതിരെ കളിച്ചത് എന്ന കാര്യം വ്യക്തമാക്കുമ്പോള്‍ അതൊരു ആരാധകനും ഒന്നമ്പരക്കും. ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരമാവുകയും ചെയ്ത താരം ഇരുവരെ കളിച്ചത് വെറും രണ്ട് ലിസ്റ്റ് എ മത്സരങ്ങളാണ്.

ആകെ കളിച്ചത് രണ്ട് മത്സരം മാത്രമാണെങ്കിലും ഇന്ത്യയുടെ ഭാവിയായി ആരാധകര്‍ കുല്‍ക്കര്‍ണിയെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചു കഴിഞ്ഞു. അണ്ടര്‍ 19ല്‍ മികച്ച പ്രകചനം കാഴ്ചവെച്ച താരം ആഭ്യന്തര തലത്തില്‍ ഇതേ ഫോം തുടരുകയാണെങ്കില്‍ അധികം വൈകാതെ ഇന്ത്യന്‍ ജേഴ്‌സിയിലും കുല്‍ക്കര്‍ണിയെ കാണാനാകും.

 

Content Highlight: Arshin Kulkarni’s brilliant performance in Vijay Hazare Trophy