മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ അണ്ടര്‍ 19 താരത്തിന്റെ ആറാട്ട്. എം.പി.എല്ലിലെ പൂണേരി ബപ്പാ – ഈഗിള്‍ നാസിക് ടൈറ്റന്‍സ് മത്സരത്തിലാണ് U19 താരം അര്‍ഷിന്‍ കുല്‍ക്കര്‍ണി ബാറ്റുകൊണ്ടും പന്ത് കൊണ്ടും വിസ്മയം തീര്‍ത്തത്.
അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒറ്റ റണ്‍സിന് ഈഗിള്‍ നാസിക് ടൈറ്റന്‍സ് വിജയിച്ചിരുന്നു. ഈ വിജയത്തിന് നിര്‍ണായകമായത് മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ 18 വയസുകാരനായിരുന്നു.
54 പന്തില്‍ നിന്നും 117 റണ്‍സ് നേടിയാണ് ആര്‍ഷിന്‍ പുറത്തായത്. എണ്ണം പറഞ്ഞ 13 സിക്‌സറുകളും മൂന്ന് ബൗണ്ടറിയുമടക്കം 216.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നാസിക്കിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഏഴ് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി ഓപ്പണര്‍ ഹര്‍ഷദ് ഖാദിവാലെ മടങ്ങി. എന്നാല്‍ വണ്‍ ഡൗണായെത്തിയ രാഹുല്‍ ത്രിപാഠിക്കൊപ്പം കുല്‍ക്കര്‍ണി സ്‌കോര്‍ ഉയര്‍ത്തി.
നാസിക് ടോട്ടലിന് അടിത്തറയൊരുക്കിയത് ഈ കൂട്ടുകെട്ടായിരുന്നു. ടീം സ്‌കോര്‍ 24ല്‍ നില്‍ക്കവെ ഒരുമിച്ച ഈ കൂട്ടുകെട്ട് തകരുന്നത് 155ാം റണ്‍സിലാണ്. കുല്‍ക്കര്‍ണിയെ പുറത്താക്കി എസ്. എ കോത്താരിയാണ് പൂണേരിക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
ടീം സ്‌കോര്‍ 168ല്‍ നില്‍ക്കവെ 28 പന്തില്‍ നിന്നും രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമായി 41 റണ്‍സടിച്ച ത്രിപാഠിയും പുറത്തായി. പിന്നാലെയെത്തിയവര്‍ പൂര്‍ണമായും പരാജയപ്പെട്ടപ്പോള്‍ സ്‌കോറിങ്ങിന്റെ വേഗവും ഇല്ലാതായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നാസിക് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
204 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ബപ്പാക്കായി ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു. 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ പവന്‍ സിങ്ങും 27 പന്തില്‍ നിന്നും 47 റണ്‍സുമായി യാഷ് ക്ഷീര്‍സാഗറും മികച്ച തുടക്കമാണ് ബപ്പാക്ക് നല്‍കിയത്.
വണ്‍ ഡൗണായിറങ്ങിയ രോഹന്‍ ധാംലെയും ആറാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദും തകര്‍ത്തടിച്ചു. 22 പന്തില്‍ 33 റണ്‍സുമായി ധാംലെ പുറത്തായപ്പോള്‍ 23 പന്തില്‍ നിന്നും ഫിഫ്റ്റിയടിച്ചാണ് ഗെയ്ക്വാദും തരംഗമായത്.
നേരത്തെ ബാറ്റിങ്ങില്‍ തിളങ്ങിയ കുല്‍ക്കര്‍ണി ബൗളിങ്ങിലും വിരുത് കാട്ടിയിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സിന് നാല് വിക്കറ്റാണ് കുല്‍ക്കര്‍ണി വീഴ്ത്തിയത്. ഓപ്പണര്‍ യാഷ് ക്ഷീര്‍സാഗര്‍, സൂരജ് ഷിന്‍ഡേ, അദ്വയ് ഷിദായേ, ഹര്‍ഷ് സാംഗ്‌വി എന്നിവരെയാണ് കുല്‍ക്കര്‍ണി മടക്കിയത്.
അവസാന ഓവറില്‍ ബപ്പാക്ക് വിജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ കുല്‍ക്കര്‍ണിയാണ് പന്തുമായിറങ്ങിയത്. ആദ്യ പന്തിലും മൂന്നാം പന്തിലും വിക്കറ്റ് വീഴ്ത്തിയ കുല്‍ക്കര്‍ണി, നാല് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ ഈഗിള്‍ നാസിക് ടൈറ്റന്‍സ് ഒറ്റ റണ്‍സിന് വിജയിക്കുകയായിരുന്നു.
W, 1, W, 2, 0, 1 എന്നിങ്ങനെയാണ് കുല്‍ക്കര്‍ണി അവസാന ഓവറില്‍ പന്തെറിഞ്ഞത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കുല്‍ക്കര്‍ണി തന്നെയാണ് കളിയിലെ താരവും.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ഈഗിള്‍ നാസിക് ടൈറ്റന്‍സ്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ആറ് പോയിന്റുമായാണ് ടൈറ്റന്‍സ് ഒന്നാമതെത്തി നില്‍ക്കുന്നത്.
ജൂണ്‍ 21നാണ് നാസിക്കിന്റെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ രത്‌നഗിരി ജെറ്റ്‌സ് ആണ് എതിരാളികള്‍.
Content Highlight: Arshin Kulkarni’s brilliant performance in MPL