|

പുതിയ ടീമിനൊപ്പം പുതിയ തട്ടകത്തില്‍; അര്‍ഷ്ദീപിന് ഇത് കരിയര്‍ ബ്രേക് ത്രൂ

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറില്‍ പുതിയ ചുവടുവെപ്പിനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ താരം കെന്റിന് വേണ്ടി പന്തെറിയും. അഞ്ച് മത്സരങ്ങളില്‍ താരം കെന്റിന് വേണ്ടി കളിക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച നടക്കുന്ന കെന്റ് – സറേ മത്സരത്തിലായിരിക്കും അര്‍ഷ്ദീപ് കളത്തിലിറങ്ങുക. 2022 ഐ.സി.സി ടി-20 ലോകകപ്പിന് പിന്നാലെ ക്ലബ്ബ് അര്‍ഷ്ദീപുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ക്ലബ്ബ് താരവുമായി കരാറിലെത്തുകയും ചെയ്തിരുന്നു.

‘കെന്റിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. എന്റെ പുതിയ ടീമിനായി വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കും. കെന്റ് വളരെ വലുതും മഹത്തരമായ ചരിത്രമുള്ള ക്ലബ്ബാണെന്ന് രാഹുല്‍ ദ്രാവിഡ് എന്നോട് പറഞ്ഞിരുന്നു,’ അര്‍ഷ്ദീപ് വ്യക്തമാക്കി.

ഇന്ത്യക്കായി 26 ടി-20 മത്സരങ്ങള്‍ കളിച്ച അര്‍ഷ്ദീപ് 17.78 എന്ന ശരാശരിയില്‍ 41 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 25 വിക്കറ്റാണ് അര്‍ഷ്ദീപിന്റെ സമ്പാദ്യം. താരത്തിന്റെ പ്രകടനം കെന്റിന് മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

നിലവില്‍ ലീഗില്‍ കെന്റിന്റെ സ്ഥിതി അത്രകണ്ട് മികച്ചതല്ല. ഡിവിഷന്‍ വണ്ണില്‍ ഒമ്പതാം സ്ഥാനത്താണ് കെന്റ് തുടരുന്നത്. ആറ് മത്സരം കളിച്ച കെന്റ് ഒരു ജയവും മൂന്ന് തോല്‍വിയുമായി 43 പോയിന്റോടെയാണ് ഒമ്പതാം സ്ഥാനത്ത് തുടരുന്നത്.

അഞ്ച് മത്സരത്തില്‍ നിന്നും ഒരു വിജയവും മൂന്ന് തോല്‍വിയുമായി 35 പോയിന്റുള്ള നോര്‍താംപ്ടണ്‍ഷെയര്‍ മാത്രമാണ് കെന്റിന് പുറകിലുള്ളത്.

കഴിഞ്ഞ ദിവസം ഹാംഷെയറിനെതിരായ മത്സരത്തില്‍ കെന്റ് വിജയിച്ചിരുന്നു. മൂന്ന് പന്തും ആറ് വിക്കറ്റും കയ്യിലിരിക്കവെയാണ് കെന്റ് വിജയം പിടിച്ചടക്കിയത്.

സെന്റ് ലോറന്‍സ് സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കെന്റ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജോ വെതര്‍ലിയുടെയും ബെന്‍ മക്‌ഡെര്‍മോട്ടിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ കെന്റ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കെന്റിനായി ഡാനിയല്‍ ബെല്‍-ഡ്രുമോണ്ട് തകര്‍ത്തടിച്ചു. 55 പന്തില്‍ നിന്നും 89 റണ്‍സാണ് താരം നേടിയത്. ഇതിന് പുറമെ ജോ ഡെന്‍ലിയുടെ (41) ഇന്നിങ്‌സും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

സറേക്കെതിരെയാണ് അര്‍ഷ്ദീപിന്റെ ആദ്യ മത്സരം. സീസണില്‍ ആറ് മത്സരം കളിച്ച സറേ തോല്‍വിയറിയാതെ, നാല് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Content highlight: Arshdeep Singh to play County Championship for Kent