ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീടവരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടുന്നത്.
ഈ വിജയത്തിന് പിന്നാലെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീം എന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യക്കായി. ഇംഗ്ലണ്ട് (2010, 2022) വെസ്റ്റ് ഇന്‍ഡീസ് (2012, 2016) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറെ നിര്‍ണായകമായ താരങ്ങളിലൊരാള്‍ അര്‍ഷ്ദീപ് സിങ്ങാണ്. ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് താരം ചരിത്രം കുറിച്ചത്.
ഇത്തവണയും 10+ വിക്കറ്റ് നേടിയതോടെ ഒന്നിലധികം ടി-20 ലോകകപ്പുകളില്‍ പത്തിലധികം വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ അര്‍ഷ്ദീപ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 2024 ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.
ഇതിനൊപ്പം മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. 2018ല്‍ ഇന്ത്യ അണ്ടര്‍ 19ലോകകപ്പ് നേടിയതിന് പിന്നാലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനൊപ്പം കിരീടമുയര്‍ത്തിക്കൊണ്ടുള്ള ചിത്രമായിരുന്നു അത്.
‘2018 മുതല്‍ 2024 വരെ, എല്ലാത്തിനും നന്ദി കോച്ച് സാബ്’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2018ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. കലാശപ്പോരാട്ടത്തില്‍ കുട്ടിക്കങ്കാരുക്കള്‍ക്ക് മേല്‍ സമഗ്രാധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ കൗമാരപ്പടയുടെ കിരീടനേട്ടം.
ന്യൂസിലാന്‍ഡിലെ മൗണ്ട് മൗംഗനൂയിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 216 റണ്‍സിന് പുറത്തായി. 108 പന്തില്‍ 76 റണ്‍സ് നേടിയ ജോനാഥര്‍ മെര്‍ലോയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ മനോജ് കര്‍ലയുടെ സെഞ്ച്വറി കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിരീടം സ്വന്തമാക്കുകായിരുന്നു. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ നാലാം കിരീടമാണ് ഷായും സംഘവും സ്വന്തമാക്കിയത്.
ആ ലോകകപ്പില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് അര്‍ഷ്ദീപിന് കളിക്കാന്‍ സാധിച്ചത്. 6.66 എന്ന എക്കോണമിയിലും 2.00 എന്ന ശരാശരിയിലും മൂന്ന് വിക്കറ്റാണ് അര്‍ഷ്ദീപ് 2018 ലോകകപ്പില്‍ സ്വന്തമാക്കിയത്.
എന്നാല്‍ 2024 ലോകകപ്പിലെത്തിയപ്പോള്‍ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് അര്‍ഷ്ദീപ് മാറിയത്. 2018 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച പൃഥ്വി ഷായ്ക്കും ടൂര്‍ണമെന്റിന്റെ താരമായ ശുഭ്മന്‍ ഗില്ലിനും ഫൈനല്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയ മനോജ് കര്‍ലക്കുമെല്ലാം ഇടമില്ലാതിരുന്ന ലോകകപ്പായിരുന്നു 2024ലേത് എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം.
Also Read: ‘പൂജ്യം’ റൺസിൽ നേടിയെടുത്ത ചരിത്രനേട്ടം; ടി-20 ലോകകപ്പിലെ ആദ്യ താരമായി ബുംറ
Content Highlight: Arshdeep Singh shares 2018 U19 World Cup picture with Rahul Dravid after winning 2024 World Cup