ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യ വിജയിച്ചിരിക്കുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0 മുമ്പിലെത്താനും ഇന്ത്യക്കായി.
ടോപ് ഓര്‍ഡറിന്റെയും റിങ്കു സിങ്ങിന്റെയും വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്താന്‍ തുണച്ചപ്പോള്‍ രവി ബിഷ്‌ണോയിയും പ്രസിദ്ധ് കൃഷ്ണയും ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ബിഷ്‌ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വിക്കറ്റ് നേടിയെങ്കിലും അര്‍ഷ്ദീപിന്റെ പ്രകടനം വേണ്ടത്ര മികച്ചുനിന്നില്ല. നാല് ഓവറില്‍ 46 റണ്‍സാണ് താരം വഴങ്ങിയത്. 11.50 എന്ന എക്കോണമിയിലായിരുന്നു അര്‍ഷ്ദീപ് പന്തെറിഞ്ഞത്.
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും അര്‍ഷ്ദീപിനെ തേടിയെത്തി. ഹോം കണ്ടീഷനിലെ ടി-20 മത്സരങ്ങളില്‍ ചുരുങ്ങിയത് 25 ഓവര്‍ പൂര്‍ത്തിയാക്കിയവരില്‍, ഒരു താരത്തിന്റെ ഏറ്റവും മോശം ബൗളിങ് പ്രകടനം എന്ന മോശം റെക്കോഡാണ് അര്‍ഷ്ദീപിനെ തേടിയെത്തിയത്. ഇന്ത്യന്‍ മണ്ണില്‍ 10.50 എന്ന എക്കോണമിയാണ് താരത്തിനുള്ളത്.
ഹോം കണ്ടീഷനിലെ ഏറ്റവും മോശം എക്കോണമി (മിനിമം 25 ഓവര്‍)
(താരം – രാജ്യം – എക്കോണമി എന്ന ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ്- ഇന്ത്യ – 10.50
മുഹമ്മദ് വസീം – പാകിസ്ഥാന്‍ – 10.20
ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് – സൗത്ത് ആഫ്രിക്ക – 10.20
ജിമ്മി നീഷം – ന്യൂസിലാന്‍ഡ് – 10.10
നവംബര്‍ 28നാണ് പരമ്പരയിലെ മൂന്നാം മത്സരം. അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
പരമ്പര നഷ്ടപ്പെടാതിരിക്കാനും പരമ്പരയില്‍ സജീവമായി തുടരാനും ഓസീസിന് ബര്‍സാപരയില്‍ വിജയം അനിവാര്യമാണ്.
Content highlight: Arshdeep Singh’s worst record