| Sunday, 17th December 2023, 3:45 pm

റെക്കോഡ്, അര്‍ഷ്ദീപിന് മുമ്പില്‍ കളി മറന്ന് സൗത്ത് ആഫ്രിക്ക; പവര്‍ പ്ലേയിലും രക്ഷയില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി അര്‍ഷ്ദീപും ആവേശ് ഖാനും തകര്‍ത്തെറിഞ്ഞതോടെ കളി മറന്ന അവസ്ഥയിലാണ് ആതിഥേയര്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സൂപ്പര്‍ താരം റീസ ഹെന്‍ഡ്രിക്‌സ് എട്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് റാസി വാന്‍ ഡെര്‍ ഡസന്‍ പുറത്തായത്.

എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ടോണി ഡി സോര്‍സിയെ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചും അര്‍ഷ്ദീപ് പുറത്താക്കി. 22 പന്തില്‍ 28 റണ്‍സ് നേടി നില്‍ക്കവെയാണ് സോര്‍സിയുടെ മടക്കം.

പത്താം ഓവറിലെ അവസാന പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിനെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് ഫോര്‍ഫര്‍ നേട്ടം ആഘോഷമാക്കി.

ഈ വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ഒരു നേട്ടവും അര്‍ഷ്ദീപിനെ തേടിയെത്തിയിരിക്കുകയാണ്. 2002ന് ശേഷം പവര്‍ പ്ലേയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച അഞ്ചാമത് ഏകദിന ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ പവര്‍ പ്ലേയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനം (2002ന് ശേഷം)

(താരം – പ്രകടനം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

മുഹമ്മദ് സിറാജ് – 5/7 – ശ്രീലങ്ക – 2023

ഭുവനേശ്വര്‍ കുമാര്‍ – 4/7 – ശ്രീലങ്ക – 2017

ജസ്പ്രീത് ബുംറ – 4/9 – ഇംഗ്ലണ്ട് – 2022

മുഹമ്മദ് സിറാജ് – 4/17- ശ്രീലങ്ക – 2023

അര്‍ഷ്ദീപ് സിങ് – 4/19 – സൗത്ത് ആഫ്രിക്ക – 2023

അര്‍ഷ്ദീപിന് പുറമെ സൂപ്പര്‍ താരം ആവേശ് ഖാനും നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, വ്‌ളാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയാണ് ആവേശ് ഖാന്‍ പുറത്താക്കിയത്.

അതേസമയം, 23 ഓവര്‍ പിന്നിടുമ്പോള്‍ 91 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 41 പന്തില്‍ 24 റണ്‍സ് നേടിയ ആന്‍ഡില്‍ ഫെലുക്വായോയും 21 പന്തില്‍ നാല് റണ്‍സ് നേടിയ നാന്ദ്രേ ബര്‍ഗറുമാണ് ക്രീസില്‍.

Content Highlight: Arshdeep Singh’s brilliant bowling performance in powerplay

Latest Stories

We use cookies to give you the best possible experience. Learn more