സമ്മര്‍ദ ഘട്ടത്തില്‍ രാഹുല്‍ ഭായ് എല്ലാം സിമ്പിള്‍ ആയി എടുക്കുന്നു: അര്‍ഷ്ദീപ് സിങ്
Sports News
സമ്മര്‍ദ ഘട്ടത്തില്‍ രാഹുല്‍ ഭായ് എല്ലാം സിമ്പിള്‍ ആയി എടുക്കുന്നു: അര്‍ഷ്ദീപ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd December 2023, 8:40 pm

സൗത്ത് ആഫ്രിക്കക്കെതിരെ ഡിസംബര്‍ 21ന് ബോളണ്ട് പാര്‍ക്കില്‍ നടന്ന മൂന്നാമത്തെ ഏകദിന മത്സരത്തിലും വിജയം കണ്ടതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ 50 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീയാസ് 45.5 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി സ്വന്തം തട്ടകത്തില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി മിന്നും സെഞ്ച്വറി നേടിയാണ് ടീമിന്റെ നെടും തൂണ്‍ ആയത്. എന്നാല്‍ ബൗളിങ്ങില്‍ മറ്റൊരു മികച്ച പ്രകടനമായിരുന്നു അര്‍ഷ്ദീപ് സിങ് നടത്തിയത്.

പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ലഭിച്ചതും അര്‍ഷ്ദീപിനയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തന്നെ ഫൈഫര്‍ നേടിക്കൊണ്ടായിരുന്നു താരത്തിന്റെ മിന്നും പ്രകടനം ആരംഭിച്ചത്. ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച കെ.എല്‍. രാഹുലിനെ പറ്റിയും താരം സംസാരിക്കുകയുണ്ടായിരുന്നു.

‘ഞാന്‍ രാഹുല്‍ ഭായുടെ കൂടെ പഞ്ചാബിന് വേണ്ടി കളിച്ചിട്ടുണ്ട്. അദ്ദേഹം വളരെ ശാന്തനാണ്. സമ്മര്‍ദ ഘട്ടത്തില്‍ പോലും അദ്ദേഹം വളരെ ലളിതമായാണ് എല്ലാത്തിനെയും സമീപിക്കുന്നത്. അദ്ദേഹം ഈ നിമിഷം ആഘോഷിക്കാനാണ് പറയാറുള്ളത്,’അര്‍ഷ്ദീപ് പറഞ്ഞു.

അവസാന മത്സരത്തില്‍ ഒമ്പത് ഓവറുകളില്‍ നിന്നും ഒരു മെയ്ഡന്‍ അടക്കം നാല് വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. വെറും 30 റണ്‍സ് വഴങ്ങി 3.33 എന്ന ഇക്കണോമിയിലയിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. ഓപ്പണിങ് ബാറ്റര്‍ റീസ ഹെണ്ട്രിക്‌സിനെ 19 റണ്‍സിന് പുറത്താക്കിയാണ് താരം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 81 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച ടോണി ഡി സോര്‍സിയെ പുറത്താക്കി. മധ്യനിര തകര്‍ന്ന ശേഷം കേശവ് മഹാരാജിനെ 14 റണ്‍സിനും ലിസാട് വില്യംസിനെ രണ്ട് റണ്‍സിന് പുറത്താക്കുകയും ചെയ്തപ്പോള്‍ തന്റെ അക്കൗണ്ടില്‍ നാല് വിക്കറ്റുകള്‍ തികക്കുകയായിരുന്നു അര്‍ഷ്ദീപ്.

 

Content Highlight: Arshdeep Singh praised Indian captain K.L Rahul