കരിയറിന് ഇതിനും മികച്ച തുടക്കം ലഭിക്കുമോ? ആദ്യ അന്താരാഷ്ട്ര വിക്കറ്റ് ഫൈഫറിലേക്ക്
Sports News
കരിയറിന് ഇതിനും മികച്ച തുടക്കം ലഭിക്കുമോ? ആദ്യ അന്താരാഷ്ട്ര വിക്കറ്റ് ഫൈഫറിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th December 2023, 4:19 pm

 

തന്റെ ഏകദിന കരിയറിന് സ്വപ്‌നതുല്യമായ തുടക്കം നല്‍കി അര്‍ഷ്ദീപ് സിങ്. ഏകദിനത്തിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേടിയ മത്സരത്തില്‍, ആ വിക്കറ്റ് നേട്ടം ഫൈഫറിലേക്ക് കണ്‍വേര്‍ട്ട് ചെയ്താണ് അര്‍ഷ്ദീപ് കയ്യടി നേടുന്നത്.

ഏകദിന ഫോര്‍മാറ്റില്‍ അര്‍ഷ്ദീപ് പന്തെറിയുന്ന മൂന്നാമത് മാത്രം മത്സരമാണിത്. മുമ്പ് പന്തെറിഞ്ഞ രണ്ട് മത്സരത്തിലും അര്‍ഷ്ദീപിന് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. 13.1 ഓവര്‍ പന്തെറിഞ്ഞ താരം 89 റണ്‍സും വഴങ്ങിയിരുന്നു.

എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലെ രണ്ടാം ഓവറില്‍ തന്നെ അര്‍ഷ്ദീപ് ഞെട്ടിച്ചിരുന്നു. എട്ട് പന്ത് നേരിട്ട് ക്രീസില്‍ തുടര്‍ന്ന ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ പൂജ്യത്തിന് പുറത്താക്കിയ അര്‍ഷ്ദീപ് സൂപ്പര്‍ താരം റാസി വാന്‍ ഡെര്‍ ഡസനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി.

ടോണി ഡി സോര്‍സിയെയും ഹെന്റിച്ച് ക്ലാസനെയും പുറത്താക്കി പവര്‍പ്ലേക്ക് മുമ്പ് തന്നെ താരം ഫോര്‍ഫറും തന്റെ പേരില്‍ കുറിച്ചിരുന്നു.

സൗത്ത് ആഫ്രിക്കന്‍ നിരയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ആന്‍ഡില്‍ ഫെലുക്വായോയെ ഋതുരാജ് ഗെയ്ക്വാദിന്റെ കൈകളിലെത്തിച്ചാണ് അര്‍ഷ് ദീപ് തന്റെ കരിയറിലെ ആദ്യ ഏകദിന ഫൈഫര്‍ നേട്ടവും ആദ്യ അന്താരാഷ്ട്ര ഫൈഫര്‍ നേട്ടവും ആഘോഷമാക്കിയത്.

ടി-20യില്‍ ഇന്ത്യക്കായി 42 മത്സരത്തില്‍ പന്തെറിഞ്ഞെങ്കിലും ഒരിക്കല്‍പ്പോലും അഞ്ച് വിക്കറ്റ് നേടാന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരെ 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതായിരുന്നു അന്താരാഷ്ട്ര കരിയറിലെ താരത്തിന്റെ മികച്ച പ്രകടനം.

കരിയറില്‍ ഇതിന് മുമ്പ് ഒരു ഫൈഫര്‍ മാത്രമാണ് അര്‍ഷ്ദീപിന്റെ പേരിലുള്ളത്. ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ഇതിന് മുമ്പ് അര്‍ഷ്ദീപ് ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

അതേസമയം, സൗത്ത് ആഫ്രിക്ക 116 റണ്‍സിന് ഓള്‍ ഔട്ടായിരിക്കുകയാണ്. അര്‍ഷ്ദീപിന് പുറമെ ആവേശ് ഖാനാണ് ബൗളിങ്ങില്‍ കരുത്തായത്. നാല് വിക്കറ്റ് വീഴ്ത്തിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ പ്രോട്ടിയാസിന്റെ എല്ലൊടിച്ചത്.

 

ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, വ്ളാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയാണ് ആവേശ് ഖാന്‍ പുറത്താക്കിയത്. നാന്ദ്രേ ബര്‍ഗറിനെ പുറത്താക്കി കുല്‍ദീപ് യാദവ് പ്രോട്ടിയാസിനെ ഓള്‍ ഔട്ടാക്കുകയായിരുന്നു.

 

Content highlight: Arshdeep Singh picks maiden international fifer