കരിയറിലെ 'ആദ്യ വിക്കറ്റ്'; ചരിത്രം കുറിച്ച് അര്‍ഷ്ദീപ് സിങ്; വീഡിയോ
Sports News
കരിയറിലെ 'ആദ്യ വിക്കറ്റ്'; ചരിത്രം കുറിച്ച് അര്‍ഷ്ദീപ് സിങ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th June 2023, 3:46 pm

കരിയറിലെ ആദ്യ കൗണ്ടി വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. സറേക്കെതിരായ മത്സരത്തില്‍ ബെന്‍ ഫോക്‌സിനെ പുറത്താക്കിയാണ് കെന്റ് താരമായ അര്‍ഷ്ദീപ് തന്റെ ആദ്യ കൗണ്ടി വിക്കറ്റ് സ്വന്തമാക്കിയത്.

സറേ ഇന്നിങ്‌സിലെ 22ാം ഓവറിലെ അഞ്ചാം പന്തിലാണ് അര്‍ഷ്ദീപ് തന്റെ കരിയരിലെ പുത്തന്‍ നാഴികക്കല്ല് താണ്ടിയത്. അര്‍ഷ്ദീപിന്റെ സ്വിങ്ങിന് മുമ്പില്‍ ഉത്തരമില്ലാതെ പോയ ഫോക്‌സ് വിക്കറ്റിന് മുമ്പില്‍ കുടുങ്ങുകയായിരുന്നു. ഫോക്‌സിന് പുറമെ ഡാനിയല്‍ മോറിയാര്‍ട്ടിയുടെ വിക്കറ്റും അര്‍ഷ്ദീപ് പിഴുതിരുന്നു. 14 പന്തില്‍ നിന്നും 12 റണ്‍സ് നേടി നില്‍ക്കവെ അര്‍ഷ്ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മോറിയാര്‍ട്ടി പുറത്തായത്.

മത്സരത്തില്‍ 14.2 ഓവര്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് മൂന്ന് എന്ന മികച്ച എക്കോണമിയില്‍ 43 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നാല് മെയ്ഡനുകളും ഇക്കൂട്ടത്തില്‍ പെടും.

നേരത്തെ ടോസ് നേടിയ കെന്റ് നായകന്‍ ജാക്ക് ലീനിങ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ലീനിങ് അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ജോര്‍ഡന്‍ കോക്‌സിന്റെ സെഞ്ച്വറിയാണ് കെന്റിന് തുണയായത്.

കോക്‌സ് 198 പന്തില്‍ നിന്നും 17 ബൗണ്ടറിയുടെ അകമ്പടിയോടെ 133 റണ്‍സ് നേടി. കോക്‌സിന് പുറമെ വെസ് അഗറിന്റെയും ജോയ് എവിസണിന്റെയും അര്‍ധ സെഞ്ച്വറിയും കെന്റിന് തുണയായി.

ഒടുവില്‍ ആദ്യ ഇന്നിങ്‌സില്‍ 301 റണ്‍സാണ് കെന്റ് നേടിയത്.

സറേ നിരയില്‍ സീന്‍ അബോട്ടാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 17 ഓവറില്‍ 52 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. അബോട്ടിന് പുറമെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോര്‍ദന്‍ ക്ലാര്‍ക്കും ഗസ് ആറ്റ്കിന്‍സണും ബൗളിങ്ങില്‍ മികച്ചുനിന്നു.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സറേക്ക് 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 37 പന്തില്‍ നിന്നും 34 റണ്‍സ് നേടിയ സീന്‍ അബോട്ട് മാത്രമാണ് പിടിച്ചുനിന്നത്. കെന്റിനായി വെസ് അഗറും മാറ്റ് ക്വിന്നും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപും ജോയ് എവിസണും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കെന്റിനായി ഓപ്പണര്‍ തവാന്‍ഡ മുയേയേ, ഹാമിദുള്ള ഖാദ്‌രി, ഡാനിയല്‍ ബെല്‍-ഡ്രുമോണ്ട് എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ലഭിക്കാതിരുന്ന അര്‍ഷ്ദീപ് രണ്ടാം ഇന്നിങ്‌സില്‍ 11 പന്ത് നേരിട്ട് പുറത്താകാതെ 12 റണ്‍സ് നേടി.

ഒടുവില്‍ 354 റണ്‍സ് നേടിയാണ് കെന്റ് പുറത്തായത്. ഇതോടെ 511 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് കെന്റ് സറേക്ക് മുമ്പില്‍ വെച്ചത്.

രണ്ടാം ഇന്നിങ്‌സിലും സറേക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ റോറി ജോസഫ് ബേണ്‍സിനെ നാല് റണ്‍സിന് സറേക്ക് നഷ്ടമായി. തുടര്‍ന്ന് രണ്ടാം വിക്കറ്റിലും മൂന്നാം വിക്കറ്റിലും നടത്തിയ ചെറുത്ത് നില്‍പാണ് സറേക്ക് ചവിട്ടുപടിയായത്.

 

അര്‍ധ സെഞ്ച്വറി നേടിയ ടോം ലാഥമിന്റെയും സെഞ്ച്വറി നേടിയ ജെയ്മി സ്മിത്തിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സറേ പൊരുതുകയണ്. ലാഥമിനെ ഖാദ്‌രി മടക്കിയപ്പോള്‍ സ്മിത്തിനെ അര്‍ഷ്ദീപും പുറത്താക്കി.

മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലാണ് സറേ. 212 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ ഡോം സിബ്‌ലിയും 34 പന്തില്‍ നിന്നും 22 റണ്‍സുമായി ബെന്‍ ഫോക്‌സുമാണ് ക്രീസില്‍. 96 പന്തില്‍ നിന്നും 248 റണ്‍സാണ് സറേക്ക് വിജയിക്കാന്‍ ഇനി ആവശ്യമായുള്ളത്.

 

 

 

 

Content Highlight: Arshdeep Singh picks his first county wicket