ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20 മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരാജയമറിയാതെ തുടര്‍ച്ചയായ 17ാം തവണയാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ടി-20 പരമ്പര വിജയിക്കുന്നത്.
പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് കരിയറിലെ സുവര്‍ണ നേട്ടം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും.
അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റുകള്‍ നേട്ടത്തിലേക്കാണ് അര്‍ഷ്ദീപ് കണ്ണുവെക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു വിക്കറ്റ് കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അര്‍ഷ്ദീപിന് സ്വന്തമാക്കാം.
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 63 – 99
യൂസ്വേന്ദ്ര ചഹല്‍ – 79 – 96
ഹര്‍ദിക് പാണ്ഡ്യ – 101 – 94
ഭുവനേശ്വര്‍ കുമാര്‍ – 86 – 90
ജസ്പ്രീത് ബുംറ – 69 – 89
ആര്‍. അശ്വിന്‍ – 65 – 72
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു വിക്കറ്റാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഇതോടെ തുടര്‍ച്ചയായി 12 അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരിക്കുകയാണ്.
വാംഖഡെയില്‍ അര്‍ഷ്ദീപ് നൂറ് വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ആരാധര്‍ ഉറച്ച് വിശ്വസിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).
ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ കാര്‍സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്
Content Highlight: Arshdeep Singh need one wicket to become the first Indian bowler to pick 100 T20I wickets