ന്യൂദല്‍ഹി: ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ ബാറ്റര്‍ ആസിഫ് അലി നല്‍കിയ ക്യാച്ച് അവസരം പാഴാക്കിയതിന് പിന്നാലെ അര്‍ഷ്ദീപ് സിങ്ങിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി.
രാജ്യത്തെ ഓരോ പൗരനും അര്‍ഷ്ദീപിനൊപ്പമുണ്ടെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.
ടി20 മത്സരത്തിനിടെ പാകിസ്ഥാന്റെ ക്യാച് അവസരം മിസ് ആക്കിയതാണ് അര്‍ഷ്ദീപിനെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. ഖലിസ്ഥാനി എന്ന് വിളിച്ചുള്ള അധിക്ഷേപങ്ങളും അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ഷ്ദീപിനെതിരെ വിദ്വേഷ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബി.ജെ.പിയുടെ പരാമര്‍ശം.
‘അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണ്. പഞ്ചാബില്‍ നിന്നും വളര്‍ന്നു വരുന്ന താരമാണ് അര്‍ഷ്ദീപ്. അദ്ദേഹത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കും,’ ചുഗ് പറഞ്ഞു.
അതേസമയം #standwithArshdeep എന്ന ക്യാമ്പെയിന്‍ ട്വിറ്ററില്‍ വൈറലാണ്. നിരവധി പേരാണ് അര്‍ഷ്ദീപിന് പിന്തുണയറിയിച്ച് രംഗത്തെത്തുന്നത്. സംഘപരിവാര്‍ തന്നെയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഇന്ത്യയില്‍ ആരെയെങ്കിലും ബലാത്സംഗം ചെയ്താല്‍ അവരെ ദേശസ്‌നേഹികളെന്ന് വിളിക്കപ്പെടുമെന്ന് എന്നാല്‍ കളിയില്‍ തോറ്റതിന് അര്‍ഷ്ദീപിനെ ഖലിസ്ഥാനി എന്ന് വിളിക്കുകയാണെന്നും ട്വിറ്ററില്‍ അഭിപ്രായമുണ്ട്. ബി.ജെ.പിയുടെ പ്രസ്താവന വന്നതിന് പിന്നാലെ കടുത്ത വിരമര്‍ശനമാണ് ബി.ജെ.പിക്കെതിരെ ട്വിറ്ററില്‍ ഉയരുന്നത്.
അര്‍ഷ്ദീപിനെതിരെ വന്ന വിദ്വേഷ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പങ്കുവെച്ച കുറിപ്പിനെതിരെയും ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഒരു ക്യാച്ച് പാഴായതിന്റെ പേരില്‍ മാത്രം അര്‍ഷ്ദീപ് സിങ്ങിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായാണ് സുബൈര്‍ ട്വീറ്റ് പങ്കുവെച്ചത്. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്ന വിദ്വേഷ പ്രചരണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
എന്നാല്‍ ഇതിനെ വളച്ചൊടിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതി.അര്‍ഷ്ദീപ് സിങ്ങിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചുവെന്ന് വാദിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ സുബൈറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സുബൈര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അര്‍ഷ്ദീപിനെതിരെ പങ്കുവെച്ച ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇതില്‍ മിക്ക പോസ്റ്റുകളും പാകിസ്ഥാനി അക്കൗണ്ടുകളില്‍ നിന്നുള്ളതാണെന്നും ദേശദ്രോഹികളുടെ നിര്‍ദേശപ്രകാരമാണ് സുബൈര്‍ പ്രവര്‍ത്തിച്ചതെന്നും ബി.ജെ.പി നേതാവ് പരാതിയില്‍ ആരോപിച്ചു.
സുബൈര്‍ പങ്കുവെച്ച ട്വീറ്റിലെ പേജുകളെല്ലാം പാകിസ്ഥാനി അക്കൗണ്ടുകളാണെന്നും ദേശവിരുദ്ധരോട് ചേര്‍ന്നാണ് സുബൈര്‍ പ്രവര്‍ത്തിക്കുന്നതെന്നും സിര്‍സ ആരോപിച്ചു.
സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനും തന്റെ മനസും ഹൃദയവും സിഖ് സമുദായത്തിന് വേണ്ടി നല്‍കിയ ദേശീയ തലത്തിലുള്ള കളിക്കാരനെ മനപ്പൂര്‍വം തേജോവധം ചെയ്യുക എന്നതുമാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നിലെ പ്രധാന ഉദ്ദേശമെന്നും സിര്‍സ ആരോപിച്ചു.
Content Highlight: Arshdeep Singh is the pride of India