| Sunday, 17th December 2023, 10:14 pm

ശ്രീശാന്ത് 13ാം മത്സരത്തില്‍ നേടിയത് മൂന്നാം മത്സരത്തില്‍ തന്നെ എറിഞ്ഞിട്ട് അര്‍ഷ്ദീപ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 200 പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടക്കുകയായിരുന്നു.

ബൗളിങ്ങില്‍ അര്‍ഷ്ദീപും ആവേശ് ഖാനും ചേര്‍ന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാറ്റിങ്ങില്‍ സായ് സുദര്‍ശന്റെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 16.4 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി ഫൈഫര്‍ നേടിയപ്പോള്‍ ആവേശ് ഖാന്‍ ഫോര്‍ഫറും നേടി. അര്‍ഷ്ദീപിന്റെ ഏകദിന കരിയറിലെയും അന്താരാഷ്ട്ര കരിയറിലെയും ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

പത്ത് ഓവര്‍ പന്തെറിഞ്ഞ് 3.70 എക്കോണമിയില്‍ 37 റണ്‍സ് വഴങ്ങിയാണ് അര്‍ഷ്ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

പ്രോട്ടിയാസിനെതിരെ നേടിയ ഫൈഫറിന് പിന്നാലെ പല നേട്ടങ്ങളും അര്‍ഷ്ദീപിനെ തേടിയെത്തിയിരുന്നു. കുറഞ്ഞ മത്സരങ്ങള്‍ കളിച്ച് ആദ്യ ഫൈഫര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് അര്‍ഷ്ദീപ് പുതിയ റെക്കോഡിട്ടത്.

കരിയറിലെ മൂന്നാം ഏകദിനത്തിലാണ് അര്‍ഷ്ദീപ് ആദ്യ ഫൈഫര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബിന്നിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അര്‍ഷ്ദീപ്.

ഇന്ത്യക്കായി ആദ്യ ഏകദിന ഫൈഫര്‍ സ്വന്തമാക്കാന്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 3

സ്റ്റുവര്‍ട്ട് ബിന്നി – 3

സഞ്ജീവ് ശര്‍മ – 7

അര്‍ഷാദ് അയ്യൂബ് – 12

എസ്. ശ്രീശാന്ത് – 13

മൂന്നാം മത്സരത്തിലാണ് ബിന്നിയും അര്‍ഷ്ദീപും ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് എന്ന യാദൃശ്ചികതക്കൊപ്പം തന്നെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവര്‍ക്കും വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല എന്നത് മറ്റൊരു യാദൃശ്ചികതയാണ്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ 19നാണ് പരമ്പരയിലെ രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

Content highlight: Arshdeep Singh equals Start Binny’s record

We use cookies to give you the best possible experience. Learn more