| Saturday, 5th November 2022, 3:34 pm

ഈ കൊച്ചുപയ്യന് മുമ്പില്‍ ബുംറ വീഴുമോ? ബുംറയെ ആ സിംഹാസനത്തില്‍ നിന്നും പടിയിറക്കാന്‍ അര്‍ഷ്ദീപ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തില്‍ കരുത്താകുന്നത് യുവതാരം അര്‍ഷ്ദീപ് സിങ്ങാണ്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് അര്‍ഷ്ദീപ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയാണ്.

സൂര്യകുമാറിനെ പോലെ ഹര്‍ദിക് പാണ്ഡ്യയെ പോലെ ജസ്പ്രീത് ബുംറയെ പോലെ ഐ.പി.എല്‍ തന്നെയാണ് അര്‍ഷ്ദീപിനെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത്. പഞ്ചാബ് കിങ്‌സിന്റെ ബൗളിങ് നിരയിലെ പ്രധാനിയാണ് അര്‍ഷ്ദീപ്.

2022 ഐ.പി.എല്ലിന് ശേഷമാണ് അര്‍ഷ്ദീപിന് ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്. ലഭിച്ച അവസരങ്ങളെല്ലാം തന്നെ കൃത്യമായി വിനിയോഗിച്ചാണ് അര്‍ഷ്ദീപ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയതും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയതും.

എന്നാലിപ്പോള്‍ ഇന്ത്യയുടെ ഫൈവ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ റെക്കോഡിന് ഭീഷണിയുയര്‍ത്താനുള്ള ഒരുക്കത്തിലാണ് അര്‍ഷ്ദീപ് സിങ്.

ഇന്ത്യക്കായി അരങ്ങേറിയ വര്‍ഷത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന ജസ്പ്രീത് ബുംറയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് നിലവില്‍ അര്‍ഷ്ദീപ്.

2016ല്‍, തന്റെ അരങ്ങേറ്റ വര്‍ഷത്തില്‍ 28 വിക്കറ്റാണ് ബുംറ പിഴുതത്. എന്നാല്‍ ആറ് വര്‍ഷത്തിനിപ്പുറം ബുംറയുടെ റെക്കോഡിന് ഭീഷണിയായാണ് അര്‍ഷ്ദീപ് എത്തിയിരിക്കുന്നത്.

2022ല്‍ ഇതിനോടകം തന്നെ 28 വിക്കറ്റ് അര്‍ഷ്ദീപ് തന്റെ പേരിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പെയ്‌നിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2022 ലോകകപ്പില്‍ നാല് മത്സരത്തില്‍ നിന്നും ഇതിനോടകം തന്നെ ഒമ്പത് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് നിലവില്‍ അര്‍ഷ്ദീപ്.

ഏഴ് മത്സരത്തില്‍ നിന്നും 13 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കയാണ് പട്ടികയിലെ ഒന്നാമന്‍.

ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ – സിംബാബ്‌വേ മത്സരത്തില്‍ ഒരു വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാല് സ്ഥാനം മെച്ചപ്പെടുത്താന്‍ അര്‍ഷ്ദീപിന് സാധിക്കും. എല്ലാത്തിലുമുപരി അരേങ്ങേറ്റ വര്‍ഷത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് സ്വന്തമാക്കാനും താരത്തിനാവും.

ഷെവ്‌റോണ്‍സിനെതിരെയുള്ള മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ആധികാരികമായി സെമിയിലെത്താം.

Content Highlight: Arshdeep Singh equals Jasprit Bumrah’s record of most wickets in debut year

We use cookies to give you the best possible experience. Learn more