| Thursday, 5th January 2023, 8:33 pm

ഇതൊരുമാതിരി നാണംകെട്ട ഹാട്രിക്കായി പോയി; നാണക്കേടിന്റെ സ്വന്തം റെക്കോഡ് തിരുത്തിയെഴുതി അര്‍ഷ്ദീപ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസേസിയേഷന്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങിയത്.

പരിക്കേറ്റ് പുറത്തായ സഞ്ജു സാംസണ് പകരം അരങ്ങേറ്റക്കാരന്‍ രാഹുല്‍ ത്രിപാഠിയും ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പുറത്താകേണ്ടി വന്ന ഹര്‍ഷല്‍ പട്ടേലിന് പകരം യുവതാരം അര്‍ഷ്ദീപ് സിങ്ങും ടീമില്‍ ഇടം നേടിയിരുന്നു.

എന്നാല്‍ ടീമിലെത്തിയതിന് പിന്നാലെ ഒരു മോശം റെക്കോഡും അര്‍ഷ്ദീപ് സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ ഒരു ഓവറില്‍ തുടര്‍ച്ചയായി ഏറ്റവുമധികം നോ ബോള്‍ എറിയുന്ന ഇന്ത്യന്‍ താരം എന്ന അനാവശ്യ റെക്കോഡാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

തന്റെ സ്‌പെല്ലിലെ ആദ്യ ഓവറില്‍ തന്നെയായിരുന്നു അര്‍ഷ്ദീപിന് ഈ മോശം റെക്കോഡ് കൈവന്നത്. തുടര്‍ച്ചയായി മൂന്ന് നോ ബോള്‍ എറിഞ്ഞ് താരം ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ്. ഈ മോശം റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ താരവും അര്‍ഷ്ദീപ് തന്നെ.

കഴിഞ്ഞ വര്‍ഷം അര്‍ഷ്ദീപ് തുടര്‍ച്ചയായി രണ്ട് നോ ബോളും എറിഞ്ഞിരുന്നു.

ആ ഓവറില്‍ 19 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. 2023ലെ ആദ്യ ഓവറില്‍ തന്നെ ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതിന്റെ നിരാശയിലാണിപ്പോള്‍ അര്‍ഷ്ദീപ് സിങ്.

ലങ്കന്‍ ഇന്നിങ്‌സ് 16 ഓവര്‍ പിന്നിടുമ്പോള്‍ ഒറ്റ ഓവര്‍ മാത്രമാണ് അര്‍ഷദീപ് എറിഞ്ഞിട്ടുള്ളത്.

16 ഓവര്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക 138 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്. ഉമ്രാന്‍ മാലിക് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും ചഹല്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

ക്യാപ്റ്റന്‍ ദാസുന്‍ ഷണകയും ചമീക കരുണ രത്‌നെയുമാണ് ലങ്കക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ശിവം മാവി, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രാജപക്സ, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ചമീക കരുണരത്നെ, മഹീഷ് തീക്ഷണ, കാസുന്‍ രാജിത, ദില്‍ഷന്‍ മധുശങ്ക.

Content Highlight: Arshdeep Singh creates unwanted record by bowling 3 consecutive no balls

We use cookies to give you the best possible experience. Learn more