അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിന് തുടക്കമായിരിക്കുകയാണ്. പഞ്ചാബിലെ മൊഹാലി സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത്. എറിഞ്ഞ ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ് അര്‍ഷ്ദീപ് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയത്.
ആദ്യ ഓവറിലെ ആറാം പന്തിലും അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിന് ഒരു റണ്‍സ് പോലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അര്‍ഷ്ദീപിന്റെ പേരില്‍ ഒരു റെക്കോഡും പിറന്നിരുന്നു.
ഒരു അന്താരാഷ്ട്ര ടി-20 മാച്ചിലെ ആദ്യ ഓവര്‍ മെയ്ഡനാക്കുന്ന മൂന്നാമത് മാത്രം ഇന്ത്യന്‍ ഇടംകയ്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. 2016നും 2017നും ശേഷം 2024ലാണ് ഈ നേട്ടം ഇപ്പോള്‍ ആവര്‍ത്തിക്കപ്പെട്ടത്.
ഈ നേട്ടം സ്വന്തമാക്കിയ താരങ്ങളെ പരിശോധിക്കാം,
(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ബരീന്ദര്‍ ശ്രണ്‍ – സിംബാബ്‌വേ – 2016
ആശിഷ് നെഹ്‌റ – ഇംഗ്ലണ്ട് – 2017
അര്‍ഷ്ദീപ് സിങ് – അഫ്ഗാനിസ്ഥാന്‍ – 2024
അതേസമയം, മത്സരത്തില്‍ ബാറ്റിങ് തുടരുന്ന അഫ്ഗാനിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് രണ്ടാമതായി നഷ്ടമായത്. 22 പന്തില്‍ 25 റണ്‍സ് നേടി നില്‍ക്കവെ ശിംവം ദുബെയാണ് വിക്കറ്റ് നേടിയത്. 28 പന്തില്‍ 23 റണ്‍സടിച്ച ഗുര്‍ബാസിന്റെ വിക്കറ്റാണ് അഫ്ഗാനിസ്ഥാന് ആദ്യം നഷ്ടമായത്.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 53ന് രണ്ട് എന്ന നിലയിലാണ് അഫ്ഗാന്‍ ഓരോ രണ്ട് പന്ത് വീതം നേരിട്ട് ഓരോ റണ്‍സ് വീതം നേടി അസ്മത്തുള്ള ഒമര്‍സായിയും റഹ്‌മത് ഷായുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, റഹ്‌മത് ഷാ, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജന്നത്, ഗുലാബ്ദീന്‍ നായിബ്, ഫസലാഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍.
Content Highlight: Arshdeep Singh created a new record