അനിയനോടൊന്നും തോന്നല്ലേ, ലോകകപ്പ് കളിക്കാന്‍ വന്നതാണേ; ബുംറയുടെ അടുത്ത റെക്കോഡും ചാരം; ഇത്തവണ അര്‍ഷ്ദീപ്
Sports News
അനിയനോടൊന്നും തോന്നല്ലേ, ലോകകപ്പ് കളിക്കാന്‍ വന്നതാണേ; ബുംറയുടെ അടുത്ത റെക്കോഡും ചാരം; ഇത്തവണ അര്‍ഷ്ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th November 2022, 6:54 pm

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ആധികാരികമായി വിജയിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. 71 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ നിറഞ്ഞാടിയ മത്സരമായിരുന്നു. ബാറ്റിങ് നിരയില്‍ സൂര്യകുമാറും കെ.എല്‍. രാഹുലും ഹര്‍ദിക് പാണ്ഡ്യയും നിറഞ്ഞാടിയപ്പോള്‍ ബൗളിങ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തിയിരുന്നു.

യുവതാരം അര്‍ഷ്ദീപ് സിങ്ങും വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് നേടിയത്. സൂപ്പര്‍ താരം റെഗിസ് ചക്കാബ്‌വയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് അര്‍ഷ്ദീപ് വിക്കറ്റ് ആഘോഷിച്ചത്.

ഈയൊരു ഒറ്റ വിക്കറ്റിന് പിന്നാലെ ഒരു ഗംഭീര റെക്കോഡും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ വര്‍ഷം തന്നെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ മറികടന്നാണ് താരം പുതിയ റെക്കോഡ് കൈപ്പിടിയിലൊതുക്കിയത്.

2016ല്‍, തന്റെ അരങ്ങേറ്റ വര്‍ഷത്തില്‍ 28 വിക്കറ്റാണ് ബുംറ പിഴുതത്. എന്നാല്‍ ആറ് വര്‍ഷത്തിനിപ്പുറം ബുംറയുടെ റെക്കോഡിന് ഭീഷണിയായാണ് അര്‍ഷ്ദീപ് എത്തിയിരിക്കുന്നത്.

2022ല്‍ ഇതിനോടകം തന്നെ 29 വിക്കറ്റ് അര്‍ഷ്ദീപ് തന്റെ പേരിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പെയ്നിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2022 ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്നും ഇതിനോടകം തന്നെ പത്ത് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറാനും അര്‍ഷ്ദീപിനായി. ഇതുവരെ 141 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലെ ഏക ഇന്ത്യന്‍ ബൗളറും അര്‍ഷ്ദീപ് മാത്രമാണ്.

 

മത്സരത്തിലെ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ കടന്നിരുന്നു. സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് വണ്ണിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. നവംബര്‍ പത്തിന് അഡ്ലെയ്ഡില്‍ വെച്ചാണ് മത്സരം.

 

Content Highlight: Arshdeep Singh brakes Jasprit Bumrah’s record