അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ക്ക് മുമ്പില്‍ 173 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. സൂപ്പര്‍ താരം ഗുലാബ്ദീന്‍ നായിബിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാന്‍ ഇന്ത്യക്ക് മുമ്പില്‍ മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് ആദ്യ ലീഗല്‍ ഡെലിവെറിക്ക് മുമ്പ് തന്നെ രണ്ട് റണ്‍സ് ലഭിച്ചിരുന്നു. ആദ്യ ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് സിങ് ആദ്യ രണ്ട് പന്തും വൈഡ് എറിഞ്ഞതോടെയാണ് എക്‌സ്ട്രാസിലൂടെ അഫ്ഗാന്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡാണ് അര്‍ഷ്ദീപിനെ തേടിയെത്തിയത്. 2022 മുതല്‍ ഏറ്റവുമധികം വൈഡ് എറിയുന്ന താരം എന്ന മോശം റെക്കോഡാണ് അര്‍ഷ്ദീപ് തന്റെ പേരില്‍ സ്വന്തമാക്കിയത്.
51 വൈഡുകളാണ് 2022 മുതല്‍ അര്‍ഷ്ദീപ് എറിഞ്ഞത്. അയര്‍ലന്‍ഡ് താരം മാര്‍ക് അഡയറിനെ മറികടന്നാണ് താരം വൈഡില്‍ ഒന്നാമതെത്തിയത്. മത്സരത്തില്‍ താരം പിന്നെയും വൈഡുകള്‍ എറിഞ്ഞിരുന്നു.
2022 മുതല്‍ ഏറ്റവുമധികം വൈഡ് എറിഞ്ഞ താരങ്ങള്‍
അര്‍ഷ്ദീപ് സിങ് – 52*
മാര്‍ക് അഡയര്‍ – 50
ജേസണ്‍ ഹോള്‍ഡര്‍ – 39
റൊമാരിയോ ഷെപ്പേര്‍ഡ് – 34
രവി ബിഷ്‌ണോയ് – 29
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി അര്‍ഷ്ദീപ് റെക്കോഡിട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് മാത്രം ഇന്ത്യന്‍ ഇടംകയ്യന്‍ ബൗളര്‍ എന്ന റെക്കോഡാണ് അര്‍ഷ്ദീപ് നേടിയത്. ആദ്യ മത്സരത്തില്‍ മികച്ച നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയതെങ്കില്‍ മോശം നേട്ടമാണ് രണ്ടാം മത്സരത്തില്‍ തേടിയെത്തിയത്.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു. അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ശിവം ദുബെ ഒരു വിക്കറ്റും നേടി.
അഫ്ഗാനിസ്ഥാനായി ഗുലാബ്ദീന്‍ നായിബ് 35 പന്തില്‍ 57 റണ്‍സ് നേടി. നാല് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ടി-20യില്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത് അഫ്ഗാന്‍ താരം എന്ന നേട്ടവും നായിബ് സ്വന്തമാക്കി.
നജീബുള്ള സദ്രാന്‍ 21 പന്തില്‍ 23 റണ്‍സടിച്ചി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ഒമ്പത് പന്തില്‍ 21 റണ്‍സും കരീം ജന്നത് പത്ത് പന്തില്‍ 20 റണ്‍സ് നേടിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.
Content highlight: Arshdeep Singh bowled most wides since 2022