| Thursday, 2nd June 2022, 7:08 pm

ഇതൊക്കെ കേട്ടാല്‍ ആരുടെ അടിവയറ്റിലും പൂമ്പാറ്റകള്‍ പറക്കും; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആവേശം അടങ്ങിയതോടെ ഇന്ത്യന്‍ ടീം തങ്ങളുടെ പരമ്പരയും ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുമായാണ് മുന്നോട്ട് പോവുന്നത്. ഐ.പി.എല്ലില്‍ തിളങ്ങിയ പല താരങ്ങളേയും ബി.സി.സി.ഐ വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടുമുണ്ട്.

അത്തരത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ച താരങ്ങളില്‍ ഒരാളായിരുന്നു പഞ്ചാബ് കിംഗ്‌സിന്റെ പേസര്‍ അര്‍ഷ്ദീപ് സിംഗ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരിയില്‍ ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിയുകയാണ് അര്‍ഷ്ദീപ്.

പഞ്ചാബിനായി തന്റെ നൂറ് ശതമാനവും പുറത്തെടുത്തതോടെയാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയത്.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അര്‍ഷ്ദീപ് സിംഗ്. എന്‍.ഡി.ടി.വിയോടാണ് താരം മനസുതുറക്കുന്നത്.

‘ഞങ്ങള്‍ ഞായറാഴ്ച ടീം ബസ്സില്‍ സഞ്ചരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ മെസേജ് ലഭിച്ചത്. അപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ഒരു ഊഹവുമുണ്ടായിരുന്നില്ല.

ഇപ്പോഴെനിക്ക് ഒരുപാട് അഭിനന്ദന സന്ദേശങ്ങള്‍ വരുന്നുണ്ട്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ട്. എനിക്കൊപ്പം നിന്നവരോട് ഞാന്‍ നന്ദി പറയുകയാണ്,’ താരം പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് വളരെ വലുതാണെന്നും താരം പറയുന്നു. ‘നിങ്ങള്‍ എത്രത്തോളം മത്സരങ്ങള്‍ കളിച്ചാലും ഇത് കേല്‍ക്കുമ്പോള്‍ വയറില്‍ പൂമ്പാറ്റകള്‍ പറക്കുന്ന അനുഭവമായിരിക്കും. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇത് തന്നെയാണ് എന്റെ ആവേശവും,’ താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ടീമിലെത്താനുള്ളതിന്റെ എല്ലാ ക്രെഡിറ്റും പഞ്ചാബ് കിംഗ്‌സിന്റെ പരിശീലകര്‍ക്കാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ കരിയറില്‍ ഐ.പി.എല്‍ അടക്കം 49 ടി-20 മത്സരങ്ങളാണ് താരം കളിച്ചത്. 8 എക്കോണമിയില്‍ 52 വിക്കറ്റ് പിഴുതെടുത്ത അര്‍ഷ്ദീപ് അഞ്ച് വിക്കറ്റ് നേട്ടവും തന്റെ പേരിലാക്കിയിട്ടുണ്ട്.

Content Highlight: Arshdeep Singh about his first opportunity to play for the Indian team

We use cookies to give you the best possible experience. Learn more