| Sunday, 17th December 2023, 8:59 pm

സിങ്ങിന്റെ ഗര്‍ജനത്തില്‍ വീണത് മുനാഫ് പട്ടേലും; തിരുത്തിയെഴുതിയത് ഒരു വ്യാഴവട്ടത്തിന്റെ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്.

സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

പത്ത് ഓവര്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ ഏകദിന കരിയറിലെയും അന്താരാഷ്ട്ര കരിയറിലെയും ആദ്യ ഫൈഫര്‍ നേട്ടമാണിത്.

സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ പേസറുടെ ആദ്യ ഫൈഫര്‍ എന്ന നേട്ടവും ഇതോടൊപ്പം പിറന്നിരുന്നു.

ഇതിന് മുമ്പ് മുനാഫ് പട്ടേലിന്റെ പേരിലായിരുന്നു സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോഡുണ്ടായിരുന്നത്.

2011ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് മുനാഫ് അന്ന് ഒന്നാം സ്ഥാനത്തെത്തിയത്.

എന്നാല്‍ ഇന്നത്തെ മത്സരത്തിന് പിന്നാലെ മുനാഫ് പട്ടേല്‍ ഈ റെക്കോഡ് നേട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. സൂപ്പര്‍ താരം ആവേശ് ഖാന്‍ 27 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മുനാഫ് പട്ടേലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.

സൗത്ത് ആഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിങ്ങല്ല. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആശിഷ് നെഹ്‌റയാണ് സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഫൈഫര്‍ നേടിയ ആദ്യ ഇന്ത്യന്‍ ബൗളര്‍.

2003 ലോകകപ്പിലാണ് നെഹ്‌റ ഈ നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്തത്. ഡര്‍ബിനില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് വീഴ്ത്തിയാണ് നെഹ്‌റ റെക്കോഡിട്ടത്.

സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന്റെ പേരിലാണ്. 2018ല്‍ നടന്ന മത്സരത്തില്‍ 22 റണ്‍സ് വഴങ്ങിയാണ് ചഹല്‍ അഞ്ച് വിക്കറ്റ് നേടിയത്.

അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്. ഡിസംബര്‍ 19നാണ് പരമ്പരയിലെ രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

Content highlight: Arshdeep Simngh surpassed Munaf Patel

We use cookies to give you the best possible experience. Learn more