കല്‍ക്കിയില്‍ പ്രഭാസ് ഒരു കോമാളിയെ പോലെ: അര്‍ഷാദ് വര്‍ഷി
Movie Day
കല്‍ക്കിയില്‍ പ്രഭാസ് ഒരു കോമാളിയെ പോലെ: അര്‍ഷാദ് വര്‍ഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th August 2024, 9:33 am

 

തന്റെതായ ശൈലിയില്‍ ഹിന്ദി ചലച്ചിത്ര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അര്‍ഷാദ് വര്‍ഷി. അമിതാഭ് ബച്ചന്റെ ആദ്യ നിര്‍മാണ സംരംഭമായ തേരെ മേരെ സപ്‌നെ എന്ന ചിത്രത്തിലാണ് അര്‍ഷാദ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം നിരവധി ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി.

2898 എ.ഡിയിലെ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ലോകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക പദുകോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, അന്ന ബെന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 600 കോടി ബഡ്ജറ്റില്‍ വന്ന കല്‍ക്കി 2898 എ.ഡി തിയേറ്ററുകളില്‍ നിന്ന് 1100 കോടിയിലേറെ രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്.

കല്‍ക്കി 2898 എ.ഡി കണ്ടതിന് ശേഷം തനിക്കുണ്ടായ വലിയ നിരാശയെക്കുറിച്ച് പറയുകയാണ് അര്‍ഷാദ് വര്‍ഷി. അണ്‍ഫില്‍റ്റെര്‍ഡ് ബൈ സംദിഷ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ പ്രഭാസ് ഒരു കോമാളിയെ പോലെ ആണെന്നും എന്താണ് അദ്ദേഹം അവിടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും മനസിലാകുന്നില്ലെന്ന് പറയുകയാണ് അര്‍ഷാദ് വര്‍ഷി.

അതേസമയം തന്നെ ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് അദ്ദേഹം. അമിതാഭ് ബച്ചന്‍ ഒരു അണ്‍ റിയല്‍ ആയിട്ടുള്ള മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ കഴിവ് യഥാര്‍ത്ഥ ജീവിതത്തില്‍ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്നും അര്‍ഷാദ് വര്‍ഷി കൂട്ടിച്ചേര്‍ത്തു.

‘കല്‍ക്കി കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ അമിതാഭ് ബച്ചന്‍ എന്നെ അത്ഭുതപ്പെടുത്തി. എന്തൊരു മനുഷ്യനാണ് അദ്ദേഹം. എനിക്ക് ആ മനുഷ്യന്‍ എന്താണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ ശക്തി കിട്ടിയാല്‍ ജീവിതം എളുപ്പമാണ്. അത്രയും അസാധ്യമാണ് അമിതാഭ് ബച്ചന്‍.

ചിത്രത്തിലെ പ്രഭാസിന്റെ കാര്യത്തിലാണ് സങ്കടം തോന്നുന്നത്.അത് കണ്ടിട്ട് എനിക്ക് ഒരുപാട് വിഷമം തോന്നി. ഒരു കോമാളിയെ പോലെ ആയിരുന്നു സിനിമയില്‍ പ്രഭാസ്. ഞാന്‍ അവിടെ ഒരു മാഡ് മാക്സ്സിനെയൊക്കയാണ് പ്രതീക്ഷിക്കുന്നത്, പക്ഷെ പ്രഭാസ് വല്ലാതെ നിരാശപ്പെടുത്തി.

സിനിമയില്‍ എന്താണ് അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്നതെന്നൊന്നും മനസിലാക്കാന്‍ കഴിയുന്നില്ല. എന്തിനാണ് അങ്ങനെ അദ്ദേഹം സിനിമ ചെയ്തതെന്ന് മനസിലാകുന്നില്ല,’ അര്‍ഷാദ് വര്‍ഷി പറയുന്നു.

Content Highlight: Arshad Warsi talks about Prabhas’s and Amitabh Bachchan’s  performance in  Kalki 2898 AD movie