| Tuesday, 9th August 2022, 5:50 pm

കരിയര്‍ ബെസ്റ്റ് ത്രോയ്‌ക്കൊപ്പം തിരുത്തിയത് നീരജിന്റെ റെക്കോഡും; ബെര്‍മിങ്ഹാമില്‍ തിളങ്ങി പാകിസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ റെക്കോഡ് നേട്ടത്തോടെയാണ് പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഒന്നാം സ്ഥാനത്തെത്തിയത്. 90.18 മീറ്റര്‍ ചാടികടന്ന അര്‍ഷാദിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് കൂടിയാണ് ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് സാക്ഷ്യം വഹിച്ചത്.

അതേസമയം ഇന്ത്യന്‍ താരം നീരജ് ചോപ്ര ടോകിയോ ഒളിംപിക്‌സില്‍ നേടിയ റെക്കോഡ് തിരുത്തിയാണ് അര്‍ഷാദ് സ്വര്‍ണം എറിഞ്ഞിട്ടത്. 2020ല്‍ നടന്ന ടോകിയോ ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് റെക്കോഡ് കുറിച്ചത്. വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കവേയേറ്റ പരിക്ക് മൂലം നീരജ് ഇപ്രാവശ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തിരുന്നില്ല.

അര്‍ഷാദിനെ അഭിനന്ദിച്ച് നീരജ് രംഗത്തെത്തിയിരുന്നു. ‘സ്വര്‍ണം നേടിയതിനും റെക്കോഡ് തകര്‍ത്തതിനും അഭിനന്ദനങ്ങള്‍ അര്‍ഷാദ് ഭായി. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് ആശംസകള്‍,’ നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും ബെര്‍മിങ്ഹാമിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു.

നീരജിന് പകരക്കാരനായി ഇന്ത്യയെ പ്രതിനിധീകരിച്ച ഡി.പി. മനു അഞ്ചാം സ്ഥാനത്തെത്തി. 82.28 മീറ്ററാണ് മനു എറിഞ്ഞിട്ടത്. മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത് യാദവ് 82.22 മീറ്റര്‍ എറിഞ്ഞ് ആറാം സ്ഥാനത്തും എത്തി.

22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടി 61 പോയിന്റ് നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 67 സ്വര്‍ണം നേടി 178 പോയിന്റുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 176 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 92 പോയിന്റുമായി കാനഡ മൂന്നാമതുമാണ്.

Content Highlight: Arshad nadeem broke the record achieved by Neeraj Chopra in Tokyo Olympics

We use cookies to give you the best possible experience. Learn more